കേരളത്തിനു നെല്ലും പാലും നൽകുന്ന ചിറ്റൂരിൽ വെള്ളവും വളവുമെല്ലാം രാഷ്ട്രീയ വിഷയങ്ങളാണ്. ഒരു പാർട്ടിക്കും ഉറച്ച കോട്ടയെന്നു വിളിക്കാൻ പറ്റാത്ത ചിറ്റൂരിലെ വോട്ടർമാരുടെ മനസ്സിൽ ഇത്തവണ എന്താകുമെന്നതു പ്രവചനാതീതമാണ്. പാലക്കാട്ടെ ഏറ്റവും മനോഹരമായ ഗ്രാമീണക്കാഴ്ചകളും നെൽപാടങ്ങളുമുള്ള സ്ഥലമാണ് ചിറ്റൂർ.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മണ്ഡലത്തിൽ കർഷകരുടെ പ്രശ്നങ്ങളും നിത്യജീവിതത്തെ ബാധിക്കുന്ന സോഷ്യലിസ്റ്റ് പാർട്ടികൾക്ക് കാര്യമായ സ്വാധീനമുള്ള മണ്ഡലത്തിൽ കോൺഗ്രസിനും സിപിഎമ്മിനും നല്ല വേരോട്ടമുണ്ട്. ഒട്ടേറെ തെങ്ങിൻതോപ്പുകളുള്ള ഇവിടെയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കള്ള് ഉൽപാദിപ്പിക്കുന്നതെന്നതും പ്രത്യേകതയാണ്. തമിഴ്നാട്ടിൽനിന്നു ജോലിക്കെത്തി വർഷങ്ങളായി ഇവിടെ താമസിച്ചു ചിറ്റൂരുകാരായി മാറിയവരെല്ലാം മണ്ഡലത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിർണായകമാണ്.
കഥ ഇതുവരെ
തുടർച്ചയായി 20 വർഷം കോൺഗ്രസിലെ കെ.അച്യുതനെ നിയമസഭയിലെത്തിച്ച ചിറ്റൂർ കഴിഞ്ഞ 10 വർഷമായി ജെഡിഎസിലെ കെ.കൃഷ്ണൻകുട്ടിയെയാണ് വിജയിപ്പിച്ചത്.
എന്നിരുന്നാലും കൃത്യമായ ഇടവേളകളിൽ ചിറ്റൂരിന്റെ രാഷ്ട്രീയ ഭൂപടം ഇടത്തോട്ടും വലത്തോട്ടുമെല്ലാം ചാഞ്ഞിട്ടുണ്ട്. 1965ൽ എസ്എസ്പിയിലെ കെ.എ.ശിവരാമഭാരതി ചിറ്റൂരിന്റെ ആദ്യ എംഎൽഎയായി.
1967ലും 1970ലും ശിവരാമഭാരതി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1977ൽ സിപിഐയിലെ പി.ശങ്കർ വിജയിച്ചു.1980ൽ കെ.കൃഷ്ണൻകുട്ടി ആദ്യമായി ചിറ്റൂരിന്റെ എംഎൽഎയായി.
1987ൽ കോൺഗ്രസിലെ കെ.എ.ചന്ദ്രൻ, 1991ൽ കെ.കൃഷ്ണൻകുട്ടി, 1996 മുതൽ 2011 വരെ കോൺഗ്രസിലെ കെ.അച്യുതൻ, 2016 മുതൽ കെ.കൃഷ്ണൻകുട്ടി എന്നിവരാണ് ചിറ്റൂരുകാരുടെ ജനപ്രതിനിധികളായത്.
കണക്കിലെ കാര്യം
തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചില്ലെങ്കിലും ചിറ്റൂരിൽ രാഷ്ട്രീയപാർട്ടികളെല്ലാം ഒരുക്കങ്ങൾ തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. സ്ഥാനാർഥി നിർണയം കൂടി ആയാലേ മത്സരത്തിന്റെ കടുപ്പം പറയാൻ സാധിക്കൂ.
20 വർഷം തുടർച്ചയായി കോൺഗ്രസ് ജയിച്ച മണ്ഡലം കഴിഞ്ഞ 10 വർഷമായി എൽഡിഎഫിന്റെ കയ്യിലാണ്. ഇത്തവണ ഇതു തിരികെ പിടിക്കാനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്.
മണ്ഡലം നിലനിർത്താനുളള കഠിനപരിശ്രമത്തിൽ എൽഡിഎഫും പ്രചാരണങ്ങൾ കൊഴുപ്പിക്കുന്നു. നെല്ലുസംഭരണത്തിലെ പാകപ്പിഴകളും ഭരണവിരുദ്ധ വികാരവുമെല്ലാം വോട്ടാവുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ.
