പ്രവാസി മലയാളികളുടെ ‘പറുദീസ’ എന്ന പെരുമയുള്ള ദുബായിയും അബുദാബിയും ‘യുദ്ധക്കെടുതി’യിലേക്ക് വഴുതിവീഴുമെന്ന് സ്വപ്നത്തിൽപോലും ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. യുഎഇയിലും സൗദിയിലും ഖത്തറിലുമെല്ലാം മിസൈലുകൾ തലയ്ക്കുമീതെ പായുന്നോ എന്ന ഭയം അലയടിക്കുന്ന അവസ്ഥ.
ഇറാനും ഇറാഖും സിറിയയും യെമനുമെല്ലാം സമീപകാലത്തൊക്കെ യുദ്ധസാഹചര്യങ്ങളിലേക്ക് വീണപ്പോഴും ഇതൊന്നും തീരെ ബാധിക്കാതിരുന്ന ഗൾഫ് രാഷ്ട്രമായിരുന്നു യുഎഇ. ഇപ്പോഴിതാ, ദശാബ്ദങ്ങൾക്ക് ശേഷം യുഎഇയും ആക്രമണത്തിന് ഇരയായിരിക്കുന്നു.
പ്രവാസികൾ, നിക്ഷേപകർ, ബിസിനസുകാർ, ശതകോടീശ്വരന്മാർ, ഷോപ്പിങ് ഇഷ്ടപ്പെടുന്നവർ, വിനോദ സഞ്ചാരികൾ എന്നിവരുടെ പ്രിയരാജ്യമായ, ലോകത്തിന്റെ പുതുപുത്തൻ ‘ഫിനാൻഷ്യൽ’, ‘റിയൽ എസ്റ്റേറ്റ്’ ഹബ്ബായി വളരുന്ന യുഎഇയെയാണ് ‘ഇറാൻ യുദ്ധം’ പൊടുന്നനേ വലച്ചുകളഞ്ഞത്.
ഒമാനൊഴികെ മറ്റെല്ലാ ജിസിസി രാഷ്ട്രങ്ങളെയും ഇറാൻ ആക്രമിച്ചു. ഇവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങളാണ് ഉന്നംവച്ചത്.
ഇറാൻ തൊടുത്ത മിസൈലുകൾ മിക്കതുംതന്നെ യുഎഇയും മറ്റും വിജയകരമായി തകർത്തു. എന്നാൽ, ചില മിസൈലുകളോ അവയുടെ അവശിഷ്ടങ്ങളോ ജനവാസമേഖലയിൽ പതിച്ചു.
അങ്ങനെയാണ് അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടത്.
പ്രവാസികളെ ബാധിക്കുന്നത് എങ്ങനെ?
ആറ് ജിസിസി രാഷ്ട്രങ്ങളിലുമായി ഏകദേശം 90 ലക്ഷം ഇന്ത്യൻ പ്രാസികളുണ്ടെന്നാണ് കണക്ക്. ഇതിൽ മുന്തിയപങ്കും മലയാളികളാണ്.
യുഎഇയിലാണ് ഇന്ത്യക്കാർ ഏറ്റവുമധികം, 34 ലക്ഷം. സൗദിയിൽ 26 ലക്ഷം പേർ.
കുവൈത്തിൽ 10.3 ലക്ഷം. ഒമാനിൽ 7.8 ലക്ഷം.
ഖത്തറിൽ 7.5 ലക്ഷം. ബഹ്റൈനിൽ 3.26 ലക്ഷം.
ഇസ്രയേലിൽ ഒരുലക്ഷം പേരുണ്ട്. ഇറാനിനുള്ളത് 4,400ഓളം പേർ.
ഇവരെയെല്ലാം ഇപ്പോഴത്തെ യുദ്ധം പരോക്ഷമായി ബാധിച്ചു.
∙ ഗൾഫ് മേഖലയിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് താറുമാറായത് ആയിരക്കണക്കിന് പേരെ വലച്ചു.
∙ ഒരിക്കലും അടയ്ക്കില്ലെന്ന പെരുമയുള്ള ദുബായ് വിമാനത്താവളം പോലും അടയ്ക്കേണ്ടിവന്നു. ∙ ജിസിസി രാഷ്ട്രങ്ങളിലെ മൊത്തം രാജ്യാന്തര യാത്രക്കാരിൽ 50 ശതമാനവും ഇന്ത്യക്കാരാണ്.
