കോഴിക്കോട് ∙ ആയുസ്സിന്റെ ബലം കൊണ്ടു മാത്രമാണ് പയ്യാനക്കൽ പടന്നവളപ്പിൽ കെ.പി.അബ്ദുൽ ജലീൽ ഇപ്പോഴും ജീവനോടെയിരിക്കുന്നത്. അപകടത്തിന്റെ ആ നിമിഷങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ജലീലിന്റെ കണ്ണുകളിൽ ഭീതി നിറയുകയാണ്.
ഒപ്പമുണ്ടായിരുന്ന 3 പേർ ഇപ്പോൾ ഈ ലോകത്തില്ലെന്ന് വിശ്വസിക്കാനാകുന്നില്ല. അപകടത്തിൽ പരുക്കേറ്റ് ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ജലീലിന്റെ തൊട്ടടുത്ത വാർഡിലായാണ് കൂടെയുണ്ടായിരുന്ന കിണാശ്ശേരി സ്വദേശി ജബ്ബാറിന്റെയും അത്തോളി സ്വദേശികളായ ബഷീറിന്റെയും അഷ്റഫിന്റെയും മൃതദേഹങ്ങൾ കിടത്തിയിരുന്നത്.
പതിവ് ദിവസങ്ങളെ പോലെയാണ് ഇന്നലെ രാവിലെയും ഇവർ ജോലിക്കായി വലിയങ്ങാടിയുടെ പടിഞ്ഞാറേ അറ്റത്തുള്ള കോർപറേഷൻ കെട്ടിടത്തിനരികിൽ ഒത്തു ചേർന്നത്.
മിനി ലോറിയിൽ ലോഡ് കയറ്റാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടയിലെ ഇടവേളയിൽ കെട്ടിടത്തിന്റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് സൺഷേഡ് തകർന്ന് ഇവരുടെ മുകളിലേക്ക് വീണത്.
വരാന്തയിൽ കിഴക്കേ അറ്റത്തായിരുന്നു അബ്ദുൽ ജലീൽ ഇരുന്നിരുന്നത്. പെട്ടെന്ന് വലിയൊരു ശബ്ദത്തോടെ സ്ലാബ് തകർന്നു വീണപ്പോൾ ജലീൽ ഒഴികെ ബാക്കി 4 പേരും അടിയിൽ കുടുങ്ങി.
ജലീലിന്റെ ദേഹത്തേക്ക് കോൺക്രീറ്റ് കഷ്ണങ്ങൾ തെറിച്ചു വീണ പരുക്കാണുള്ളത്. കൈക്കും കാലിനും മുറിവുണ്ട്.
ഇവർക്കൊപ്പം കെട്ടിടത്തിന്റെ മുറ്റത്ത് നിന്നു സംസാരിച്ചിരുന്ന അബ്ദുൽ റഹിമാൻ ഓടി മാറിയതിനാലാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.
അബ്ദുൽ ജലീലിന്റെ മകൻ മുഹമ്മദ് അൽഫാസും ഇവർക്കൊപ്പം ജോലി ചെയ്യുന്നുണ്ടായിരുന്നു. അപകടത്തിനു തൊട്ടു മുൻപ് അൽഫാസ് സമീപത്തെ കടയിലേക്ക് പോയതാണ്.
അൽഫാസ് പോകുമ്പോൾ ഉപ്പ അബ്ദുൽ ജലീലും മറ്റുള്ളവരും അവിടെയിരുന്നു വർത്തമാനം പറയുകയായിരുന്നു. കോൺക്രീറ്റ് സ്ലാബ് വീണതിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ അൽഫാസ് കണ്ടത് രക്തമൊലിക്കുന്ന ഉപ്പയെയും കോൺക്രീറ്റ് സ്ലാബിന് അടിയിൽ കുടുങ്ങി കിടക്കുന്ന മറ്റുള്ളവരെയുമാണ്.
ഗുരുതരമായി പരുക്കേറ്റ തിരുവങ്ങൂർ സ്വദേശി വിനോദിനെ ബീച്ച് ആശുപത്രിയിലെത്തിച്ചതും അവിടെ നിന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയതും മുഹമ്മദ് അൽഫാസായിരുന്നു.
വിനോദിന്റെ ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയശേഷം രണ്ടരയോടെയാണ് മുഹമ്മദ് അൽഫാസ് ഉപ്പ ചികിത്സയിൽ കഴിയുന്ന ബീച്ച് ജനറൽ ആശുപത്രിയിലെത്തിയത്. വൈകിട്ടോടെ പരുക്കേറ്റ വിനോദും മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു.
ഇരുമ്പ് പൊട്ടുന്ന ശബ്ദം; ഒറ്റ ഓട്ടം..
