തിരുവനന്തപുരം ∙ ഇറാൻ – ഇസ്രയേൽ സംഘർഷത്തെ തുടർന്ന് അടിയന്തരമായി മരുന്നുൾപ്പെടെ ആവശ്യപ്പെട്ട് ബഹ്റൈനിൽ നിന്നും പ്രവാസികൾ നോർക്ക റൂട്ട്സിൽ ബന്ധപ്പെട്ടു. ഇവർക്ക് ലോക കേരള സഭാംഗങ്ങളുടെ പിന്തുണയിൽ വേണ്ട
സഹായം ലഭ്യമാക്കി. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നഷ്ടമായവർക്ക് ഡ്യൂപ്ലിക്കറ്റ് എടുക്കുന്നതിനുളള സഹായങ്ങളും നൽകി.
ബഹ്റൈനിൽ സർക്കാർ ഷെൽട്ടറുകൾ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ വിവരങ്ങൾ പ്രവാസികളിലേക്ക് എത്തിക്കുന്നതിന് നടപടി സ്വീകരിച്ചു.
ബഹ്റൈനിൽ നോർക്ക പ്രതിനിധികളും ലോക കേരള സഭ അംഗങ്ങളും ഉൾപ്പെടുന്ന പ്രത്യേക ഹെൽപ് ഗ്രൂപ്പ് (ഡെസ്ക്) രൂപീകരിച്ചും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ പറ്റാതെ യുഎഇയിൽ കുടുങ്ങി പോയ പ്രവാസികൾക്ക് അടിയന്തരമായ സഹായങ്ങളും മലയാളി സംഘടനകൾ, ലോക കേരള സഭംഗങ്ങൾ എന്നിവർ മുഖേന ലഭ്യമാക്കി.
കേന്ദ്ര സർക്കാർ, വിദേശകാര്യ മന്ത്രാലയം, അതാതു രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകൾ, ലോക കേരള സഭാംഗങ്ങൾ, പ്രവാസി സംഘടനകൾ എന്നിവരുമായി ഏകോപനം തുടരുന്നു.
സംഘർഷം തുടരുന്ന രാജ്യങ്ങളിലുളള പ്രവാസികൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരണം. അടിയന്തര സഹായത്തിനായി നോർക്ക റൂട്ട്സ് ഹെൽപ്ഡെസ്കുമായി +91-8802012345 (രാജ്യാന്തര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയിൽ നിന്നും) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
∙ പാക്കിസ്ഥാനിലെ വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ
അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനത്തിലെ യാത്രക്കായ മൂന്നു മലയാളികൾ ഉൾപ്പെടെയുളള എട്ട് ഇന്ത്യൻ പൗരന്മാർ പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി.
പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോൻ (എറണാകുളം കാലടി സ്വദേശി), മകൾ സ്മൃതി മേനോൻ (3 വയസ്സ്) എന്നിവരാണ് കുടുങ്ങിയ മലയാളികൾ.
സംഘർഷ സാഹചര്യങ്ങളെത്തുടർന്ന് വിമാനം പാത മാറ്റുകയും കറാച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു.
മലയാളികളായ യാത്രക്കാർ കുവൈത്തിൽ നിന്നുളള ലോകകേരള സഭാംഗം വഴി നോർക്ക റൂട്ട്സിനെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും ഇവരെ ഇന്ത്യയിലെത്തിക്കാനുളള നടപടികൾ ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കുന്നതിന്റെ സാധ്യത വിദേശകാര്യമന്ത്രാലയം പരിശോധിച്ചുവരുന്നു.
∙ ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം
മുഖ്യമന്ത്രി പിണറായി വിജന്റെ നിർദേശപ്രകാരം ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നു.
011-23747079, 011-23742320, +91-9310443880 എന്നീ ഹെൽപ്ലൈൻ നമ്പറുകളിൽ ആവശ്യക്കാർക്ക് ബന്ധപ്പെടാം. റസിഡന്റ് കമ്മിഷണർ പുനീത് കുമാർ, അഡീഷനൽ റസിഡന്റ് കമ്മിഷണർ ഡോ.
അശ്വതി ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിൽ കൺട്രോളർ എ.എസ്.ഹരികുമാർ, ലെയ്സൺ ഓഫിസർ രാഹുൽ കെ. ജെയ്സ്വർ, നോർക്ക ഡെവല്പ്പമെന്റ് ഓഫിസർ ജെ.
ഷാജിമോൻ എന്നിവരെ കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്.
∙ നോർക്ക ഹെൽപ് ഡെസ്ക് നമ്പറുകളിൽ ലഭിച്ചത് 541 കോളുകൾ
പ്രവാസി കേരളീയർക്കാും കുടുംബാംഗങ്ങൾക്കുമായി (NRI–K) മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശാനുസരണം സജ്ജീകരിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക നോർക്ക ഹെൽപ്ഡെസ്ക് നമ്പറുകളിൽ 2026 മാർച്ച് 01 ഞായറാഴ്ച വൈകിട്ട് 6 മണി വരെ ആകെ 541 കോളുകളാണ് ലഭിച്ചത്. വിദേശത്തുനിന്നും 188 പേരും രാജ്യത്തിനുള്ളിൽ നിന്നും 353 പേരും ഹെൽപ്ഡെസ്കിൽ ബന്ധപ്പെട്ടു.
സ്ഥിതിഗതികളും ലഭിച്ച വിവരങ്ങളും നോർക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അജിത് കോളശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ തൈക്കാട് നോർക്ക സെന്ററിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി.
ഇന്ത്യ: 353
യുഎഇ: 78
ഖത്തർ: 49
ബഹ്റൈൻ: 39
കുവൈത്ത്: 12
ഒമാൻ: 5
സൗദി അറേബ്യ: 3
യുകെ: 2
ആകെ: 541
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