∙ ഇന്ത്യക്കാരുടെ വിദേശയാത്രയിൽ 29 ശതമാനം യുഎഇയിലേക്കാണ്.
∙ സർവീസുകൾ താളംതെറ്റിയതും വ്യോമപാതകൾ അടച്ചതും ഇന്ത്യൻ വിമാനക്കമ്പനികളെ സാമ്പത്തികമായി ബാധിക്കും. ഇവ വിമാനടിക്കറ്റ് നിരക്ക് ഉയർത്തിയേക്കാം.
ഇത് പ്രവാസികളെ വലയ്ക്കും.
പ്രവാസി പണമൊഴുക്ക്
ഇന്ത്യയിലേക്ക് എത്തുന്ന മൊത്തം പ്രവാസിപ്പണത്തിൽ 38 ശതമാനവും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. ഇതിൽ ഏതാണ്ട് പാതിയും യുഎഇയിൽ നിന്ന്.
പ്രവാസിപ്പണത്തിന്റെ നല്ലൊരു പങ്കും ഒഴുകുന്നതാകട്ടെ കേരളത്തിലേക്കും. ഗൾഫ് മേഖല പ്രതിസന്ധിയിലേക്ക് വീണാൽ അതു കേരളത്തെ സാരമായി ബാധിക്കും.
കേരളത്തിന്റെ വ്യാപാരം, വാണിജ്യം, റിയൽ എസ്റ്റേറ്റ്, ബാങ്കിങ്, വിദ്യാഭ്യാസ മേഖലകളുടെ നട്ടെല്ലാണ് പ്രവാസിപ്പണം.
റിയൽ എസ്റ്റേറ്റ് പ്രതിസന്ധി
സിംഗപ്പുർ, ലണ്ടൻ എന്നിവയെ മറികടന്ന് ലോകത്തിന്റെ പുതുപുത്തൻ ഫിനാൻഷ്യൽ ഹബ്ബായി ദുബായ് അതിവേഗം വളരുന്നതിനിടെയാണ് അപ്രതീക്ഷിതമായ യുദ്ധക്കെടുത്തി. ‘സുരക്ഷിത താവളം’ (സേഫ്-ഹാവൻ) എന്ന പ്രതിച്ഛായയ്ക്ക് ഇളക്കംതട്ടിയാൽ അത് പ്രതിസന്ധിയാകും.
പാം ജുമൈറ പോലെ അതിസമ്പന്നരുടെയും റിയൽ എസ്റ്റേറ്റ് ഇടപാടുകാരുടെയും ഇഷ്ട ലൊക്കേഷനിലും ഇറാൻ ആക്രമണം നടത്തിയെന്നത് വൻ തിരിച്ചടിയാണ്.
∙ 2025ൽ 187 ബില്യൻ മതിക്കുന്ന (ഏകദേശം 16.84 ലക്ഷം കോടി രൂപ) 2.15 ലക്ഷം റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ദുബായിയിൽ നടന്നിരുന്നു.
∙ സമീപകാലത്ത് ഇന്ത്യയിൽ നിന്നുൾപ്പെടെ ഒട്ടേറെ ശതകോടീശ്വരന്മാർ താമസം പറിച്ചുനടാൻ തിരഞ്ഞെടുത്ത രാജ്യമാണ് യുഎഇ.
∙ 2025ൽ 9,800 ശതകോടീശ്വരന്മാരാണ് ഇത്തരത്തിൽ യുഎഇയിൽ എത്തിയത്. ഇവർ കൂടെകൊണ്ടുവന്നത് 63 ബില്യന്റെ സ്വത്തും (5.68 ലക്ഷം കോടി രൂപ).
∙ നിലവിലെ ആക്രമണങ്ങൾ ഇത്തരം ‘കൂടുമാറ്റ’ത്തെ പ്രതികൂലമായി ബാധിച്ചേക്കും. വരുംമാസങ്ങളിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ മങ്ങലേൽക്കുമെന്ന് ഈ രംഗത്തുള്ളവർ ഇതിനകം വിലയിരുത്തിക്കഴിഞ്ഞു.
വ്യാപാരം, വാണിജ്യം
അബുദാബിയിലും റിയാദിലുമെല്ലാം യുഎസിന്റെ സൈനിക കേന്ദ്രങ്ങളാണ് ഇറാൻ ഉന്നമിട്ടത്.