അബ്ദുറഹ്മാന് ഞെട്ടൽ ഒഴിയുന്നില്ല
കോഴിക്കോട് ∙ ‘‘ഞങ്ങളെല്ലാവരും കൂടി അവിടെ വരാന്തയിലിരുന്നു കഥ പറയുകയായിരുന്നു. മോളീന്ന് എന്തൊക്കെയോ പൊടിഞ്ഞു വീഴുന്നുണ്ടായിരുന്നു.
ഇരുമ്പ് പൊട്ടുന്ന ഒച്ച കേട്ടപ്പോ ഞാനോടി. തിരിഞ്ഞു നോക്കിയപ്പോൾ സ്ലാബ് വീണ് എല്ലാവരും അടിയിലായിട്ടുണ്ട്.
ഞെട്ടിപ്പോയി.’’ വലിയങ്ങാടിയിലെ തൊഴിലാളി എ.ടി.അബ്ദുറഹ്മാൻ പറഞ്ഞു. തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ഞെട്ടലിലാണ് അബ്ദുറഹ്മാൻ.
ഇന്നലെ വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീഴുമ്പോൾ അവിടെ വരാന്തയിലുണ്ടായിരുന്ന ഏഴുപേരിൽ ഒരാളാണ് അബ്ദുറഹ്മാൻ. 2 പേരാണ് രക്ഷപ്പെട്ടത്.
കൂടെയുണ്ടായിരുന്ന 4 പേർ മരിച്ചു. ഒരാൾ പരുക്കേറ്റ് ചികിത്സയിലാണ്.
‘‘കോയക്ക കരഞ്ഞുകൊണ്ട് എന്നെ വിളിക്കുന്നുണ്ടായിരുന്നു.
ഞാൻ ചെന്നെങ്കിലും ഒന്നും ചെയ്യാൻ പറ്റിയില്ല. മൂപ്പരുടെ കാല് സ്ലാബിനടിയിൽ ആയിരുന്നു.
ലോഡുമായി വന്ന ലോറിയുടെ ഓണറും ഡ്രൈവറുമാണ് ബഷീർക്ക. മൂപ്പര് സ്ലാബിന്റെ അടിയിൽ കമിഴ്ന്നു കിടക്കുന്നതാണ് കണ്ടത്.’’ അബ്ദുറഹ്മാൻ പറഞ്ഞു.
സംഭവം വിവരിക്കുമ്പോഴും അബ്ദുറഹ്മാന്റെ പേടി മാറിയിരുന്നില്ല. ‘എന്റെ കയ്യും കാലും വിറയ്ക്കുകയായിരുന്നു.
വലിയ ശബ്ദത്തോടെയാണ് സ്ലാബ് വീണത്. ആളുകൾ ഓടിക്കൂടിയാണ് രക്ഷിച്ചത്.
ഫയർഫോഴ്സിനെ വിളിച്ചു. അവരു വന്നാണ് കട്ട് ചെയ്ത് ബാക്കിയുള്ളവരെ പുറത്തെടുത്തത്.’’ അബ്ദുറഹ്മാൻ പറഞ്ഞു.
ഗോഡൗണിൽ സാധനങ്ങളുമായെത്തുന്ന ഓട്ടോ തൊഴിലാളിയാണ് അബ്ദുറഹ്മാൻ. ‘‘അവിടെയിരുന്ന അസറുവും ഞാനും മാത്രമാണ് ഓടി രക്ഷപ്പെട്ടത്.
’’ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയുടെ അധികൃതരും അബ്ദുറഹ്മാന്റെ മൊഴിയെടുത്തു.
‘കെട്ടിടത്തിന് പഴക്കമുണ്ട്; പുതിയത് പണിയുമെന്ന് പത്രത്തിൽ കണ്ട അറിവുമാത്രം’
കോഴിക്കോട് ∙ ‘‘ ജബ്ബാറ് എന്റെ കടയിൽ പണിയെടുക്കുന്നതാണ്.
ഏഴെട്ടു കൊല്ലമായി എന്റെ കൂടെയുണ്ട്. ഇവിടെനിന്ന് കിട്ടുന്നതു കൊണ്ടാണ് കുടുംബം പോറ്റിയിരുന്നത്.
ഒരു മണിക്കൂർ മുൻപുവരെ ഞങ്ങള് വർത്തമാനം പറഞ്ഞതാണ്. ഇപ്പോ അവനില്ല.’’ ഗാമാ ട്രേഡേഴ്സ് ഉടമ മുഹമ്മദ് അസ്ലം കണ്ണു തുടച്ചുകൊണ്ട് പറഞ്ഞു.
കോർപറേഷൻ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ ഭാഗത്തെ കടമുറികളുടെ ഉടമയാണ് അസ്ലം.
