തിരുവനന്തപുരം ∙ ‘ഇവനെ ഇന്നു തീർക്കണം… നീ ജോലി ചെയ്ത് കാണിക്കുമെങ്കിൽ ഒന്നു കാണിക്ക്…നിനക്ക് ആരുടെ വീട്ടിൽ കേറണമെടാ?…നിന്റെ ചെവിക്കല്ല് അടിച്ചുതിരിക്കും…ക്വാർട്ടേഴ്സിൽ കയറി പണിയും…വൈകിട്ട് 4 മണിക്കു മുൻപു നഗരൂർ സ്റ്റേഷനിൽ നിന്നു മാറ്റിയിരിക്കും….’ – സിപിഎം വെള്ളല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.രതീഷ് ഉൾപ്പെടെയുള്ളവർ ഭീഷണിപ്പെടുത്തിയത് ഇൗ വാക്കുകളിലൂടെയായിരുന്നുവെന്നു നഗരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ(എസ്എച്ച്ഒ) എൻ.അൻസാറിന്റെ മൊഴി.
കോൺഗ്രസിന്റെ ഫ്ലെക്സ് ബോർഡുകൾ തകർത്ത സംഭവത്തിൽ പ്രതികളുടെ വിലാസം ഉറപ്പുവരുത്തുന്നതിനും നോട്ടിസ് നൽകുന്നതിനുമാണ് പേരൂർ കാട്ടുചന്തയിൽ വെള്ളി വൈകിട്ട് 3.10 ന് എത്തിയതെന്ന് എസ്എച്ച്ഒയുടെ മൊഴിയിൽ പറയുന്നു. നഗരൂർ സ്വദേശി ഇർഫാൻ എന്നയാളുടെ അമ്മയോടും സഹോദരനോടും സംസാരിക്കുന്നതിനിടെയാണ് സിപിഎം പ്രവർത്തകൻ ഫൈസലും ഒപ്പമുണ്ടായിരുന്നയാളും എത്തിയത്.
നോട്ടിസ് നൽകാൻ സമ്മതിക്കാത്തതിനാൽ പൊലീസ് വാഹനത്തിൽ കയറി വെള്ളല്ലൂർ ജവാഹർ ജംക്ഷനിൽ എത്തിയപ്പോൾ ഒരു കാർ പൊലീസ് വാഹനത്തിനു കുറുകെയിട്ടു. ഇർഫാൻ എന്നയാളുടെ സഹോദരൻ, രതീഷ്, വിഷ്ണു, ഒരു യുവാവ് എന്നിവർ പുറത്തിറങ്ങി.
‘നിനക്ക് ബാക്കിയുള്ളവരുടെ വീട്ടിൽ കയറണ്ടേ, നീ ഇറങ്ങടാ എന്നുപറഞ്ഞ് വിഷ്ണു അസഭ്യം പറഞ്ഞു.
ഫൈസലും അസഭ്യം വിളിച്ചു. ഈ സമയം രതീഷ് മുഷ്ടി ചുരുട്ടി അടിക്കാൻ വന്നു, ഡ്രൈവറെ ഭീഷണിപ്പെടുത്തി.
സ്റ്റേഷനിൽ തിരിച്ചെത്തിയപ്പോൾ ഫൈസൽ, രതീഷ്, വിഷ്ണു, മറ്റൊരാൾ എന്നിവർ സ്റ്റേഷനകത്ത് പടിയിൽ കയറി ഇരിക്കുന്നതുകണ്ട് എന്താണ് കാര്യമെന്നു ചോദിച്ചു. കേസ് എടുക്കണമെന്ന് അവർ പറഞ്ഞു.
എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ എഴുതിത്തരാൻ പറഞ്ഞതായും മൊഴിയിലുണ്ട്.
