അരനൂറ്റാണ്ടിന്റെ മായാജാലം! കൈക്കുമ്പിളിൽ കോരിയെടുത്താൽ തെളിനീര്. വെറും പച്ചവെള്ളമെന്നു വിളിപ്പേര്.
പക്ഷേ, ഇടുക്കി ഡാമിൽ നിറഞ്ഞുനിൽക്കുമ്പോൾ അത്, പഞ്ചഭൂതങ്ങളിൽ ഏറ്റവും ശക്തിയുള്ളത്. ഉള്ളിൽ മെഗാവാട്ട് കണക്കിനു ശക്തി ഒളിപ്പിച്ചു വച്ചിരിക്കുന്ന ജലഭൂതം!
പതിനായിരത്തോളം ഫുട്ബോൾ കളിക്കളങ്ങൾ ചേർത്തുവച്ചതുപോലുള്ള ജലമൈതാനം. കെട്ടിയിടപ്പെട്ട്, കേരളത്തെ പ്രകാശിപ്പിക്കുന്ന ജലത്തിന്റെ മായാജാലം.
ഇടുക്കി ജലവൈദ്യുത പദ്ധതി കേരളത്തിന്റെ വെളിച്ചമായി മാറിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ഇടുക്കിയുടെ ജലം കടിഞ്ഞാണിട്ടു നിർത്തിയ കുതിരയെപ്പോലെ കുറവൻ–കുറത്തി മലകൾക്കിടയിൽ നിന്നു. കാലം മാത്രം തടയണയില്ലാതെ മുന്നോട്ടൊഴുകി. ഈ ഡാമിന്റെ പേരിൽ അറിയപ്പെട്ടവർ ഒട്ടേറെ.
ഇടുക്കി കാട്ടിൽ നായാട്ടിനിറങ്ങി, ഡാമെന്ന ആശയത്തെ വെടിവച്ചിട്ടു തോളിലേറ്റി കൊണ്ടുവന്ന മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ഡബ്ല്യു.ജെ.ജോൺ മുതൽ കരുവെള്ളയാൻ ചെമ്പൻ കൊലുമ്പൻ എന്ന ഇടുക്കിയുടെ ദൈവം വരെ. അറിയപ്പെടാത്ത ചിലർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, അറിയപ്പെട്ടവർക്ക് അറിയാക്കഥകളുമുണ്ട്.
പൂജയും വിളക്കും വച്ച് ആരാധിക്കുന്ന ദൈവമായി മാറിയ കൊലുമ്പൻ മന്ത്രവാദിയായി ജീവിച്ചിരുന്ന കാലത്തെ കഥകൾ.
അറിയപ്പെടാതെപോയ ഉമ്മർ!
കുറത്തിമലയുടെ ഉയരമളന്നവൻ; എവിടെനിന്നോ ജോലിക്കെത്തി എവിടേക്കോ പോയവൻ. കുറവനെക്കാൾ ഉയരക്കാരിയാണു കുറത്തി.
കുറവന് 2553 അടി ഉയരമാണു രേഖകളിൽ. കുറത്തിക്ക് 3035 അടി പെൺതലപ്പൊക്കം!
കുറത്തിമലയുടെ ഉയരം അളന്നത് 1960കളുടെ ആദ്യമാണ്. ഇടുക്കി ഡാം നിർമിക്കാനുള്ള സർവേയുടെ കാലം.
ഉയരമളക്കാൻ എന്തുവഴി? അവിടെയാണ് ഉമ്മറിന്റെ രംഗപ്രവേശമെന്നു റിട്ട. ഇടുക്കി വില്ലേജ് ഓഫിസർ കെ.കെ.പ്രഭാകരൻ ഓർമിക്കുന്നു.
കയ്യുള്ള ബനിയൻ, ഒരു കള്ളിമുണ്ട്. കുറ്റിമുടിയുള്ള നീണ്ടുമെലിഞ്ഞൊരു കരുത്തൻ.
