താമരശ്ശേരി ∙ വയനാട് ചുരത്തിലെ ബൈപാസ് ഉൾപ്പെടെ കോഴിക്കോട് കൊല്ലഗൽ ദേശീയപാത (എൻഎച്ച് 766) കോഴിക്കോട് മലാപ്പറമ്പ് – വയനാട് മുത്തങ്ങ വരെ നാലുവരി പാതയാക്കുന്നതിനുള്ള ഡിപിആർ തയാറാക്കുന്നതിന് നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) പുതിയ ടെൻഡർ ക്ഷണിച്ചു. കഴിഞ്ഞ 20 നാണ് എൻഎച്ച്എഐ ഡിപിആർ തയാറാക്കുന്നതിന് പുതിയ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
ഏപ്രിൽ 7 ന് ടെൻഡർ ഓപ്പൺ ചെയ്യും. ദേശീയ പാത 766 മലാപറമ്പ് മുതൽ മുത്തങ്ങവരെയുള്ള റീച്ച് നാലു വരിയാക്കി നവീകരിക്കുന്നതിന് നേരത്തെ നൽകിയ കരാർ ഇതോടെ റദ്ദായി.
കഴിഞ്ഞ ഡിസംബറിൽ ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന സിവിൽ മന്ത്ര കമ്പനിക്കാണ് ഡിപിആർ തയാറാക്കുന്നതിനുള്ള കരാർ ലഭിച്ചിരുന്നത്.
എന്നാൽ ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും ആരംഭിക്കാതെ കിടക്കുമ്പോഴാണ് പുതിയ ടെൻഡർ നടപടിയുമായി നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രംഗത്ത് വന്നത്. ബത്തേരി, മീനങ്ങാടി, വയനാട് ചുരം (ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ), താമരശ്ശേരി, കൊടുവള്ളി എന്നിവിടങ്ങളിൽ പുതിയ ബൈപാസ് അടക്കം ഡിപിആർ തയാറാക്കാനായിരുന്നു നേരത്തെ കേന്ദ്ര സർക്കാരിന്റെ തന്നെ ദേശീയപാത വിഭാഗമായ ‘മോർത്ത്’ ടെൻഡർ നൽകിയിരുന്നത്.
സംസ്ഥാനത്ത് ഏറ്റവും ഗതാഗത തിരക്കുള്ള ഈ ദേശീയ പാതയുടെ നവീകരണ വിപുലീകരണ പ്രവൃത്തി സമയ ബന്ധിതമായി പൂർത്തിയാക്കേണ്ട
സാഹചര്യത്തിലാണ് ദേശീയപാത അധികൃതർ നൽകിയ ടെൻഡർ അംഗീകരിക്കാതെ പുതിയ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ചുരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായ നിർദിഷ്ട
വയനാട് ബൈപാസ് (ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ) എത്രയും വേഗം യാഥാർഥ്യമാവുമെന്ന പ്രതീക്ഷയിൽ കഴിയുമ്പോഴാണ് നിലവിലെ െടൻഡർ ഒഴിവാക്കി പുതിയ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഇത് ദേശീയ പാത നവീകരണ പ്രവൃത്തി കൂടുതൽ വൈകാൻ കാരണമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

