കൊച്ചി ∙ അരൂർ– ഇടപ്പള്ളി ബൈപാസ് വന്നപ്പോൾ നഗരവാസികളെല്ലാം സന്തോഷിച്ചു. പക്ഷേ, മരോട്ടിച്ചോട്, ഇടപ്പള്ളി മാർക്കറ്റ് പരിസരത്തുള്ളവർ സങ്കടപ്പെട്ടവരുടെ കൂട്ടത്തിലാണ്.
എങ്കിലും ഇടപ്പള്ളി ജംക്ഷനു തെക്കുമാറി ദേശീയപാതയ്ക്കു കുറുകെ വരച്ച സീബ്രാ വരയിലൂടെ അവർ ഇരുവശത്തേക്കും നടന്നു. ഇപ്പോഴിതാ ആ നടപ്പു കൂടി ദേശീയപാത വീതികൂട്ടലിന്റെ പേരിൽ ഇല്ലാതാവുന്നു.
ഇടപ്പള്ളി ജംക്ഷനോടു ചേർന്ന് ഒബ്റോൺ മാളിനു മുൻവശം അടിപ്പാത നിർമാണത്തിന്റെ ഭാഗമായി മരോട്ടിച്ചോടിലും ഇടപ്പള്ളിയിലും ഉള്ള ആളുകൾ കുറുകെ കടക്കാൻ ഉപയോഗിച്ച സീബ്രാ ലൈനും സിഗ്നലും ഇല്ലാതാക്കി.
ഇവിടെയുള്ള ഫുട് ഓവർ ബ്രിജ് വൈകാതെ പൊളിച്ചുമാറ്റും. അതോടെ റോഡിനു രണ്ടു വശത്തുമുള്ളവർക്കു തമ്മിൽ കാണണമെങ്കിൽ ജീവൻ പണയം വച്ച് തിരക്കുള്ള ദേശീയ പാത, നൂറുകണക്കിനു വാഹനങ്ങൾക്കിടയിലൂടെ കുറുകെ കടക്കണം.
അതല്ലെങ്കിൽ ഇടപ്പള്ളി ജംക്ഷനിലെത്തി സ്വന്തം റിസ്കിൽ റോഡ് കുറുകെ കടക്കണം. സർവീസ് റോഡിൽ നിന്ന് മൂന്നര അടി ഉയരമുള്ള ദേശീയപാതയിലേക്കുണ്ടായിരുന്ന പടിക്കെട്ടിനു പുറത്തു കാനയും 4 അടി ഉയരത്തിൽ കോൺക്രീറ്റ് സ്ലാബും നിർമിച്ചതോടെയാണു നാട്ടുകാർക്കു വഴിയടഞ്ഞത്.
ചരിത്രപരമായി അങ്ങോട്ടും ഇങ്ങോട്ടും ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ് ഇടപ്പള്ളി– മരോട്ടിച്ചുവട്– തൃക്കാക്കര െടംപിൾ റോഡ്.
ഇടപ്പള്ളി പള്ളി, മൈലാളത്ത് ശിവക്ഷേത്രം, അഞ്ചുമന ദേവി ക്ഷേത്രം, ഇടപ്പളളി ഗണപതി അമ്പലം എന്നിവിടങ്ങളിലേക്കു ദിനംപ്രതി ജനങ്ങൾ റോഡ് കടന്നു വന്നിരുന്നത് ദേശീയപാത 66 മുറിച്ചു കടന്നാണ്. ഇടപ്പള്ളി പള്ളിയുടെ പ്രസിദ്ധമായ നാലങ്ങാടി പ്രദക്ഷിണം ഈ റോഡും കടന്ന് ഇടപ്പള്ളി തോടിനോട് ചേർന്നുണ്ടായിരുന്ന ഉണ്ണിമിശിഹാ കപ്പേള ചുറ്റിയാണ് കടന്നു പോയിരുന്നത്.
1984 ൽ ഇടപ്പളളി പാലം പുനർനിർമിച്ചപ്പോൾ കപ്പേള പൊളിച്ചുമാറ്റിയാണു ബൈപാസിനു സമീപം പുതിയതു പണിതത്.
ഇടപ്പള്ളി പയസ് ഗേൾസ് ഹൈസ്കൂൾ, സെന്റ് ജോർജ് ഹൈസ്കൂൾ, സെന്റ് ജോർജ് എൽപി സ്കൂൾ, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ,എംഎജെ ഹോസ്പിറ്റൽ, ഇടപ്പള്ളി മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്കും ആളുകൾ ഇൗ സീബ്രാ ക്രോസിങ്ങിലൂടെയോ, ഫുട് ഓവർ ബ്രിജ് വഴിയോ ആണു പോയിരുന്നത്. രാവിലെയും വൈകിട്ടും ആളുകളുടെ സുരക്ഷയ്ക്ക് ഇവിടെ പൊലീസ് ഹോം ഗാർഡിനെ നിയോഗിച്ചിരുന്നു.
30 വർഷത്തിലധികമായി ദേശീയപാതയിൽ ടൈൽ പാകിയ സ്റ്റോപ്പും സീബ്രാ ലൈനുകളും ബൈപാസിനു കുറുകെ ഒന്നര മീറ്റർ വീതിയിൽ സ്റ്റെപ്പ് ലാഡറും ഉണ്ടായിരുന്നു. ഇതാണു അണ്ടർപാസ് നിർമാണത്തിന്റെ പേരിൽ ഇല്ലാതാക്കുന്നത്.
സമര പ്രഖ്യാപന കൺവൻഷനും പ്രതിഷേധവും
കൊച്ചി ∙ ഇടപ്പള്ളി ജംക്ഷനിൽ ദേശീയപാത കുറുകെ കടക്കുന്നതിനുണ്ടായിരുന്ന സീബ്രാ ലൈൻ അടയ്ക്കുന്നതിനെതിരെ നടപ്പാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ബൈപാസിൽ സംഘടിപ്പിച്ച സമര പ്രഖ്യാപന കൺവൻഷൻ നടത്തി.
ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.സമര സമിതി ചെയർമാൻ വി.വി. അഗസ്റ്റിൻ അധ്യക്ഷനായി.
ജനറൽ കൺവീനർ ആലുങ്കൽ ജോർജ്, ഉമ തോമസ് എംഎൽഎ , സിപിഎം തൃക്കാക്കര ഏരിയ സെക്രട്ടറി എ.ജി.ഉദയകുമാർ,ഡിസിസി സെക്രട്ടറി സേവ്യർ തായങ്കേരി , ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ്. സജി, ഫാ.
ആന്റണി മഠത്തുംപടി, കൗൺസിലർമാരായ വിജയകുമാർ,അജുന ഹാഷിം, രജനി ജീജൻ, നിരുപ ചിങ്ങംതറ, റൈജു മലമേൽ, കൺവീനർമാരായ ജോസ്കുട്ടി പള്ളിപാടൻ,റോബിൻ കിഴുപ്പിള്ളി, മുൻ കൗൺസിലർ ആന്റണി പരവര, ഷീൻ ജോസ്, ദാമോദര രാജ , എം.എ.അൽത്താഫ്, എം.സി ജയിംസ്, അനിൽ പാലത്തിങ്കൽ, സമരസമിതി കൺവീനർ എ.വി തോമസ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

