നെന്മാറ ∙ മലേഷ്യയിലേക്കു ടൂർ പാക്കേജ് എന്ന വ്യാജേന 4,45,000 രൂപ തട്ടിയതായി പരാതി. ഇടുക്കി കട്ടപ്പന സ്വദേശികളായ 3 പേർക്കെതിരെ പൊലീസ് കേസെടുത്തു.
സമൂഹമാധ്യമ പരസ്യം കണ്ടു ബന്ധപ്പെട്ട കൊല്ലങ്കോട് സ്വദേശിയും ബന്ധുക്കളായ 25 പേരും അടങ്ങുന്ന സംഘത്തിന്റെ പണമാണു നഷ്ടമായത്.
ടൂർ പാക്കേജിൽ വിമാന ടിക്കറ്റ്, താമസം, ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 45,500 രൂപയാണ് ആദ്യം പറഞ്ഞുറപ്പിച്ചത്. നവംബർ 10ന് അഡ്വാൻസായി 70,000 രൂപയും പിന്നീട് 6 തവണകളായി ആകെ 4,45,000 രൂപയും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുകയും ചെയ്തു.
അഡ്വാൻസായി കൂടുതൽ തുക ആവശ്യപ്പെട്ടതോടെ കട്ടപ്പനയിലുള്ള അവരുടെ ഓഫിസിലെത്തി ചർച്ച നടത്തി.
വിമാന ടിക്കറ്റിന് കൂടുതൽ തുക അടയ്ക്കേണ്ടി വരുന്നുണ്ടെന്നും അതിനാൽ പാക്കേജിന് കൂടുതൽ തുക വേണമെന്നും ആവശ്യപ്പെട്ടതു പ്രകാരം ഒരാൾക്ക് 49,000 രൂപ വീതം നൽകാമെന്നു സമ്മതിച്ചു.
എന്നാൽ പിന്നീട് വാക്കുമാറുകയും 6,30,000 രൂപ ഉടൻ വേണമെന്നും പറഞ്ഞതോടെ സംശയം തോന്നിയ പരാതിക്കാർ പണം തരാനാകില്ലെന്നും അഡ്വാൻസായി നൽകിയ പണം തിരികെ വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ നിരന്തരം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരിക്കാതിരുന്നതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
ഇടുക്കി സ്വദേശികളായ ടോണി വർഗീസ്, ആരതി എസ്.നായർ, അനിത കുമാരി എന്നിവർക്കെതിരെയാണു പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടുതൽ കാര്യം അന്വേഷിച്ചു വരുന്നതായും പൊലീസ് ഇൻസ്പെക്ടർ എ.പി.അനീഷ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

