ഓച്ചിറ ∙ രംഗവേദികളിൽ അഭിനയ വിസ്മയം സൃഷ്ടിച്ച വള്ളിക്കാവ് സിസിലിക്ക് കെപിസിസിയുടെ സാഹിതി തിയറ്റേഴ്സ് വീട് വച്ച് നൽകുമെന്ന് സംഘടനയുടെ ചെയർമാൻ സി.ആർ.മഹേഷ് എംഎൽഎ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഴയകാല നാടക നടിക്ക് നാടക സമിതി വീട് വച്ച് നൽകുന്നതെന്നും മഹേഷ് പറഞ്ഞു.
നാടക കലാകാരന്മാരെ സർക്കാർ അവഗണിക്കുകയാണ്. കണ്ണൂർ കേളകത്ത് വാഹനാപകടത്തിൽ മരിച്ച നാടക കലാകാരന്മാർക്ക് പോലും സംസ്ഥാന സർക്കാർ 25,000 രൂപ മാത്രമാണ് അടിയന്തര ധനസഹായമായി നൽകിയത്.
അല്ലാതെ വേറൊരു പണവും കൊടുത്തിട്ടില്ല. സാഹിതി തിയറ്റേഴ്സ് അന്ന് അവർക്ക് 50,000 രൂപയാണ് നൽകിയത്.
കേരളത്തിലെ സർക്കാരിൽ നിന്നും നാടക കലാകാരന്മാർ ഇങ്ങനെയൊരു സമീപനമല്ല പ്രതീക്ഷിക്കുന്നതെന്നും മഹേഷ് പറഞ്ഞു.
വിധിയുടെ നാടകത്തിൽ സിസിലിക്ക് സങ്കട വേഷം
സിസിലിയുടെ ഇപ്പോഴത്തെ ജീവിതം ഒരു ദുരന്ത നാടകം പോലെയാണ്.
വേദികളിൽ കരയുകയും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത് അരനൂറ്റാണ്ട് അരങ്ങിൽ നിറഞ്ഞുനിന്ന എഴുപത്തിനാലുകാരിയായ സിസിലിയുടെ ക്ലാപ്പനയിലെ വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ നാടകരംഗം പോലെ നോവ് പകരുന്നതാണ്. രോഗങ്ങളോടും ദുരിതങ്ങളോടും പൊരുതുന്ന സിസിലി പാതി തകർന്ന വീടിനു വെളിയിൽ കട്ടിൽ ഇട്ട് അവിടെയാണു പകൽ കഴിയുന്നത്.
രാത്രിയിൽ മരണ ഭയത്തോടെ എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന വാതിൽ പോലുമില്ലാത്ത ഒരു മുറിയിൽ. ആറ് കൊല്ലം മുൻപ് പക്ഷാഘാതം വന്നതോടെയാണു നാടകത്തിൽ നിന്നു അരങ്ങൊഴിഞ്ഞത്.
ഇപ്പോൾ ഹൃദയവും പിണക്കത്തിലാണ്. നടക്കാൻ പോലും ഒരാളുടെ സഹായം വേണം.
ഇളയ മകൻ അരുൺകുമാറിനോടൊപ്പം ക്ലാപ്പന തെക്കാണു താമസം. ആകെ ലഭിക്കുന്ന വാർധക്യകാല പെൻഷൻ മരുന്നും റേഷൻ അരിയും വാങ്ങാനും തികയുകയില്ല.
തലചായ്ക്കാൻ അടച്ചുറപ്പുള്ള ഒരു വീട് സിസിലിയുടെ ഒരു വലിയ സ്വപ്നമാണ്. കല്ലുകൊണ്ട് നിർമിച്ച വീടിന്റെ ഒരു ഭാഗം പൂർണമായി തകർന്നു വീണു.
സ്കൂളിൽ പഠിക്കുമ്പോൾ അമച്വർ നാടകങ്ങളിലൂടെയാണു സിസിലി അഭിനയ ജീവിതത്തിൽ കടന്നുവന്നത്.
സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം നൃത്തനാടകത്തിലും പിന്നീട് പ്രഫഷനൽ നാടകത്തിലുമെത്തി. മുന്നു മക്കളായ ശേഷം ഭർത്താവ് 45 വർഷം മുൻപ് സിസിലിയെയും മക്കളെയും ഉപേക്ഷിച്ചു പോയി.
തുടർന്നു നാടകത്തിലൂടെ ലഭിച്ച വരുമാനം കൊണ്ടാണു ഒരു മകൾ ഉൾപ്പെടെയുള്ള മൂന്നു മക്കളെയും വളർത്തിയത്. അവിവാഹിതനായ ഇളയമകൻ മാത്രമാണു കൂടെയുള്ളത്.
മകന്റെ വരുമാനം സിസിലിയുടെ ചികിത്സയ്ക്കു ചെലവാകുകയാണ്. കേരളത്തിലെ മിക്ക പ്രഫഷനൽ നാടക സമിതിയിലും അഭിനയിച്ച സിസിലിയുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സുമനസ്സുകളുടെ സഹായം ആവശ്യമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

