കൊച്ചി ∙ എൽടിടിഇ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചതിന് എൻഐഎ അറസ്റ്റ് ചെയ്ത ശ്രീലങ്കൻ പൗരന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. തടവിലായിട്ട് നാലു വർഷവും നാലു മാസവുമായെന്നതും കേസിന്റെ വിചാരണ അടുത്തെങ്ങും തുടങ്ങാൻ സാധ്യതയില്ലെന്നതും പരിഗണിച്ചാണ് ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമാധികാരി, പി.വി.ബാലകൃഷ്ണൻ എന്നിവർ കടുത്ത ഉപാധികളുടെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിച്ചത്.
അഭയാർഥിയായി ചെന്നൈയിൽ താമസിച്ചിരുന്ന ശ്രീലങ്കൻ പൗരൻ സത്കുനാം എന്ന സബേശനെ 2021ലാണ് എൻഐഎ അറസ്റ്റ് ചെയ്യുന്നത്.
ശ്രീലങ്കയ്ക്കെതിരെ പോരാടാൻ നിരോധിത സംഘടനയായ എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചു എന്നു കാട്ടിയാണ് എൻഐഎ അറസ്റ്റ് ചെയ്യുന്നത്. ഇയാൾ എൽടിടിഇയുടെ സായുധ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നുവെന്നും കൊല്ലപ്പെട്ട
എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന്റെ സുരക്ഷാ സംഘത്തിൽ ഉണ്ടായിരുന്ന ആളാണെന്നും എൻഐഎ പറയുന്നു. യുഎപിഎയിലെ വിവിധ വകുപ്പുകൾ അടക്കമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
എൽടിടിഇ പുനരുജ്ജീവിപ്പിക്കാനായി പണം സ്വരൂപിക്കാൻ ലഹരി, ആയുധക്കടത്തും നടത്തിയെന്ന കുറ്റവും പ്രോസിക്യൂഷൻ ചുമത്തിയിട്ടുണ്ട്.
300 കിലോ ഹെറോയിൻ, അഞ്ചു തോക്കുകൾ, വെടിയുണ്ടകൾ എന്നിവയുടെ കാര്യവും എൻഐഎ പരാമർശിക്കുന്നുണ്ട്. സ്വർണ, ഹവാല റൂട്ടുകളിലൂടെ ലഹരിയും ആയുധങ്ങളും കടത്തുകയും ഈ പണം വിവിധ സ്ഥാവര, ജംഗമ വസ്തുക്കളിൽ നിക്ഷേപിക്കുകയുമാണ് ചെയ്തത്.
എൽടിടിഇയെ സഹായിക്കാനായിരുന്നു ഇതെന്നും എൻഐഎ വാദിച്ചു.
നേരത്തെ എൻഐഎ പ്രത്യേക കോടതി ഇയാളുടെ ജാമ്യ ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
അറസ്റ്റിലായി 4 കൊല്ലം കഴിഞ്ഞ കാര്യവും വിചാരണ വൈകുന്നതും കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ 21ാം അനുച്ഛേദം വിദേശ പൗരനാണെങ്കിലും ഇയാൾക്കും ബാധകമാണെന്നും വിവിധ സുപ്രീം കോടതി വിധികൾ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി.
വിചാരണ കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുത്, പാസ്പോർട്ട് സമർപ്പിക്കണം, എല്ലാ ആദ്യത്തേതും മൂന്നാമത്തേതും ശനിയാഴ്ചകളിൽ താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം, എൻഐഎക്ക് കൂടി അറിയാവുന്ന ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാവൂ തുടങ്ങിയ കർശന നിബന്ധനകളോടെയാണ് ജാമ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