എന്നാൽ, മന്ത്രി കൂടിയായ കൃഷ്ണൻകുട്ടിയുടെ മണ്ഡലത്തിലെ ജനകീയതയും വികസന പ്രവർത്തനങ്ങളുമെല്ലാം എൽഡിഎഫിനും ആത്മവിശ്വാസം നൽകുന്നു.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചിറ്റൂർ–തത്തമംഗലം നഗരസഭയും കൊഴിഞ്ഞാമ്പാറ പഞ്ചായത്തും യുഡിഎഫ് തിരിച്ചുപിടിച്ചു. കൊഴിഞ്ഞാമ്പാറയിൽ സിപിഎം വിമതർ ഇന്ത്യാ സഖ്യം പോലെ യുഡിഎഫിനൊപ്പം നിന്നാണു ഭരണം പിടിച്ചത്.
ഇതു നിയമസഭാ തിരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. ചിറ്റൂർ നഗരസഭയിൽ 30 സീറ്റിൽ 19 സീറ്റ് നേടിയാണ് യുഡിഎഫ് അധികാരത്തിലേറിയത്.
9 തദ്ദേശ സ്ഥാപനങ്ങളിൽ നഗരസഭ ഉൾപ്പെടെ 4 എണ്ണത്തിൽ യുഡിഎഫും 5 പഞ്ചായത്തിൽ എൽഡിഎഫുമാണ് അധികാരത്തിലുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പു ഫലം വച്ചുനോക്കുമ്പോൾ എൽഡിഎഫിനാണ് മുൻതൂക്കം.
6,735 വോട്ടിന്റെ ലീഡാണ് എൽഡിഎഫിനുള്ളത്. മികച്ച സ്ഥാനാർഥിയെ നിർത്തിയാൽ അട്ടിമറികൾ സംഭവിക്കാനുള്ള സാഹചര്യമാണു മണ്ഡലത്തിലുള്ളത്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 33,878 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണു കൃഷ്ണൻകുട്ടി വിജയിച്ചത്. യുഡിഎഫിൽ സുമേഷ് അച്യുതനായിരുന്നു സ്ഥാനാർഥി.
യുഡിഎഫിൽ കോൺഗ്രസും, എൽഡിഎഫിൽ ജെഡിഎസുമാണ് ഇവിടെ മത്സരിക്കുന്നത്. കെ.കൃഷ്ണൻകുട്ടി മത്സരരംഗത്തു നിന്നു വിട്ടുനിന്നാൽ വി.മുരുകദാസ് എൽഡിഎഫ് സ്ഥാനാർഥിയായേക്കും.
യുഡിഎഫിൽ നിലവിലെ ചിറ്റൂർ നഗസഭാധ്യക്ഷൻ കൂടിയായ സുമേഷ് അച്യുതന്റെ പേരാണു പരിഗണിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിൽ ഉൾപ്പെടെ സീറ്റ് വർധിപ്പിച്ച ബിജെപിയും മികച്ച മത്സരം കാഴ്ച വയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.
തദ്ദേശ സ്ഥാപനങ്ങൾ:
ചിറ്റൂർ–തത്തമംഗലം നഗരസഭ, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടകരപ്പതി, പെരുവെമ്പ്, പൊൽപ്പുള്ളി.
2021 നിയമസഭാ തിരഞ്ഞെടുപ്പു ഫലം:
ഭൂരിപക്ഷം: 33,878
കെ.കൃഷ്ണൻകുട്ടി (എൽഡിഎഫ്): 84,672.
സുമേഷ് അച്യുതൻ (യുഡിഎഫ്): 50,794.
വി.നടേശൻ (എൻഡിഎ): 14,458.
എ.ചന്ദ്രൻ (ബിഎസ്പി): 918.
കെ.പ്രമീള (സ്വത): 552.
എൻഎസ്കെ പുരം ശശികുമാർ (സ്വത): 226
നോട്ട:1285
2025 തദ്ദേശ തിരഞ്ഞെടുപ്പ്:
ലീഡ്: 6,735 (എൽഡിഎഫ്).
എൽഡിഎഫ് ഭരിക്കുന്നത്:
എരുത്തേമ്പതി, നല്ലേപ്പിള്ളി, പെരുമാട്ടി, പെരുവെമ്പ്, പൊൽപുള്ളി.
യുഡിഎഫ് ഭരിക്കുന്നത്:
ചിറ്റൂർ–തത്തമംഗലം നഗരസഭ, കൊഴിഞ്ഞാമ്പാറ, പട്ടഞ്ചേരി, വടകരപ്പതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