എസ്എച്ച്ഒയെ വഴിയിൽ തടഞ്ഞ് അസഭ്യം; സിപിഎം ലോക്കൽ സെക്രട്ടറിയടക്കം അറസ്റ്റിൽ
കിളിമാനൂർ ( തിരുവനന്തപുരം) ∙ നഗരൂർ വെള്ളല്ലൂർ ജവാഹർ ജംക്ഷനിൽ കാർ കുറുകെയിട്ടു പൊലീസ് വാഹനം തടഞ്ഞ് നഗരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) എൻ.അൻസാറിനെ അസഭ്യം വിളിച്ച് ആക്രമിക്കാൻ ശ്രമിച്ച കേസിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. വെള്ളല്ലൂർ ലോക്കൽ സെക്രട്ടറിയും സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ വെള്ളല്ലൂർ പുതുവൽവിള വീട്ടിൽ ആർ.രതീഷ് (40), വെള്ളല്ലൂർ ലോക്കൽ കമ്മിറ്റി അംഗവും ഓട്ടോ ഡ്രൈവറുമായ വെള്ളല്ലൂർ ഊന്നൻകല്ല് സുനിതഭവനിൽ എസ്.വിഷ്ണു (33) എന്നിവരെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പി ജി.സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
9 പ്രതികളുള്ള കേസിൽ പ്രതിപ്പട്ടികയിലെ ആദ്യ 4 പേർ സിപിഎം പ്രവർത്തകരും 5 പേർ കണ്ടാലറിയാവുന്നവരുമാണ്.
അറസ്റ്റിലായ രതീഷ് മൂന്നാംപ്രതിയും വിഷ്ണു ഒന്നാംപ്രതിയുമാണ്. മറ്റുള്ളവർ ഒളിവിലാണെന്നാണു പൊലീസ് പറയുന്നത്.
നഗരൂർ എസ്എച്ച്ഒ എൻ.അൻസാറിന്റെ പരാതിയെ തുടർന്നാണു കേസെടുത്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്എച്ച്ഒയെയും പൊലീസുദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി, സംഘർഷാവസ്ഥ സൃഷ്ടിച്ചു കൃത്യനിർവഹണത്തിൽ തടസ്സമുണ്ടാക്കി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.
കണ്ണൂരിൽ മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപിച്ച് വെള്ളല്ലൂരിൽ സിപിഎം– ഡിവൈഎഫ്ഐ പ്രവർത്തകർ കോൺഗ്രസിന്റെ ഫ്ലെക്സ് ബോർഡ് നശിപ്പിക്കുകയും മണ്ഡലം പ്രസിഡന്റ് വി.ആർ.അനന്ദുകൃഷ്ണനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.
അനന്ദുകൃഷ്ണൻ പരാതി നൽകിയതിനെ തുടർന്നാണ് ഫ്ലെക്സ് നശിപ്പിച്ചവർ സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് എസ്എച്ച്ഒ അൻസാർ സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നോട്ടിസ് നൽകിയത്.
ഇതിൽ പ്രകോപിതരായാണ് വെള്ളി വൈകിട്ട് 3.45ന് ജവാഹർ ജംക്ഷനിൽ വച്ച് കാറിലെത്തിയ സിപിഎം–ഡിവൈഎഫ്ഐ സംഘം പൊലീസ് വാഹനം തടഞ്ഞ് എസ്എച്ച്ഒ അൻസാറിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തത്.
കേസിലെ ഒന്നാം പ്രതി വിഷ്ണുവിന് സ്ഥിരമായ മേൽവിലാസമില്ലെന്നും വിഷ്ണുവിനു പുറമേ നഗരൂർ സ്വദേശികളായ ഫൈസൽ, രതീഷ്, ഇർഫാന്റെ സഹോദരൻ, കണ്ടാലറിയാവുന്ന 5 പേർ എന്നിവരാണ് കേസിലെ പ്രതികളെന്നും എഫ്ഐആറിൽ പറയുന്നു. കിളിമാനൂർ ചെങ്കിക്കുന്നിൽ നിന്ന് ഇന്നലെ പുലർച്ചെ കസ്റ്റഡിയിലെടുത്ത 2 ്രതികളെ 13 വരെ റിമാൻഡ് ചെയ്തു.
ഫ്ലെക്സ് ബോർഡ് നശിപ്പിച്ചതിന്റെ പേരിൽ നഗരൂർ പൊലീസ് സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകരെ കേസിൽ കുടുക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് സിപിഎം കിളിമാനൂർ ഏരിയ സെക്രട്ടറി എസ്.ജയചന്ദ്രൻ ആരോപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