എവിടെനിന്നോ ജോലിക്കെത്തിയയാൾ.
അസിസ്റ്റന്റ് എൻജിനീയർക്കും സംഘത്തിനുമൊപ്പം ഉമ്മറും അതിരാവിലെ കിടങ്ങു മറികടന്ന്, പെരിയാർ മുറിച്ചുകടന്ന് കുറത്തിയുടെ ഉടലിലൂടെ ശിരസ്സിലേക്കു കയറി. ഭക്ഷണവും വെള്ളവുമൊക്കെ കരുതി മണിക്കൂറുകൾ നിർത്താതെ കയറിയാലേ മുകളിലെത്തൂ.
ഇപ്പോൾ ഡാമിന് അഭിമുഖമായി നിൽക്കുന്ന ഭാഗത്തെ ഉയരമാണ് അളക്കേണ്ടത്. ഇതുവഴി കയറാനോ ഇറങ്ങാനോ പറ്റില്ല.
കുറത്തിയുടെ നെറുകയിൽ നിന്ന് ഒരു വടംകെട്ടി താഴേക്കിട്ടു. കയർ അരയിൽക്കെട്ടി വടത്തോടു ബന്ധിപ്പിച്ച് ഉമ്മർ ഇറങ്ങിത്തുടങ്ങി.
ഒരു പെയ്ന്റ് പാട്ടയും ദേഹത്തുണ്ട്. ഒരു നിശ്ചിത ദൂരമെത്തിയാൽ ഉമ്മർ പെയ്ന്റെടുത്ത് മലയിൽ വരയിട്ട് അളവ് എഴുതും.
വീണ്ടും വടത്തിലൂടെ താഴേക്ക്. പിടിവിട്ടുപോയാൽ സ്വീകരിക്കാൻ പാറക്കെട്ടുകളും അങ്ങുതാഴെ ഒരു നീർച്ചാൽപോലെ കാണുന്ന പെരിയാറും മാത്രം.
പലതവണ വടത്തിലൂടെ ഇറങ്ങിയും കയറിയും തൂങ്ങിക്കിടന്നും എൻജിനീയർമാരുടെ നിർദേശപ്രകാരം ഉമ്മർ രേഖപ്പെടുത്തിയ വരകളാണ് കുറത്തിയുടെ ഉയരം ആദ്യമായി രേഖപ്പെടുത്തിയത്. പ്രഭാകരന് അന്ന് രണ്ടര രൂപയായിരുന്നു ദിവസക്കൂലി.
ഉമ്മറിന് അതിന്റെ ഇരട്ടി: അഞ്ചു രൂപ! ശിവൻ മേസ്തിരി– വെടിവയ്പിന്റെ ദൃക്സാക്ഷി
പിഷാരിക്കപ്പറമ്പിൽ ശിവൻ മേസ്തിരി (83) ഓർമയുടെ ചുവരിൽ കരണ്ടികൊണ്ട് തേച്ചുമിനുക്കിയെടുത്ത് ആ കഥ പറഞ്ഞു.
‘ഞാനും ഇടുക്കി ഡാമിന്റെ മേസ്തിരിയാണ്’ എന്ന് അഭിമാനത്തോടെ പറയാവുന്ന, ജീവിച്ചിരിക്കുന്ന അപൂർവം ചിലരിലൊരാൾ. ഇടുക്കി പദ്ധതിയിലെ ഡാമിന്റെ കൽപണിക്ക് 1966ലാണു ശിവൻ മേസ്തിരിയെത്തുന്നത്.
ആയിരക്കണക്കിനു പണിക്കാരിൽ മുപ്പതോളം മേസ്തിരിമാരുണ്ടായിരുന്നു. കുളമാവ് ഡാമിന്റെ കല്ലുകെട്ടായിരുന്നു ആദ്യം.
