മട്ടന്നൂർ ∙ കിൻഫ്ര വ്യവസായ പാർക്കിൽ വ്യവസായം തുടങ്ങാൻ 3.5 ലക്ഷം കോടി രൂപയുടെ നിക്ഷേപവാഗ്ദാനം നടത്തിയ ഹൈദരാബാദിലെ ഗോൾഡ്സിക്ക കമ്പനി അധികൃതർ സ്ഥലം സന്ദർശിച്ചു. കമ്പനി എംഡി സയ്യിദ് തരൂജ് അഹമ്മദ് കെ.കെ.ശൈലജ എംഎൽഎയുമായി ചർച്ച നടത്തി.
രണ്ടാഴ്ച്ചയ്ക്കുള്ളിൽ കമ്പനിയുടെ ഓഫിസ് വെള്ളിയാംപറമ്പിലെ കിൻഫ്ര പാർക്കിൽ പ്രവർത്തനം ആരംഭിക്കും.
ഗോൾഡ്സിക്ക കമ്പനി ധാരണാപത്രം ഒപ്പിട്ട് കൈമാറി ആഴ്ചകൾ പിന്നിടും മുൻപേയാണ് ചർച്ചകൾക്കായി മട്ടന്നൂരിലെത്തിയത്. ഗ്ലോബൽ ഗോൾഡ് സിറ്റി സ്ഥാപിക്കാൻ നിലവിൽ 1000 ഏക്കർ സ്ഥലമാണ് ഇവർ കിൻഫ്രയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്ഥലമേറ്റെടുപ്പ് പൂർത്തിയാകും മുൻപുതന്നെ ഹൈദരാബാദ് ആസ്ഥാനമായ ആഗോള സ്വർണ വ്യവസായ രംഗത്ത് ചുവടുറപ്പിച്ച ഗോൾഡ്സിക്ക പോലുള്ള കമ്പനികൾ വൻ നിക്ഷേപവാഗ്ദാനവുമായി രംഗത്തെത്തിയത് ഒട്ടേറെപ്പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് ശൈലജ എംഎൽഎ പറഞ്ഞു. വ്യവസായ സംരംഭങ്ങൾക്കു വേണ്ടി 5000 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്നു സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ആയിരത്തോളം ഏക്കർ ഏറ്റെടുത്തു കഴിഞ്ഞു.
അഞ്ചു ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്. ഇവർ ആവശ്യപ്പെടുന്ന സ്ഥലവും വൈദ്യുതി, വെള്ളം തുടങ്ങി മറ്റു സൗകര്യങ്ങളും ആദ്യഘട്ടത്തിൽ ഓഫിസ് തുടങ്ങാൻ ആവശ്യമായ കെട്ടിടവുമുൾപ്പെടെ സർക്കാർ നൽകും.
ഇതിലൂടെ നാടിന്റെയും വിമാനത്താവളത്തിന്റെയും വളർച്ചയ്ക്ക് സഹായകമാകുമെന്നും ഇത്തരം മെഗാ സംരംഭങ്ങൾ വന്നാൽ തൊഴിൽ അവസരം ഏറെ ഉണ്ടാകുമെന്നും എംഎൽഎ പറഞ്ഞു. ആയിരം സ്ക്വയർ ഫീറ്റ് സ്ഥലമെങ്കിലും ഓഫിസ് പ്രവർത്തിക്കാൻ ആവശ്യമായി വേണമെന്നാണ് കമ്പനി അധികൃതർ ആവശ്യപ്പെട്ടത്.
അതു പെട്ടെന്ന് ലഭ്യമാക്കാമെന്ന് കിൻഫ്ര അറിയിച്ചിട്ടുണ്ട്. കിൻഫ്ര പാർക്കിലെ സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറിയിലാണ് ഓഫിസിനായി സ്ഥലം അനുവദിക്കാൻ തീരുമാനിച്ചത്.
ഇത്തരമൊരു സംരംഭം ആരംഭിക്കാൻ വിവിധ അനുമതികൾ ആവശ്യമാണെന്നും അവ നേടി വരികയാണെന്നും എംഡി പറഞ്ഞു. സർക്കാരിന്റെയും ജനങ്ങളുടെയും പിന്തുണയും അദ്ദേഹം അഭ്യർഥിച്ചു.
മറ്റു രാജ്യങ്ങളിൽ നിന്നു ഖനനം ചെയ്തെടുക്കുന്ന സ്വർണ അയിരിന്റെ ശുദ്ധീകരണം മുതൽ ഡിസൈനിങ്ങും ആഭരണ നിർമാണവും വരെയുള്ള മുഴുവൻ തുടർ നടപടികളും ചെയ്യാനാകുന്ന വിധത്തിലാണ് ഗോൾഡ് സിറ്റി വിഭാവനം ചെയ്യുന്നത്.
കെ.കെ.ശൈലജ എംഎൽഎ, ഗോൾഡ്സിക്ക എംഡി സയ്യിദ് തരൂജ് അഹമ്മദ്, ചെയർമാൻ അംബിക ബർമൻ, ഡയറക്ടർമാരായ ഗോപാൽ ശർമ, മുസമ്മിൽ, സജീഷ് കല്യാണി, ഹർഷൻ, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സി.സജീവൻ, മുൻ ചെയർമാൻ കെ.ഭാസ്കരൻ, കിൻഫ്ര സോണൽ മാനേജർ കെ.എസ്.കിഷോർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

