ആലപ്പുഴ ∙ ‘സാധനങ്ങൾക്കു തീപിടിച്ച വിലയായി. പത്തു കൊല്ലം മുൻപ് 5000 രൂപയ്ക്ക് ഒരു മാസത്തെ വീട്ടുചെലവ് കഴിയുമായിരുന്നു.
ഇപ്പോൾ പതിനായിരം രൂപ പോലും ഒന്നിനും തികയുന്നില്ല’– ആലപ്പുഴ കാഞ്ഞിരംചിറ തീരത്ത് പുന്നയ്ക്കൽ വീട്ടിലെ അടുക്കളയിൽ നിന്ന് മേരിക്കുട്ടി പറഞ്ഞതു നാടിന്റെയാകെ സങ്കടമാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ആ സങ്കടങ്ങൾ കേട്ടു.
സംസ്ഥാനത്തു നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്നതു രാഷ്ട്രീയ ചർച്ചയാക്കുന്നതിന്റെ ഭാഗമായാണു കെ.സി പ്രശ്നങ്ങൾ നേരിട്ടു കേൾക്കാൻ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ അടുക്കളയിലെത്തിയത്.
അടുപ്പത്തു കപ്പ വേവുന്നുണ്ട്. മുളകു ചമ്മന്തിയാണു തൊട്ടുകൂട്ടാൻ.
അടുക്കളകൾ സമൃദ്ധമായിരുന്ന ഞായറാഴ്ചകൾ ഓർമയായെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അരിക്കും പലവ്യഞ്ജനത്തിനുമെല്ലാം 10 വർഷം കൊണ്ടു വില ഇരട്ടിയായി.
മീൻ കറി വയ്ക്കണമെങ്കിൽ മല്ലിയും മുളകും വേണ്ടേ? രണ്ടിനും തീപിടിച്ച വില. പാചകവാതക സബ്സിഡി നിർത്തലാക്കി.
സ്പീഡ് ബോട്ടുകൾ വ്യാപകമായതോടെ കടലിൽ നിന്നു മീൻ കിട്ടുന്നതും കുറഞ്ഞു–റീഫ നീനുവും സീനു ജോസഫും ആശങ്കകൾ പങ്കുവച്ചു. പാചകത്തിൽ പങ്കുചേർന്നും രുചിച്ചും കെ.സി ഈ ആശങ്കകളെല്ലാം കേട്ടു.
വിലക്കയറ്റം എങ്ങനെയാണ് ഒരു സാധാരണ കുടുംബത്തെ ബാധിക്കുന്നത് എന്നു പൊതുസമൂഹം ചർച്ച ചെയ്യണം എന്ന ലക്ഷ്യത്തോടെയാണു മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ഈ വീട്ടിലെത്തിയതെന്നു കെ.സി.വേണുഗോപാൽ പറഞ്ഞു.
10 വർഷം കൊണ്ടു നിത്യോപയോഗ സാധന വില ഇരട്ടിയിലേറെയായി. 52% മുതൽ 87% വരെയാണു വിലവർധന.
ദേശീയ ശരാശരിയെക്കാൾ കൂടുതലാണിത്. എന്നാൽ ഇക്കാലയളവിലെ വരുമാന വർധന 30% മാത്രമാണ്.
അതോടെ വാങ്ങൽശേഷി കുറഞ്ഞു. വിലക്കയറ്റം കുടുംബബജറ്റ് താളം തെറ്റിച്ചിട്ടും സർക്കാർ ഇടപെടുന്നില്ല.
ജനങ്ങളുടെ വരുമാനം വർധിപ്പിക്കാൻ ശ്രമമുണ്ടായില്ല. സാധാരണക്കാരെ ബാധിക്കുന്ന വിലക്കയറ്റമായിരിക്കും ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിഷയമെന്നും കെ.സി പറഞ്ഞു.
2016 മുതൽ ’26 വരെ കേരളത്തിലെ നിത്യോപയോഗ സാധനങ്ങൾക്കുണ്ടായ വിലക്കയറ്റത്തിന്റെ വിശദമായ പഠന റിപ്പോർട്ടും പുറത്തിറക്കിയിട്ടുണ്ടെന്നു കെ.സി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