ഡാം പകുതിയായപ്പോൾ യൂണിയനുകൾ പണിമുടക്കി. സമരം കൊടുമ്പിരി കൊണ്ടു.
പദ്ധതി മുടങ്ങി. കേന്ദ്രമന്ത്രി കെ.എൽ.റാവു ഇടുക്കി ഡാമിന് ഇനി രണ്ടു ഭാവിയേയുള്ളൂ എന്നു പ്രഖ്യാപിച്ച സമയം: ഒന്നുകിൽ പദ്ധതി ഉപേക്ഷിക്കുക, അല്ലെങ്കിൽ നിർമാണം പട്ടാളത്തെ ഏൽപിക്കുക!
സമരം അടിച്ചമർത്താൻ ജിന്ന സാഹിബ് എന്ന പൊലീസുകാരനെത്തി.
ജിന്ന പറയുന്നതെന്തോ അതു നടക്കും. തൊഴിലാളികൾ ഭയന്നില്ല.
കരാറുകാരനെ ആയിരത്തിലേറെ തൊഴിലാളികൾ തടഞ്ഞുവച്ചു. പൊലീസ് പാഞ്ഞെത്തി.
മോചിപ്പിക്കാൻ പൊലീസ്. വിട്ടുകൊടുക്കാതിരിക്കാൻ തൊഴിലാളികൾ.
സംഘർഷം മൂത്തപ്പോൾ ജിന്നയുടെ ഉത്തരവ്. വെടിയുണ്ടകൾ പാഞ്ഞു.
ഭാസ്കരൻ, പത്മനാഭൻ എന്നീ തൊഴിലാളികൾ നെഞ്ചിൽ വെടികൊണ്ട് ഡാം സൈറ്റിൽ മരിച്ചുവീണെന്ന് ശിവൻ മേസ്തിരി ഇപ്പോഴും ഓർമിക്കുന്നു. നെഞ്ചിലും കാലിലുമൊക്കെ അഞ്ചാറുപേർക്കു വേറെയും വെടിയേറ്റിരുന്നു.
അവരെ ആശുപത്രിയിൽ രക്ഷപ്പെടുത്തി. എല്ലാം കണ്ടു തൊഴിലാളികൾക്കൊപ്പം ശിവൻ മേസ്തിരിയുമുണ്ടായിരുന്നു.
കുമാരൻ കോൺട്രാക്ടർ– ഡാമിൽ വീണ ചോര
1970 മേയ് ആറ്. രാവിലെ പത്തുമണിയോടെ കുളമാവ് ഡാമിന്റെ 25 അടി ഉയരത്തിൽ ഒൻപതാം നമ്പർ ബ്ലോക്കിൽ ഒരു ട്രോളിയിൽനിന്ന് ജോലി നിരീക്ഷിക്കുകയായിരുന്നു ചാലക്കുടിക്കാരൻ കോൺട്രാക്ടർ കുമാരൻ നായർ.
ഡാമിൽ എണ്ണൂറോളം പേർ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. കുമാരൻ നായർക്കൊപ്പം ട്രോളിയിൽ രണ്ടു പണിക്കാരുമുണ്ട്.
ട്രോളിയിൽനിന്ന് അടിതെറ്റി കുമാരൻ നായർ 25 അടി താഴ്ചയിലേക്കു കൂപ്പുകുത്തി വീണു. പണിക്കാരെല്ലാം ഞെട്ടിത്തരിച്ചു നിന്നു.
പാറക്കെട്ടിൽ വീണ് തൽസമയം മരിച്ചെന്നു മേസ്തിരി ശിവൻ ഓർമിക്കുന്നു. വെടിവയ്പ്പോടെ മുടങ്ങിയ പണി കുറച്ചുദിവസം മുൻപുമാത്രമായിരുന്നു പുനരാരംഭിച്ചത്.
അതിനാൽ കോൺട്രാക്ടറുടെ മരണം ദുരൂഹമായി. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നു.
ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി നിർമാണം ഏറ്റെടുത്തു. ഡാം പൂർത്തിയാക്കി പാരപ്പെറ്റ് തേച്ചുറപ്പിക്കുന്നതുവരെ ശിവനും ജോലിചെയ്തു.
പ്രത്യുപകാരമായി ശിവന് വൈദ്യുതി ബോർഡിൽ ജോലി കിട്ടി. ഇപ്പോൾ വിരമിച്ചു.
പാറേൽ രാജൻ, കല്ലുംകൂട്ടത്തിൽ രാജപ്പക്കുറുപ്പ് തുടങ്ങി കുറച്ചു മേസ്തിരിമാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
ഡാം പണിയുമ്പോൾ ഉറപ്പുകിട്ടാൻ മനുഷ്യരുടെ ചോരകലർത്തുന്നുവെന്നത് അന്ധവിശ്വാസമാണെങ്കിലും ഇടുക്കി ഡാമിൽ കുമാരൻ കോൺട്രാക്ടറടക്കം 86 പേരുടെ ചോരവീണിട്ടുണ്ട്. കൂറ്റൻ കോൺക്രീറ്റ് ബക്കറ്റ് അടിഭാഗം പൊളിഞ്ഞുവീണ് ജീവൻവെടിഞ്ഞ 16 പേരടക്കം.
ബാലൻ എന്ന കല്ലുചുമട്ടുകാരൻ തലയിൽ കല്ലുവീണു മരിച്ചത് ശിവന്റെ കൺമുന്നിലാണ്. ഡാമിന്റെ രക്തസാക്ഷികൾക്കായി മൂലമറ്റത്ത് സ്മാരകമുണ്ട്.
തുണി കുടയാക്കിയ കൊലുമ്പൻ – അറിയപ്പെടാത്ത മന്ത്രവാദി
ഇടുക്കി ഡാമിന് കുറവൻ കുറത്തിമലയിടുക്ക് കാട്ടിക്കൊടുത്ത വഴികാട്ടിയാണു കരുവെള്ളയാൻ ചെമ്പൻ കൊലുമ്പൻ. പക്ഷേ, പിൻതലമുറക്കാരായ കൊച്ചുമകൻ തേനൻ ഭാസ്കരന്റെ മകൾ സുധയുടെയും ബന്ധു രാജമ്മയെന്ന തേവിയുടെയും വാക്കുകളിൽ വൈദ്യനും ദൈവവും മന്ത്രവാദിയുമൊക്കെയാണു കൊലുമ്പൻ വല്യമുത്തൻ.
പാമ്പുവിഷവൈദ്യം, മുറിച്ചാൽ മുറികൂട്ടുന്ന വൈദ്യമൊക്കെ കൊലുമ്പന് അറിയാമായിരുന്നത്രേ. ഈറ്റയില കൊണ്ടുമേഞ്ഞ വീട്ടിൽ ഒറ്റയ്ക്കായിരുന്നു കൊലുമ്പന്റെ താമസം.
പെണ്ണുങ്ങളൊന്നും അടുത്തുചെല്ലാൻ അത്ര അനുവദിക്കാറില്ല. മുടി മുറിക്കാതെ വളർത്തി പാദത്തോളം നീണ്ടുകിടക്കും.
തോളിൽ ഷാളിടുന്നതുപോലെ മുടി ദേഹത്തു ചുറ്റിയിട്ടു നടക്കും. എപ്പോഴും മുറുക്കിച്ചുവപ്പിച്ചിരിക്കും.
അതിന്റെ ഇടവേളയിൽ കറുപ്പ് കുടിച്ചു ധ്യാനലഹരിയിൽ ഇരിക്കും. മറ്റാരെയും കുളിക്കാനിറക്കാത്ത ഓലിയിൽ മൂന്നുനേരം കുളിക്കും.