പക്ഷേ, ഇറാന്റെ ഈ നടപടി ജിസിസി സമ്പദ്വ്യവസ്ഥയ്ക്കാണ് ആഘാതമാകുന്നത്. വ്യോമയാന മേഖലയിലെ പ്രതിസന്ധിതന്നെ ബിസിനസ് മേഖലയെ ഉലയ്ക്കും.
ലോകത്തെതന്നെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നായ യുഎഇയിലെ ജബൽ അലിയിലും ഇറാൻ ആക്രമണം നടത്തിയത് ആശങ്ക കൂട്ടി.
ഇത് യുഎഇയിലേക്കും മറ്റുമുള്ള ഭക്ഷ്യവസ്തുക്കൾ, ഇലക്ട്രോണിക്സ്, കൺസ്യൂമർ ഗുഡ്സ്, മെഷീനറികൾ, നിർമാണ സാമഗ്രികൾ തുടങ്ങിയവയുടെ വിതരണത്തെ ബാധിക്കും. അതേസമയം മാളുകളിൽ ഭക്ഷ്യവസ്തുക്കളും മറ്റും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് ഈരംഗത്തെ സ്ഥാപനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
∙ നിക്ഷേപ ഇടപാടുകൾ മാറ്റിവയ്ക്കപ്പെടുന്നത് ബിസിനസ് മേഖലയെ തളർത്തും.
കൂടുതൽ ആഘാതം ഫിനാൻസ്, ട്രേഡ്, റിയൽ എസ്റ്റേറ്റ് മേഖലകൾക്കായിരിക്കും.
∙ ജിസിസി രാഷ്ട്രങ്ങളുടെ സംയോജിത ജിഡിപി 2024ൽ 2.2% ഉയർന്ന് 2.3 ട്രില്യൻ ഡോളറിൽ എത്തിയിരുന്നു. ∙ ആഗോള വ്യാപാരരംഗത്ത് ജിസിസി രാഷ്ട്രങ്ങൾക്ക് 10-ാം സ്ഥാനമാണുള്ളത്.
ഇറക്കുമതിയിൽ 11-ാം സ്ഥാനം. വ്യാപാര സർപ്ലസിൽ ആറാമതും.
∙ സാമ്പത്തിക രംഗത്തെ പ്രതിസന്ധി ജിസിസിയിലെ ഓഹരി വിപണികൾക്കും ആഘാതമാകും.
ഹോർമുസ് അടച്ച് പകവീട്ടൽ
യുദ്ധമുണ്ടായാൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. അതിപ്പോൾ സംഭവിച്ചുകഴിഞ്ഞു.
ഗൾഫ് രാഷ്ട്രങ്ങളിലേക്കും തിരിച്ചുമുള്ള വ്യാപാരത്തിൽ ഇറാന്റെ അധീനതയിലുള്ള ഹോർമുസ് ഏറെ നിർണായകമാണ്.
ഉദാഹരണത്തിന്, ലോക വിപണിയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണത്തിൽ 20 ശതമാനവും കടന്നുപോകുന്നത് ഹോർമുസ് വഴിയാണ്. ഗൾഫ് എണ്ണയുടെ ഏതാണ്ട് ഭൂരിഭാഗവും കടന്നുപോകുന്ന പാതയുമാണിത്.
ഹോർമുസ് അടയ്ക്കുന്നത് രാജ്യാന്തര ക്രൂഡ് ഓയിൽ വില നിലവിലെ ബാരലിന് 71 ഡോളറിൽ നിന്ന് 100 ഡോളറിലേക്ക് അതിവേഗം ഇരച്ചുകയറാനിടയാക്കും.
പ്രതിസന്ധി കൂടുതൽ ഇന്ത്യയ്ക്ക്
മധ്യേഷ്യ യുദ്ധക്കളമാകുന്നത് ഇന്ത്യയെ വലിയതോതിൽ ബാധിക്കും. വ്യോമയാന മേഖലയ്ക്കും പ്രവാസിപ്പണം വരവിലുമെല്ലാം അതിന്റെ പ്രതിഫലനമുണ്ടാകും.
പക്ഷേ, കൂടുതൽ നേരിടേണ്ടിവരുന്നത് ‘എണ്ണ’ വഴിയുള്ള സാമ്പത്തിക ആഘാതമാണ്. അതിങ്ങനെ:
∙ ഉപഭോഗത്തിനുള്ള ക്രൂഡ് ഓയിലിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
ഇതിൽ നല്ലൊരുപങ്കും വരുന്നത് ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നാണ്. ഹോർമുസ് വഴി ഓരോ ദിവസവും ഇന്ത്യയിലെത്തുന്നത് 10 ലക്ഷം ബാരൽ എണ്ണയാണ്.
