പാലക്കാട് ∙ മലമ്പുഴ ഡാമിൽ നിന്നുള്ള ശുദ്ധജല വിതരണത്തിലെ പ്രശ്നം പരിഹരിച്ച്, പമ്പിങ് പുനരാരംഭിച്ചു. ഇന്നു വൈകിട്ടോടെ വെള്ളം എത്തുമെന്നു ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ കെ.ജി.അജേഷ് കുമാർ അറിയിച്ചു.
കൊച്ചിയിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ജല അതോറിറ്റി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ ചേർന്നു 12 മണിക്കൂറോളം നടത്തിയ ശ്രമങ്ങളാണു ഫലം കണ്ടത്. ഇൻടേക് വാൽവിലുണ്ടായിരുന്ന തടസ്സങ്ങളായിരുന്നു ശുദ്ധജല വിതരണത്തെ ബാധിച്ചത്.
മുങ്ങൽ വിദഗ്ധർ വെള്ളത്തിനടിയിൽ നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. തുടർന്ന് വാൽവ് മുകളിലേക്കുയർത്തി അറ്റകുറ്റപ്പണി നടത്തി.
മൂന്നു വാൽവിലും അടിഞ്ഞു കൂടിയ മാലിന്യങ്ങളും നീക്കം ചെയ്തു. രാത്രി ഏഴോടെയാണു പമ്പിങ് പുനരാരംഭിച്ചത്.
ഇൻടേക് വാൽവിലെ പ്രശ്നം കാരണം പാലക്കാട് നഗരസഭ, മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മുണ്ടൂർ, പിരായിരി, മരുതറോഡ്, പുതുശ്ശേരി പഞ്ചായ ത്തുകളിൽ രണ്ടു ദിവസമായി വെള്ളം മുടങ്ങിയിരുന്നു.
ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ ബേബി ജോർജ്, എക്സിക്യൂട്ടീവ് എൻജിനീയർ കെ.ജി.അജേഷ് കുമാർ, പ്രൊജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ കെ.പ്രമോദ്, അസിസ്റ്റന്റ് എൻജിനീയർമാരായ അനീഷ് ദേവസ്സി, കെ.അക്ഷയ്, എസ്.മധുസൂദനൻ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായുന്നു അറ്റകുറ്റപ്പണി. പാലക്കാട് നഗരസഭാധ്യക്ഷൻ പി.സ്മിതേഷ് സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
എന്താണ് ഇൻടേക് വാൽവിനു സംഭവിച്ചത് ?
മലമ്പുഴ ഡാമിൽ നിന്നു മൂന്ന് ഇൻടേക് വാൽവുകൾ വഴിയാണു ശുദ്ധജല വിതരണത്തിനു വെള്ളമെടുക്കുന്നത്.
മൂന്നു വാൽവിനും സുരക്ഷയ്ക്കായി മുകളിൽ ഷീറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ മൂന്നാമത്തെ വാൽവിന്റെ ഷീറ്റ് പൊട്ടി ഇതേ വാൽവിന്റെ മുകളിലേക്കു വീണു.
ഷീറ്റിന്റെ ഭാരം താങ്ങാനാകാതെ വാൽവിന്റെ ചെയിനും പൊട്ടി. വാൽവ് താഴേക്കു പതിച്ചു.
ഇതോടെ വാൽവിൽ മരത്തടി, പ്ലാസ്റ്റിക് കുപ്പികൾ, പായൽ, പൊട്ടിയ വല, ചെളി എന്നിവ ഉൾപ്പെടെ മാലിന്യങ്ങൾ അടിഞ്ഞുകൂടി. ഇതോടെ വാൽവിലേക്കു വെള്ളം കയറുന്നതു തടസ്സപ്പെട്ടു.
വാൽവിലെ ചെയിൻ വെൽഡ് ചെയ്തു യോജിപ്പിച്ചു. സുരക്ഷാ ഷീറ്റും പുതിയതു സ്ഥാപിച്ചു.
മാലിന്യവും നീക്കം ചെയ്താണു പമ്പിങ് പുനരാരംഭിച്ചത്. 115.06 മീറ്റർ പരമാവധി സംഭരണ നിരപ്പുള്ള മലമ്പുഴ ഡാമിൽ 114, 104, 94 മീറ്റർ നിരപ്പിലുള്ള ഇൻടേക് വാൽവുകൾ വഴിയാണു ശുദ്ധജല വിതരണത്തിനുള്ള വെള്ളം പമ്പ് ചെയ്തെടുക്കുന്നത്.
ഡാമിൽ നിന്നു പമ്പ് ചെയ്തെടുക്കുന്ന ജലം ബൂസ്റ്റർ സ്റ്റേഷൻ വഴി ഫിൽറ്റർ സ്റ്റേഷനിലെത്തിച്ചു ശുദ്ധീകരിച്ച ശേഷമാണു വിതരണം ചെയ്യുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

