കണ്ണൂർ: കണ്ണൂർ പെരിങ്ങോമില്‍ യൂത്ത് ലീഗ് നേതാവിനെ സിപിഎം പ്രവർത്തകർ മർദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. സിപിഎം പ്രവർത്തകരായ ഏഴു പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
മാരകായുധങ്ങൾ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഇന്നലെ ഉച്ചയ്ക്ക് ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിക്കവെയാണ് യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഇക്ബാലിന് മർദ്ദനമേറ്റത്.
ഇതിനിടെ, കണ്ണൂർ എകെജി ആശുപത്രിക്ക് മുന്നിൽ വെച്ച് മന്ത്രിക്കെതിരെ കരിങ്കോടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തിട്ടുണ്ട്. മന്ത്രി വീണാ ജോർജിന്റെ വാഹനത്തിന് മുന്നിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
യൂത്ത് ലീഗ് ജില്ലാപ്രസിഡന്റ് കെ കെ ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്കർ കണ്ണാടിപറമ്പ, ജാബിർ, നിസാം, നിഹാൽ ഇരിക്കൂർ എന്നിവരാണ് റിമാൻഡിലായത്. സർക്കാര്‍ ആശുപത്രികളിലെ ചികിത്സാപിഴവ് ആരോപണങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം മന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം കെഎസ്യു പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ മന്ത്രിക്ക് നേരെ അതിക്രമം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് 5 കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുക്കുകയും ഇവരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
നിലവില്‍ മന്ത്രി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എംആർഐ സ്കാനിംഗ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനം.
കെഎസ്യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് മുതൽ അഞ്ചര മണിക്കൂർ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

