താരിഫ് യുദ്ധം ട്രംപ് തോറ്റു! ട്രംപിന്റെ പകരംതീരുവകളിൽ ഭൂരിഭാഗവും യുഎസ് സുപ്രീം കോടതി അസാധുവാക്കിയെങ്കിലും ട്രംപ് പ്രഖ്യാപിച്ച എല്ലാ തീരുവകൾക്കും വിധി ബാധകമല്ല.
ഏതു രാജ്യത്തുനിന്നായാലും ഇനിയും യുഎസിൽ എത്തുന്ന സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് ചുമത്തുന്ന 50% തീരുവ തുടരും. വാഹന ഘടകങ്ങൾക്കുമേൽ ഈടാക്കുന്ന 25% തീരുവയ്ക്കും വിധി ബാധകമല്ല.
അതായത്, മേൽപ്പറഞ്ഞവ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്താലും ഇതേ തീരുവകൾ തന്നെ ബാധകം. അതേസമയം സ്മാർട്ഫോണുകൾ, മരുന്നുകൾ, പെട്രോളിയം ഉൽപന്നങ്ങൾക്ക് തീരുവ പൂജ്യമായി തുടരും.
ട്രംപിന്റെ ഇടപെടലോടെ യൂറോപ്യൻ യൂണിയൻ, യുകെ, ജപ്പാൻ, മലേഷ്യ, ഇന്തൊനീഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായി യുഎസ് ധാരണയിലെത്തിയ വ്യാപാരക്കരാറുകളൊക്കെ സുപ്രീം കോടതി വിധിയോടെ അസാധുവായി.
∙ കാരണം, അവയെല്ലാം ട്രംപ് 1977ലെ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) പ്രകാരം തീരുവ പ്രഖ്യാപിച്ചശേഷം ഏർപ്പെട്ട ഡീലുകളായിരുന്നു.
ഇന്ത്യയുമായി ഏകദേശ ധാരണയിലെത്തിയ ഡീലും അസാധുവാണ്.
∙ ഇന്ത്യ ഉൾപ്പെടെ ഈ രാജ്യങ്ങളെല്ലാം ഇനി യുഎസുമായുള്ള ചർച്ചയിൽ കൂടുതൽ ശാഠ്യം പിടിക്കുമെന്നത് ട്രംപിന് ആഘാതമാകും. പകരംതീരുവ ആയുധമാക്കാനുള്ള ട്രംപിന്റെ കരുത്താണ് കോടതി വിധിയോടെ ഇല്ലാതായത്.
∙ റഷ്യ, ചൈന, കാനഡ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, സ്പെയിൻ, ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിങ്ങനെ ട്രംപുമായി തീരുവത്തർക്കത്തിലുള്ള രാജ്യങ്ങൾക്കെല്ലാം സുപ്രീം കോടതി വിധി വൻ നേട്ടമാണ്. ലജ്ജയില്ലാത്തവർ! ∙ ‘‘സുപ്രീം കോടതിയിലെ ചില ലജ്ജയില്ലാത്തവരുടെ വിധിയാണിത്’’ എന്നാണ് ട്രംപ് പ്രതികരിച്ചത്.
‘‘രാജ്യതാൽപര്യം മുൻനിർത്തി തീരുമാനമെടുക്കാൻ കഴിവില്ലാത്തെ ഈ ജഡ്ജിമാരെ ഓർത്തു ഞാൻ ലജ്ജിക്കുന്നു’’എന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയ്ക്കുള്ള തീരുവ ഇനി എത്ര?
കഴിഞ്ഞവർഷം ഏപ്രിലിലാണ് ‘ലിബറേഷൻ ഡേ’ എന്ന പ്രഖ്യാപനത്തോടെ ട്രംപ് ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങൾക്കുംമേൽ ഐഇഇപിഎ പ്രകാരം പകരം തീരുവ ചുമത്തിയത്. ഇന്ത്യയ്ക്കുമേൽ ഏർപ്പെടുത്തിയത് 26%.
∙ പിന്നീട് ട്രംപ് ഈ തീരുവ ഒരു ശതമാനം കുറച്ച് 25 ശതമാനമാക്കി.
∙ ഇപ്പോൾ സുപ്രീം കോടതി ഐഇഇപിഎ തീരുകൾ അസാധുവാക്കിയതോടെ ഇന്ത്യയ്ക്ക് ഇപ്പോൾ ബാധകം വെറും 3 ശതമാനമാണ്.
∙ അതായത്, പകരംതീരുവയൊക്കെ ചുമത്തുംമുൻപ് ഉണ്ടായിരുന്ന 3%. ഈ 3 ശതമാനം പോലും 40 ശതമാനത്തോളം ഉൽപന്നങ്ങൾക്ക് ബാധകമല്ല.
അപ്പോൾ 18 ശതമാനമോ?
പകരംതീരുവ സുപ്രീം കോടതി റദ്ദാക്കിയതോടെ ഇന്ത്യയ്ക്കുമേലുള്ള തീരുവ ഇപ്പോൾ വെറും 3 ശതമാനമാണ്.
ഇത് ഏറ്റവും അടുത്ത വ്യാപാര പങ്കാളി (എംഎഫ്എൻ) എന്ന പദവിനൽകി യുഎസ് ചുമത്തുന്നതാണ്. എന്നാൽ, ഇന്ത്യയുമായുള്ള ഡീൽ പ്രകാരം 18 ശതമാനം തീരുവയാണ് തുടരുകയെന്ന് ട്രംപ് പറഞ്ഞു.
ഇതിനുപക്ഷേ, നിയമസാധുത ഉണ്ടാകാനുള്ള സാധ്യയില്ല. ഫലത്തിൽ ഇന്ത്യയ്ക്കുമേൽ തീരുവ 3%.
എന്താണ് ഈ 10% തീരുവ?
ഐഇഇപിഎ പ്രകാരം ട്രംപ് ചുമത്തിയ പകരംതീരുവയാണ് കോടതി റദ്ദാക്കിയത്.
എങ്കിലും, സെക്ഷൻ 122 പ്രകാരം എല്ലാ രാജ്യങ്ങൾക്കുമേൽ 10% തീരുവ ഹ്രസ്വകാലത്തേക്ക് ചുമത്താൻ ട്രംപിന് കഴിയും. പരമാവധി 150 ദിവസത്തേക്കാണിത്.
വിധി വന്നതിനുപിന്നാലെ ട്രംപ് സെക്ഷൻ 122 പ്രകാരം 10% തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു ഉടൻ പ്രാബല്യത്തിൽ വരും എന്നാണ് ട്രംപ് പറഞ്ഞത്.
ഇന്ത്യയ്ക്കും ഇതു ബാധകമാകും. അതായത്, ഇന്ത്യൻ ഉൽപന്നങ്ങളും ഇനി 10% തീരുവ നൽകേണ്ടിവരും.
അതുവരെ തീരുവ വെറും 3%.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

