കൊച്ചി ∙ 1974 ഏപ്രിൽ 29നു 33 പേർ മരിച്ച കരടിപ്പാറ ബസ് അപകടത്തിൽ നിന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ എംഎൽഎ കെ.മുഹമ്മദാലിയും രക്ഷപ്പെടാൻ നിമിത്തമായി മാറിയ ജിമ്മി മഠത്തിപ്പറമ്പിൽ എന്ന ജയിംസ് ഓർമയായി. അപകടത്തിൽപെട്ട
ബസിൽ യാത്ര ചെയ്യാൻ സീറ്റ് ബുക്ക് ചെയ്തിരുന്ന ഇരു നേതാക്കളെയും അന്ന് ഇടുക്കി ജില്ലാ യൂത്ത് കോൺഗ്രസ് ഓർഗനൈസിങ് പ്രസിഡന്റായിരുന്ന ജിമ്മി ബസിൽ കയറാൻ അനുവദിക്കാതെ തടഞ്ഞുവച്ചതാണ് അവരുടെ രക്ഷപ്പെടലിനു കാരണമായത്.
മുഹമ്മദാലിയുടെ ‘നടന്ന വഴികൾ, പിന്നിട്ട വഴികൾ’ എന്ന ഓർമക്കുറിപ്പുകളുടെ സമാഹാരത്തിൽ ഈ സംഭവം വിവരിക്കുന്നുണ്ട്.
അന്ന് ഉമ്മൻ ചാണ്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും മുഹമ്മദാലി സെക്രട്ടറിയുമാണ്. കൊച്ചി കലൂർ സ്വദേശിയായ ജിമ്മി കാന്തല്ലൂരിൽ കൃഷിയും മറ്റുമായി കഴിയുകയായിരുന്നു.
യൂത്ത് കോൺഗ്രസിന്റെ പരിപാടിയിൽ പങ്കെടുക്കാൻ ജിമ്മി നേതാക്കളെ കാന്തല്ലൂരിലേക്കു ക്ഷണിച്ചു.
കെഎസ്ആർടിസി ബസിൽ ഉമ്മൻ ചാണ്ടിയും മുഹമ്മദാലിയും അടിമാലിയിലെത്തി. അവിടെനിന്ന് ഐഎൻടിയുസിയുടെ ജീപ്പിൽ മറയൂരിലേക്കു പോയി.
അക്കാലത്തു ജീപ്പ് പോകുന്ന റോഡ് മാത്രമേ അവിടേക്കുള്ളൂ. രാത്രി ജിമ്മിക്കൊപ്പം എസ്റ്റേറ്റിലെ കുടിലിൽ കഴിച്ചുകൂട്ടിയ നേതാക്കൾ പിറ്റേന്നു പുലർച്ചെ ഏതാനും ആദിവാസി ഊരുകളിലെ സ്വീകരണങ്ങളിൽ പങ്കെടുത്തു.
തുടർന്നു രാവിലെ 8നു മൂന്നാറിൽനിന്ന് എറണാകുളത്തേക്കുള്ള ബസിൽ കോതമംഗലത്ത് എത്താനായിരുന്നു പരിപാടി.
ഇതിനിടെ എല്ലാ ആദിവാസി ഊരുകളും സന്ദർശിക്കാതെ രണ്ടുപേരെയും വിടില്ലെന്നായി ജിമ്മി. ഉമ്മൻ ചാണ്ടി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ജിമ്മി വഴങ്ങിയില്ല.
ഒടുവിൽ ഉമ്മൻ ചാണ്ടി ദേഷ്യപ്പെട്ട് അടിമാലിയിലേക്കു പോകാനുള്ള ജീപ്പിൽ കയറി. ജിമ്മി ജീപ്പിനു മുന്നിലേക്കു ചാടി റോഡിൽ വട്ടംകിടന്നു.
ജിമ്മി പിന്മാറില്ലെന്നു ബോധ്യമായതോടെ ഉമ്മൻ ചാണ്ടി ജീപ്പിൽ നിന്നിറങ്ങി ബാക്കിയുള്ള ആദിവാസി ഊരുകൾ കൂടി സന്ദർശിക്കാൻ തയാറായി. പോകാനിരുന്ന ബസിൽ ജിമ്മിയുടെ പിടിവാശി മൂലം നേതാക്കൾക്കു കയാറാനായില്ല.
അടുത്ത ബസിൽ മൂന്നാറിലെത്തിയപ്പോൾ കണ്ട
കാഴ്ച ഹൃദയഭേദകമായിരുന്നു എന്നാണ് മുഹമ്മദാലി എഴുതുന്നത്. യാത്ര ചെയ്യാനിരുന്ന ബസ് പള്ളിവാസൽ പവർ ഹൗസിനു സമീപം കരടിപ്പാറ വളവിൽ നിയന്ത്രണംവിട്ട് 1500 അടി താഴ്ചയിലേക്കു മറിഞ്ഞു പല കഷണങ്ങളായി.
33 പേർ മരിച്ചു. 24 പേർക്കു പരുക്കേറ്റു.
ജിമ്മി തങ്ങളുടെ യാത്ര മുടക്കിയിരുന്നില്ലെങ്കിൽ ഒരുപക്ഷേ, കേരളത്തിന്റെയും ആലുവ നിയോജകമണ്ഡലത്തിന്റെയും രാഷ്ട്രീയ ചരിത്രം മറ്റൊന്നാകുമായിരുന്നു എന്നും മുഹമ്മദാലി എഴുതി. ഉമ്മൻ ചാണ്ടിയും മുഹമ്മദാലിയും ഇന്നില്ല.
ജിമ്മിയും ഇന്നലെ അവരുടെ വഴിയേ യാത്രയായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

