രാജകുമാരി ∙ ചിന്നക്കനാൽ സൂര്യനെല്ലിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന റിസോർട്ട് റവന്യു വകുപ്പ് അടച്ചുപൂട്ടി സീൽ ചെയ്തു. സൂര്യനെല്ലിയിലെ സ്റ്റാർലൈൻ റിസോർട്ടാണ് ഉടുമ്പൻചോല ഭൂരേഖ തഹസിൽദാർ സിദ്ദിഖ് കുട്ടിയുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥർ അടച്ചുപൂട്ടിയത്.
മൂന്നാർ മേഖലയിൽ റവന്യു വകുപ്പിന്റെ നിരാക്ഷേപപത്രം (എൻഒസി) ഇല്ലാതെ നിർമിച്ച കെട്ടിടങ്ങൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റവന്യു വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച അനധികൃത നിർമാണങ്ങളുടെ പട്ടികയിൽ സൂര്യനെല്ലിയിലെ സ്റ്റാർലൈൻ റിസോർട്ടും ഉൾപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് സ്റ്റാർ ലൈൻ റിസോർട്ട് പ്രവർത്തിക്കുന്നതെന്നും നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്നും ആരോപിച്ച് സൂര്യനെല്ലി സ്വദേശി മൈക്കിൾ ഹൈക്കോടതിയെ സമീപിക്കുകയും കെട്ടിടം വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ റവന്യു വകുപ്പിന് കോടതി നിർദേശം നൽകുകയും ചെയ്തു.
എന്നാൽ സ്റ്റോപ് മെമ്മോ നൽകിയ ശേഷവും രാത്രി റിസോർട്ട് പ്രവർത്തിക്കുന്നുണ്ടെന്ന് റവന്യു വകുപ്പ് കണ്ടെത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ 3 തവണ റിസോർട്ട് അടച്ചു പൂട്ടുന്നതിനു റവന്യു ഉദ്യോഗസ്ഥർ പാെലീസ് സന്നാഹത്തോടെ എത്തിയെങ്കിലും സിപിഎം പ്രവർത്തകരുടെ എതിർപ്പ് മൂലം നടപടി സ്വീകരിക്കാൻ കഴിഞ്ഞില്ല. ഇക്കാര്യം വ്യക്തമാക്കി അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാർ ഡിവൈഎസ്പി ആർ.ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പാെലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ റവന്യു ഉദ്യോഗസ്ഥർ റിസോർട്ട് അടച്ചുപൂട്ടി സീൽ ചെയ്തത്. പട്ടയമുള്ള ഭൂമിയിൽ അനുമതിയോടെ നിർമിച്ച കെട്ടിടമാണെന്നും കോടതിയുടെ ഇടപെടലിനു ശേഷം വാണിജ്യാവശ്യത്തിന് ഉപയോഗിച്ചിട്ടില്ലെന്നും സ്റ്റാർലൈൻ റിസോർട്ട് ഉടമ മനോജ് പറഞ്ഞു.
ചില സിപിഎം പ്രവർത്തകരും നാട്ടുകാരും റിസോർട്ട് അടച്ചുപൂട്ടുന്നത് തടയാൻ ശ്രമിച്ചെങ്കിലും പാെലീസ് ഇടപെട്ട് ഇവരെ മാറ്റി. നടപടികൾ പൂർത്തിയാക്കി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു.
വിമർശനവുമായി സിപിഎം നേതാവ്;‘കേരളത്തിലും ബുൾഡോസർരാജ്’
ശാന്തൻപാറ ∙ കർണാടക സർക്കാരിന്റെ ബുൾഡോസർരാജിനെതിരെ ശബ്ദിച്ച പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ കേരളത്തിലും ബുൾഡോസർരാജ് നടത്തുന്നത് അടുത്ത തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ബാധിക്കുമെന്ന് സിപിഎം ശാന്തൻപാറ ഏരിയ കമ്മിറ്റിയംഗം വി.എക്സ്.ആൽബിൻ പറഞ്ഞു. അനുമതിയില്ലാതെയും സ്റ്റോപ് മെമ്മോ അവഗണിച്ചും നിർമിച്ച സൂര്യനെല്ലിയിലെ ബഹുനില കെട്ടിടം റവന്യു വകുപ്പ് അടച്ചുപൂട്ടി സീൽ ചെയ്ത സംഭവത്തിലാണ് സ്ഥലത്തെത്തിയ വി.എക്സ്.ആൽബിൻ രൂക്ഷമായ വിമർശനമുന്നയിച്ചത്.
അനധികൃത നിർമാണങ്ങളുടെ പട്ടികയിലുള്ള സ്റ്റാർലൈൻ റിസോർട്ട് അടച്ചു പൂട്ടാൻ നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരുടെ എതിർപ്പ് മൂലം 3 തവണയായി റവന്യു നടപടികൾ മുടങ്ങി. തുടർന്ന് ഇക്കാര്യം അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് ചെയ്തു.
ഇതെത്തുടർന്നാണ് മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പാെലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉടുമ്പൻചോല ഭൂരേഖ തഹസിൽദാർ സിദ്ദിഖ് കുട്ടിയും സംഘവും റിസോർട്ട് അടച്ചുപൂട്ടി സീൽ ചെയ്തത്. റവന്യു വകുപ്പിന്റെ നടപടിക്കിടെ സ്ഥലത്തെത്തിയ വി.എക്സ്.ആൽബിൻ, കവി സച്ചിദാനന്ദൻ പറഞ്ഞത് ശരിയാണെന്നും ജനങ്ങളെ സംരക്ഷിക്കേണ്ടതിനു പകരം കർഷകരെയും കർഷകത്താെഴിലാളികളെയും സാധാരണക്കാരെയും കുടിയിറക്കുന്നതിനുള്ള ബുൾഡോസർരാജാണ് നടത്തുന്നതെന്നും പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

