കോഴിക്കോട് ∙ വലിയങ്ങാടിക്ക് അടുത്ത് വീണ്ടും കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് അപകടം. അപകടത്തിനു 10 മിനിറ്റ് മുൻപ് തൊഴിലാളികൾ അവിടെ നിന്നു പോയതിനാൽ ദുരന്തം ഒഴിവായി.
വലിയങ്ങാടിയിലെ വാടിയിലുള്ള സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സൺഷേഡ് സ്ലാബാണ് താഴെയുള്ള ഗോഡൗണിന്റെ മുകളിലേക്ക് വീണത്. വാടിയിൽ സ്വദേശി പി.എൻ.ഉമ്മറിന്റെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിന്റെ കോൺക്രീറ്റ് സൺഷേഡ് സ്ലാബാണ് തകർന്നു വീണത്.
ഏതാണ്ട് 30 മീറ്റർ നീളമുള്ള സ്ലാബിന്റെ പകുതി ഭാഗം താഴത്തെ ഗോഡൗണിന്റെ ആസ്ബറ്റോസ് ഷീറ്റിനു മുകളിലേക്ക് വീഴുകയായിരുന്നു.
ഷീറ്റ് തകർത്ത് ഗോഡൗണിന് അകത്താണ് കോൺക്രീറ്റ് സ്ലാബ് പതിച്ചത്. മുളക് സൂക്ഷിക്കുന്ന ഗോഡൗണാണ് ഇത്.
സമീപത്തെ ബേക്കറി ഗോഡൗണിനു മുകളിൽ തകർന്ന കോൺക്രീറ്റ് സ്ലാബ് തൂങ്ങി കിടക്കുകയാണ്. ഏത് സമയത്തും ബാക്കി സൺഷേഡ് സ്ലാബും വീഴാം.
ഈ കെട്ടിടത്തിന്റെ താഴെ നിലയിൽ ഗോഡൗണുകളും മുകൾ നിലയിൽ മുപ്പതോളം അതിഥിത്തൊഴിലാളികളും താമസിക്കുന്നുണ്ട്.
കോർപറേഷൻ എൻജിനീയറിങ്, ഹെൽത്ത്, റവന്യു വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കെട്ടിടം കാലപ്പഴക്കം കൊണ്ട് ദ്രവിച്ച് അപകട
അവസ്ഥയിലാണെന്ന് ഇവരുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ താമസിച്ചിരുന്ന അതിഥി ത്തൊഴിലാളികളെ മാറ്റി താമസിപ്പിക്കാനും കെട്ടിടം പൂർണമായും ഒഴിപ്പിക്കാനും കോർപറേഷൻ ഉദ്യോഗസ്ഥർ കെട്ടിട
ഉടമയോട് ആവശ്യപ്പെട്ടു. ജില്ലാ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥരും അപകട
സ്ഥലം സന്ദർശിച്ചു. ഡപ്യൂട്ടി കലക്ടർ എം.രേഖയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് എത്തിയത്.
ഇവിടത്തെ മുഴുവൻ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാനും ഇവിടത്തെ താമസക്കാരെയും ഗോഡൗണുകളും മാറ്റാനും കാലപ്പഴക്കമുള്ള കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ചെയ്ത് എൻഒസി വാങ്ങിയ ശേഷമേ ഇനി കെട്ടിടം ഉപയോഗിക്കാവൂ എന്നും ഡപ്യൂട്ടി കലക്ടർ നിർദേശിച്ചു.
വീഴ്ചയുണ്ടെങ്കിൽ നടപടി: മന്ത്രി
കോഴിക്കോട് ∙ വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും ഒരാളെയും വെറുതെ വിടില്ലെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. അപകട
സ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ കെട്ടിടങ്ങളുടെ ഘടനാപരമായ സുസ്ഥിരതയെക്കുറിച്ച് ഗൗരവമായി കോർപറേഷൻ പരിശോധിക്കേണ്ടതുണ്ട്.
കർശനമായ നിലപാടാണ് മേയറും ഇക്കാര്യത്തിൽ സ്വീകരിച്ചത്. ആവർത്തിക്കാതിരിക്കാൻ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ എല്ലാവരും ഒത്തുചേർന്ന് നിയമം നടപ്പാക്കണം.
മന്ത്രി എം.ബി.രാജേഷുമായി ഇക്കാര്യം സംസാരിച്ചു. കെട്ടിടത്തിന്റെ നിലവിലത്തെ അവസ്ഥയുമായി ബന്ധപ്പെട്ട് നേരത്തേ റിപ്പോർട്ട് വന്നിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് അതിൽ നിലപാട് സ്വീകരിച്ചില്ല എന്നത് പരിശോധിക്കണം– മന്ത്രി പറഞ്ഞു.
കോർപറേഷൻ സുരക്ഷാ പരിശോധന ഇന്നുകൂടി
കോഴിക്കോട് ∙ കോർപറേഷന്റെ കാലപ്പഴക്കമുള്ള കെട്ടിടങ്ങളിൽ സുരക്ഷാ പരിശോധന തുടരുന്നു.
കാരപ്പറമ്പ് മത്സ്യ മാർക്കറ്റ് കെട്ടിടം, പുതിയങ്ങാടി മാർക്കറ്റ് കെട്ടിടം എന്നിവ അടിയന്തര നടപടി ആവശ്യമുള്ളതാണെന്ന് കണ്ടെത്തി. ഇത്തരം കെട്ടിടങ്ങളിൽ നിന്നു നിലവിലുള്ള സംവിധാനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കോർപറേഷൻ സെക്രട്ടറി എൻ.കെ.ഹരീഷ് അറിയിച്ചു.
കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന തുടരുകയാണ്. 2 ദിവസം കൊണ്ട് 12 കെട്ടിടങ്ങളുടെ പരിശോധന പൂർത്തിയായി.
പരിശോധനയ്ക്കായി വിവിധ സെക്ടറുകളായി തിരിഞ്ഞ് എൻജിനീയർമാരുടെ സംഘത്തെയാണ് ചുമലപ്പെടുത്തിയിട്ടുള്ളത്.
കോർപറേഷൻ സൂപ്രണ്ടിങ് എൻജിനീയർക്കാണ് പരിശോധന ടീമിന്റെ മുഖ്യ ചുമതല. അടിയന്തര നടപടി ആവശ്യമുള്ളവ, അറ്റകുറ്റപ്പണി നടത്തി നില നിർത്താവുന്നവ, സ്റ്റെബിലിറ്റിയോട് കൂടിയവ എന്നിങ്ങനെ വേർതിരിച്ചാണ് റിപ്പോർട്ട് തയാറാക്കുന്നത്.
പരിശോധന ഇന്ന് പൂർത്തിയാകും. എൻജിനീയറിങ് വിഭാഗം തയാറാക്കുന്ന റിപ്പോർട്ട് കൗൺസിൽ മുമ്പാകെ സമർപ്പിച്ച് കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും.
സുരക്ഷാ പരിശോധനയുടെ പുരോഗതി കോർപറേഷൻ സെക്രട്ടറി എൻ.കെ.ഹരീഷ്, സൂപ്രണ്ടിങ് എൻജിനീയർ എൻ.കെ.ബിജോയ് എക്സിക്യൂട്ടീവ് എൻജിനീയർ രേഖ പി.ആനന്ദ് എന്നിവർ അടങ്ങിയ സംഘം വിലയിരുത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

