ദില്ലി: ഇന്ത്യയും റഷ്യയും തമ്മിൽ സുപ്രധാന കരാറിനൊരുങ്ങുന്നു. അപൂർവവും തന്ത്രപ്രധാനവുമായ ധാതുക്കളുടെ സാങ്കേതികവിദ്യയിൽ സഹകരിക്കുന്നതിനായാണ് പുതിയ കരാർ.
ഐഐടി ധൻബാദിലെ ടെക്സ്മിൻ ഫൗണ്ടേഷനും റഷ്യയുടെ റോസാറ്റം സ്റ്റേറ്റ് ആറ്റോമിക് എനർജി കോർപ്പറേഷന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ ഗിറെഡ്മെറ്റും തമ്മിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇന്ത്യയുടെ ഊർജ്ജമാറ്റത്തിനും ഇലക്ട്രോണിക്സ് നിർമ്മാണത്തിനും തന്ത്രപ്രധാന മേഖലകൾക്കും അപൂർവ ധാതുക്കൾ വളരെ പ്രധാനമാണെന്ന് ഐഐടി ധൻബാദ് ഡയറക്ടറും ടെക്സ്മിൻ ഫൗണ്ടേഷൻ ഗവേണിംഗ് ബോർഡ് ചെയർമാനുമായ സുകുമാർ മിശ്ര പറഞ്ഞു.
ഗിറെഡ്മെറ്റുമായുള്ള ഈ സഹകരണം, അപൂർവ ലോഹങ്ങളുടെയും നൂതന സാമഗ്രികളുടെയും കാര്യത്തിൽ ഇന്ത്യയുടെ സ്വാശ്രയത്വം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഖനനത്തിന്റെ എല്ലാ ഘട്ടങ്ങളിലും സഹകരിക്കാനാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
ധാതുക്കൾ കണ്ടെത്തുന്നത് മുതൽ അവയെ വേർതിരിച്ച്, ശുദ്ധീകരിച്ച്, പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കുന്നത് വരെ ഇതിൽ ഉൾപ്പെടും. ഐഐടി ധൻബാദിൽ നടന്ന ഇൻഡസ്ട്രി-ഇൻസ്റ്റിറ്റ്യൂട്ട് ഇൻ്ററാക്ഷൻ 2026 കോൺക്ലേവിൽ വെച്ചാണ് കരാർ ഒപ്പുവെച്ചത്.
കേന്ദ്ര സർക്കാരിന് കീഴിലുള്ള അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ സിഇഒ ശിവകുമാർ കല്യാണരാമൻ ചടങ്ങിൽ പങ്കെടുത്തു. കരാർ പ്രകാരം, അപൂർവ ധാതുക്കൾ സംസ്കരിക്കുന്നതിനുള്ള സാങ്കേതികവിദ്യകളിൽ ഇരു സ്ഥാപനങ്ങളും സംയുക്തമായി ഗവേഷണം നടത്തും.
ഗിറെഡ്മെറ്റിന്റെ പ്രക്രിയകൾ ടെക്സ്മിൻ ഫൗണ്ടേഷനിൽ പരീക്ഷിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. നിയോഡൈമിയം-അയൺ-ബോറോൺ അടിസ്ഥാനമാക്കിയുള്ള ശക്തിയേറിയ സ്ഥിരം കാന്തങ്ങൾ വികസിപ്പിക്കുന്നത് പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
ഉയർന്ന നിലവാരമുള്ള ശുദ്ധലോഹങ്ങൾ, ലോഹസങ്കരങ്ങൾ, ഇലക്ട്രോണിക്സ്, ഒപ്റ്റിക്സ് എന്നിവയ്ക്ക് ആവശ്യമായ വസ്തുക്കൾ എന്നിവയും നിർമ്മിക്കും. ലിഥിയം-അയൺ ബാറ്ററികൾ റീസൈക്കിൾ ചെയ്ത് ലിഥിയം, നിക്കൽ, കോബാൾട്ട് എന്നിവ വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യകളും വികസിപ്പിക്കും.
പഴയ ഖനികളിലെ മാലിന്യങ്ങളിൽ നിന്നും ഗുണനിലവാരം കുറഞ്ഞ അയിരുകളിൽ നിന്നും ധാതുക്കൾ വീണ്ടെടുക്കാനുള്ള വഴികളും തേടും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയവ ഉപയോഗിച്ച് ഖനന പ്ലാൻ്റുകളുടെ പ്രവർത്തനം കൂടുതൽ മികച്ചതാക്കാനും പദ്ധതിയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

