വാളയാർ ∙ മണിക്കൂറിൽ 25 കിലോമീറ്റർ വേഗത്തിൽ പായും, കൃഷിയിടങ്ങളിലും റോഡിലും ഒരുപോലെ സഞ്ചാരയോഗ്യം. വിളകളും വിത്തും കാർഷിക ഉപകരണങ്ങളും ഭദ്രമായി കൃഷിയിടങ്ങളിലേക്കും തിരിച്ചും എത്തിക്കാം.
കർഷകർക്ക് കൂട്ടായി കഞ്ചിക്കോട്ടെ കുട്ടി ശാസ്ത്രജ്ഞർ ഒരുക്കിയ ഇലക്ട്രിക് ഓപ്പൺ ഓട്ടോറിക്ഷ ‘സിംപിളാണെങ്കിലും പവർഫുളാണ്’. കഞ്ചിക്കോട് ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനു കീഴിലുള്ള സ്കിൽ ഡവലപ്മെന്റ് സെന്ററിലെ വിദ്യാർഥികളാണ് കുറഞ്ഞ ചെലവിൽ കൂടുതൽ സൗകര്യപ്രദമായ ഇലക്ട്രിക് ഓട്ടോറിക്ഷ നിർമിച്ചിട്ടുള്ളത്.
രണ്ടാമത്തെ ബാച്ചിലെ വിദ്യാർഥികളായ മുഹമ്മദ് അൻസർ, ജാഹിർ ഹുസൈൻ, എ.ഹരിഹരൻ, സി.അനൂപ്, മുഹമ്മദ് റഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള ടൂ വീലർ ഓട്ടമൊബീൽ മെക്കാനിക്കൽ വിഭാഗം വിദ്യാർഥികളാണ് കണ്ടുപിടിത്തത്തിനു പിന്നിൽ.
ചെലവ് വെറും 35,000 രൂപ. സാധാരണ ഇത്തരമൊരു ഇലക്ട്രിക് വാഹനം ഒരുക്കാൻ 2–3 ലക്ഷം രൂപ വരെ ചെലവു വരും.
ഹാൻഡിൽ മുതൽ മോട്ടർ വരെ രൂപകൽപന ചെയ്തതും നിർമിച്ചതും വിദ്യാർഥികൾ തന്നെ.
ആക്രിസാധനങ്ങൾ ശേഖരിച്ചായിരുന്നു ഇതിന്റെ നിർമാണം. ഒട്ടമൊബീൽ വിഭാഗത്തിലെ ട്രെയ്നർ എ.അനൂജ്, സ്കിൽ ഡവലപ്മെന്റ് സെന്റർ കോഓർഡിനേറ്റർ കെ.ജി.ഗ്രീഷ്മ എന്നിവരും ഇവർക്കു പ്രചോദനവുമായി ഉണ്ടായിരുന്നു.
പരീക്ഷണം വിജയകരമായതോടെ മോട്ടർ വാഹന വകുപ്പിന്റെ പെർമിറ്റ് നടപടികൾ പൂർത്തിയാക്കി ഇതു നിരത്തിലേക്ക് എത്തിക്കാനുള്ള തയാറെടുപ്പിലാണിവർ.
ഇതിനൊപ്പം ഡ്രോൺ നിർമാണ യൂണിറ്റിലെ അഭിരാഗ് രവി, ആദിത് അസ്ലാം എന്നിവർ ചേർന്നു നിർമിച്ച ഡെലിവറി ഡ്രോപിങ് ഡ്രോണും കൗതുകമായി. വിദ്യാർഥികളുടെ പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളുമായി സ്കൂളിൽ ഒരുക്കിയ സ്കിൽ എക്സ്പോ എ.പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തിനു ശേഷം ഇലക്ട്രിക് ഓട്ടോ ഓടിച്ച് അദ്ദേഹം കുട്ടി ശാസ്ത്രജ്ഞരെ അഭിനന്ദിച്ചാണ് മടങ്ങിയത്. പ്രിൻസിപ്പൽ ഷാജി സാമു അധ്യക്ഷയായി.
ജില്ലാ പഞ്ചായത്തംഗം കെ.അജീഷ് മുഖ്യാതിഥിയായി.എൻഫോഴ്സ്മെൻ്റ് ആർടിഒ കെ.ബി.രഘു, വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, അനിത പി.ബോസ്, ലതാകുമാരി, എസ്.ശിവാനന്ദൻ, നിജുമോൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