‘‘ഞാനിവിടെ 25 വർഷമായി കച്ചവടം നടത്തുന്നു. കഴിഞ്ഞ 15 വർഷമായി ഗോഡൗൺ ഇവിടെയാണ്.
കാലപ്പഴക്കം കാരണം ഭീഷണിയുള്ള കെട്ടിടമാണ് ഇത്. കോർപറേഷൻ അറ്റകുറ്റപ്പണി നടത്താറുണ്ടായിരുന്നു.
കെട്ടിടം തിരിച്ചെടുത്ത് പുതിയ കെട്ടിടം പണിയുമെന്നു കഴിഞ്ഞ മാർച്ചിൽ പത്രത്തിൽ വാർത്ത വന്നിരുന്നു. പക്ഷേ, ഞങ്ങൾക്ക് നോട്ടിസ് ഒന്നും തന്നിട്ടില്ല.’’ അസ്ലം പറഞ്ഞു.
അസ്ലമിന്റെ മൂന്നു ഇരുചക്രവാഹനങ്ങളും സ്ലാബിനടിയിൽപെട്ട് നശിച്ചു.
‘‘ഓരോ മാസവും വാടക അടയ്ക്കുന്നുണ്ട്. അഞ്ചാം തീയതിയാണ് വാടക അടയ്ക്കുന്നത്.
വൈകിയാൽ വലിയ പിഴ നൽകേണ്ടിവരും. പൊളിച്ചുനീക്കാൻ നോട്ടിസ് നൽകിയാൽ വാടക അടയ്ക്കാൻ പറയില്ലല്ലോ’’ അസ്ലം പറഞ്ഞു.
കെട്ടിടം പഴയതാണെങ്കിലും ഇത്ര ഗുരുതരമാണെന്നു കരുതിയില്ലെന്നും അസ്ലം പറഞ്ഞു. കോർപറേഷൻ അധികൃതർ ഈ സൺഷേഡ് കണ്ടതാണ്.
അത് ഗൗരവമായി തോന്നാത്തതു കൊണ്ടായിരിക്കാം ഒന്നും ചെയ്യാതിരുന്നത്. ‘‘ സംഭവിച്ച ദുരന്തം ഏറെ വലുതാണ്.
ഈ സമയത്ത് ഇതിലും കൂടുതൽ ആൾക്കാരുണ്ടാവാറുണ്ട്. ഈ അപകടം വിശ്വസിക്കാനാവുന്നില്ല’’ അസ്ലം പറഞ്ഞു.
ഉണർന്ന് പ്രവർത്തിച്ച് ബീച്ച് ആശുപത്രി
കോഴിക്കോട് ∙ ബീച്ച് ജനറൽ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടേകാലോടെ ആംബുലൻസുകളും പൊലീസ് ജീപ്പുകളും കുതിച്ചെത്തിയത് മൃതപ്രായരായ 4 ജീവനുകളുമായിട്ടാണ്.
വലിയങ്ങാടി കെട്ടിട ദുരന്തത്തിൽ അകപ്പെട്ടവരുമായി വാഹനങ്ങൾ കുതിച്ചത് ഏറ്റവും അടുത്തുള്ള ബീച്ച് ജനറൽ ആശുപത്രിയിലേക്കായിരുന്നു.
ഗൗരവം മനസ്സിലാക്കി അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരും നഴ്സുമാരും സർവ സജ്ജരായി. അതീവ ഗുരുതര പരുക്കുകളോടെ എത്തിയവരിൽ പെട്ടെന്ന് റഫർ ചെയ്യാൻ പറ്റുന്ന തിരുവങ്ങൂർ സ്വദേശി വിനോദിനെ പ്രാഥമിക ശുശ്രൂഷ നൽകി, മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
ബാക്കിയുള്ള 3 പേരെയും ജീവൻ രക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്തെങ്കിലും സാധിച്ചില്ല.
ബീച്ച് ആശുപത്രിയിൽ ഒടുവിൽ മരിച്ച ഡ്രൈവർ ബഷീർ ആശുപത്രിയിലെത്തിയിട്ടും സംസാരിച്ചിരുന്നതായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട വലിയങ്ങാടിയിലെ തൊഴിലാളിയായ മൊയ്തീൻ കോയ പറഞ്ഞു.
വയറിനു താഴേക്ക് സ്ലാബിനടിയിൽ പെട്ടിരുന്ന ബഷീറിന് വയറിനു മുകളിലേക്ക് കാര്യമായ പരുക്ക് ഉണ്ടായിരുന്നില്ല. ദുരന്തം അറിഞ്ഞതോടെ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ, ജനറൽ സെക്രട്ടറി ഷാജിർ അറാഫത്ത്, സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, മേയർ ഒ.സദാശിവൻ തുടങ്ങി ഒട്ടേറെ പ്രമുഖർ ആശുപത്രിയിലെത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