ഇതിനു തടസ്സമുണ്ടായാലും വിലകൂടിയാലും ഇന്ത്യയ്ക്കത് വലിയ ആഘാതമാകും.
∙ 2024-25ൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതിച്ചെലവ് 11.60 ലക്ഷം കോടി രൂപയായിരുന്നു. ഈ വർഷം ഏപ്രിൽ-ജനുവരിയിലെ ചെലവ് 8.80 ലക്ഷം കോടി രൂപ.
∙ എണ്ണവില ബാരലിന് 60-65 ഡോളറിൽ തുടരുന്നതാണ് ഇന്ത്യയ്ക്ക് നല്ലത്. ഇപ്പോൾ ഇത് 72 ഡോളറാണ്.
ഹോർമുസ് പ്രതിസന്ധിയും യുദ്ധവും വില വൈകാതെ 100 ഡോളർ കടക്കാനിടയാക്കിയേക്കും.
∙ എണ്ണവില ബാരലിന് ഓരോ 10 ഡോളർ ഉയരുമ്പോഴും ഇന്ത്യയുടെ പ്രതിവർഷ വാങ്ങൽച്ചെലവിൽ 15,000 കോടി രൂപയുടെ എങ്കിലും വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. ∙ വില 100 ഡോളറിൽ തുടർന്നാൽ മൊത്തം വാർഷിക എണ്ണവാങ്ങൽച്ചെലവ് 14 ലക്ഷം കോടി രൂപ കടക്കാം.
എണ്ണവില കൂടിയാലെന്താ?
രാജ്യാന്തര ക്രൂഡ് ഓയിൽ വില കൂടിയാൽ ഇന്ത്യയുടെ വ്യാപാരക്കമ്മി വർധിക്കും (കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമാണിത്.
കയറ്റുമതി വരുമാനത്തേക്കാൾ കൂടുതലാണ് ഇറക്കുമതി ചെലവെങ്കിൽ അത് വലിയ ബാധ്യതയായി മാറും). കറന്റ് അക്കൗണ്ട് കമ്മിയും കൂടും.
വിദേശനാണ്യത്തിലെ വരുമാനവും ചെലവും തമ്മിലെ അന്തരമാണിത്. വിദേശനാണ്യ വരുമാനം കുറയുന്നത് രൂപയെ തളർത്തും.
ക്രൂഡ് വില വർധന രൂപയ്ക്കും ഓഹരി വിപണിക്കും സമ്മർദമാകും.
∙ എണ്ണവില കൂടുന്നത് ഫലത്തിൽ വിലക്കയറ്റം രൂക്ഷമാകാനും പണപ്പെരുപ്പം കൂടാനും ഇടവരുത്തും. ∙ ഇത് വിദേശ മൂലധനത്തിന്റെ വരവിനെ പ്രതികൂലമായി ബാധിക്കും.
∙ പണപ്പെരുപ്പം പരിധിവിട്ടാൽ നിയന്ത്രിക്കാനെന്നോണം റിസർവ് ബാങ്ക് പലിശഭാരം കൂട്ടും.
ബാങ്ക് വായ്പകളുടെ പലിശഭാരമോ ഇഎംഐയോ കൂടാനിത് ഇടയാക്കും. ∙ ഇത്തരം വെല്ലുവിളികൾ സാധാരണക്കാരുടെ കുടുംബ ബജറ്റിനെയാണ് ഏറ്റവുമധികം ബാധിക്കുക.
എണ്ണവില ശരിക്കും കൂടുമോ?
നിലവിലെ സാഹചര്യത്തിൽ എണ്ണവില കൂടും.
സുരക്ഷിത നിക്ഷേപം എന്ന പെരുമായുമായി സ്വർണവിലയും വെള്ളിവിലയും കുതിച്ചുകയറും. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് വൈകാതെ പ്രതിദിന ഉൽപാദനം 1.37 ലക്ഷം ബാരൽ വീതം കൂട്ടാൻ തീരുമാനിച്ചേക്കുമെന്നാണ് അറിയുന്നത്.
അങ്ങനെയെങ്കിൽ എണ്ണവിലക്കയറ്റം ഒരുപരിധിവരെ പിടിച്ചുനിർത്താൻ കഴിയും. പക്ഷേ, വലിയ വിലക്കുറവ് അതുവഴി പ്രതീക്ഷിക്കേണ്ടതുമില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

