നീണ്ട നാളത്തെ ആശങ്കകൾക്ക് വിരാമമിട്ട്, രണ്ട് കർഷകരുടെ മരണത്തിനിടയാക്കിയ നരഭോജി കടുവ ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ടു.
ഊട്ടി റോഡിലെ സിൽവർ ക്ലൗവുഡ് എസ്റ്റേറ്റിൽ വനം വകുപ്പ് ചെക്ക് പോസ്റ്റിന് സമീപത്തായി സജ്ജീകരിച്ചിരുന്ന കൂട്ടിലാണ് കടുവയെത്തിയത്. കൂടിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് വനം വകുപ്പ് ജീവനക്കാർ മൃഗം കുടുങ്ങിയ വിവരം തിരിച്ചറിഞ്ഞത്.
തുടർന്ന് വനപാലകർ സ്ഥലത്തെത്തി ഇത് നരഭോജി കടുവ തന്നെയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർനടപടികളുടെ ഭാഗമായി, മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ക്യാംപിൽ എത്തിച്ച് ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് 1ന് പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ വണ്ടലൂർ കാഴ്ചബംഗ്ലാവിലേക്ക് മാറ്റുകയായിരുന്നു.
പിടികൂടിയത് 12 വയസ്സുള്ള ആൺ കടുവയാണ്. ഇതിന്റെ മുഖത്ത് പരുക്കേറ്റ പാടുകളുണ്ടായിരുന്നുവെങ്കിലും മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് വനപാലകർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ നരഭോജിയുടെ ആക്രമണത്തിൽ പ്രദേശത്ത് രണ്ട് കർഷകരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ആദ്യം ആക്രമണമുണ്ടായത് ഓവാലി പഞ്ചായത്തിലെ ലോറസ്റ്റനിൽ ആയിരുന്നു.
ഓഗസ്റ്റ് 9 ന് കൃഷിയിടത്തിലേക്ക് വെള്ളമെത്തുന്ന പൈപ്പ്ലൈൻ പരിശോധിക്കാൻ പോയ ബാലകൃഷ്ണനെ (54) കടുവ കൊന്നു തിന്നുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഇതിന് പിന്നാലെ, ഓഗസ്റ്റ് 21ന് വീടിന് തൊട്ടടുത്തുള്ള കൃഷിയിടത്തിൽ പകലിൽ പണിയെടുക്കുകയായിരുന്ന രവിചന്ദ്രനെയും (56) കടുവ ആക്രമിച്ചു കൊലപ്പെടുത്തി. വീടിന്റെ പരിസരത്തുനിന്നും കേട്ട
നായ്ക്കളുടെ നിർത്താതെയുള്ള കുര അന്വേഷിച്ച് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് രവിചന്ദ്രനെ കടുവ കടിച്ചു കീറുന്ന ഭീകര ദൃശ്യം പുറത്തുവന്നത്. വെറും 12 ദിവസത്തെ ഇടവേളയിലായിരുന്നു ഈ രണ്ട് ദാരുണ സംഭവങ്ങളും അരങ്ങേറിയത്.
തുടർന്ന് കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനം വകുപ്പ് കൺസർവേറ്റർ കർശന ഉത്തരവ് പുറപ്പെടുവിച്ചു. തുടർച്ചയായ രണ്ട് കൊലപാതകങ്ങളെ തുടർന്ന് ഗൂഡല്ലൂർ നിയോജക മണ്ഡലത്തിൽ നാട്ടുകാർ 48 മണിക്കൂർ ബന്ദ് ആചരിക്കുകയും ചെയ്തിരുന്നു.
നരഭോജിയെ പിടികൂടുമെന്ന് വനം വകുപ്പ് മന്ത്രിയും ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ദൗത്യസംഘം രൂപീകരിക്കുകയും പ്രദേശത്ത് 14 കൂടുകൾ സ്ഥാപിക്കുകയും ചെയ്തു.
വിവിധ ഭാഗങ്ങളിലായി 305 ക്യാമറകൾ സ്ഥാപിച്ച് ജിപിഎസ് സംവിധാനം വഴി കൺട്രോൾ റൂമിൽ തത്സമയ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. വനം വകുപ്പിലെ 150 ജീവനക്കാർ ഈ ദൗത്യത്തിനായി രാപ്പകലില്ലാതെ രംഗത്തിറങ്ങി.
നാല് തെർമൽ ഡ്രോൺ ക്യാമറകൾ, രണ്ട് കുങ്കിയാനകൾ, നാല് മയക്കുവെടി സംഘങ്ങൾ എന്നിവയും ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിച്ചു. ഈ തിരച്ചിലിനിടയിൽ രണ്ട് തവണ പുള്ളിപ്പുലികൾ കൂട്ടിൽ കുടുങ്ങിയെങ്കിലും അവയെ പിന്നീട് കാട്ടിലേക്ക് തന്നെ തുറന്നുവിട്ടു.
ആക്രമണം നടന്ന ലോറസ്റ്റൻ ഗ്രാമത്തിൽ നിന്നും കടുവ മാറിയതിനെ തുടർന്ന് തിരച്ചിൽ മുതുമല കടുവ സങ്കേതത്തിലേക്ക് വ്യാപിപ്പിച്ചു. മുതുമലയിൽ നടത്തിയ കണക്കെടുപ്പിൽ മുൻപ് രേഖപ്പെടുത്തിയിരുന്ന ടി 285 എന്ന നമ്പറിലുള്ള കടുവയാണിതെന്ന് തിരിച്ചറിഞ്ഞു.
ടി.ആർ ബസാറിൽ നിന്നും നടുവട്ടം മുതുമല കടുവ സങ്കേതം വരെ സ്വന്തം ആവാസവ്യവസ്ഥയുള്ള കടുവയാണിത്. സങ്കേതത്തിനുള്ളിൽ തിരച്ചിൽ നടത്തുമ്പോൾ മറ്റ് വന്യജീവികളുടെ സഞ്ചാരത്തിന് തടസ്സമാകുന്ന തരത്തിലുള്ള വലിയ പ്രതിസന്ധികൾ വനപാലകർ നേരിട്ടു.
എന്നാൽ സംഘത്തിന്റെ സുരക്ഷയും കടുവയുടെ ആക്രമണ രീതികളും കൃത്യമായി വിലയിരുത്തി നടത്തിയ കൂട്ടായ പരിശ്രമമാണ് ഒടുവിൽ വിജയത്തിലെത്തിയത്. കൃത്യം 28 ദിവസമായി ഊണും ഉറക്കവുമില്ലാതെ നടത്തിയ കഠിനമായ ടൈഗർ ഓപ്പറേഷനാണ് ഇപ്പോൾ വിജയകരമായി അവസാനിച്ചിരിക്കുന്നത്.
ഗൂഡല്ലൂർ ഡിഎഫ്ഒ ദേവരാജിന്റെ നേതൃത്വത്തിലാണ് ഈ ദൗത്യം ഏകോപിപ്പിച്ചത്. കടുവ പിടിയിലായ വിവരം ഗൂഡല്ലൂർ ആർഡിഒ ഗുണശേഖരൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കടുവാഭീതിയിൽ കഴിഞ്ഞിരുന്ന ഗ്രാമങ്ങൾ ഒടുവിൽ പൂർണ്ണ സമാധാനത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