വസൂരിയും പലവിധ ചൂടുപനികളും വന്നാൽ പൂജ ചെയ്യും. എന്നിട്ട് അതിന്റെ ഭസ്മം കഴിക്കാൻ കൊടുത്താൽ 16–ാം ദിവസം സൗഖ്യം.
ഇപ്പോൾ കൊലുമ്പൻ കോളനിക്കു സമീപം റോഡരികിലെ കൊലുമ്പൻ സ്മാരകം അമ്പലം കൂടിയാണ്.
ഇവിടെ കൊലുമ്പന്, ഇടിച്ച മുറുക്കാനും ചാരായവുമൊക്കെ നിവേദിക്കുന്നവരുണ്ട്. കോളനിയിൽ കല്യാണത്തലേന്ന് വധുവോ വരനോ കൊലുമ്പന് ദക്ഷിണ നൽകി അനുഗ്രഹം വാങ്ങാനെത്തും.
മാരകരോഗങ്ങളൊക്കെ വന്നാൽ 16–ാം ദിനം പൂജ നേർന്നാൽ ഫലമുണ്ടെന്നാണ് സുധയുടെ വിശ്വാസം. അതേസമയം, തേവിയുടെ വാക്കുകളിൽ കൊലുമ്പൻ മന്ത്രവാദികൂടിയാണ്.
കൂടുവിട്ടുകൂടുമാറുന്ന, അകലെയുള്ളയാളെ അരികിൽ വിളിച്ചുവരുത്താനുള്ള മന്ത്രമറിയുന്നയാൾ. മന്ത്രവാദനേരത്ത് ഉപയോഗിക്കാൻ കയ്യിൽ ഉള്ളിൽ ഓട്ടുകഷ്ണങ്ങൾ കിലുങ്ങുന്നൊരു മണിയുണ്ടായിരുന്നു.
എലുപ്പുപെട്ടി എന്നായിരുന്നു പേര്. വല്യമുത്തൻ അല്ലാതെ ആരെടുത്താലും അതു കിലുങ്ങില്ലത്രേ.
പേറ്റുനോവെത്തിയിട്ടും ഊരിലെ പെണ്ണിനു കുഞ്ഞു പുറത്തുവന്നില്ലെങ്കിൽ കൊലുമ്പൻ ഈറ്റയുടെ കൊച്ചുതണ്ട് പൂജ ചെയ്തു കൊടുത്തുവിടും. അത് തലയ്ക്കുചുറ്റും കറക്കിയാൽ ഉടൻ സുഖപ്രസവം!.
ചെറുപ്പത്തിൽ കറുപ്പ് (ഒപ്പിയം) മരത്തിന്റെ കായുടെ തൊണ്ട് കൊലുമ്പനു കൊണ്ടുപോയി കൊടുത്തിട്ടുണ്ട് തേവി. അതു തിളപ്പിച്ചു കുടിച്ച് ലഹരി മൂത്തിരിക്കുന്ന വല്യമുത്തൻ പല കഥകളും പറയും.
ഡാം പണി നടക്കുമ്പോഴൊരിക്കൽ വല്യമുത്തൻ പറഞ്ഞത് തേവിയുടെ കാതിൽ ഇപ്പോഴുമുണ്ട്: ഡാം പണിയുന്നടിത്തേക്ക് കൊച്ചു പെൺകുട്ടികളും ഗർഭിണികളും പോകരുത്. ഡാമിന് ഉറപ്പുകിട്ടാൻവേണ്ടി പിടിച്ച് കെട്ടിനകത്തിട്ടുകളയും..!
ഊരിലെ ഒരാളെയും ഡാം പണിക്ക് കൊലുമ്പൻ വിട്ടതുമില്ല.
മഴനനയാതിരിക്കാൻ കൊലുമ്പന് സ്വന്തമായൊരു സംവിധാനമുണ്ടായിരുന്നു. തുണിയിൽ തേനിന്റെ മെഴുകുപുരട്ടി ഉണക്കിയെടുക്കും.
ചേമ്പിലയിലെന്നപോലെ അതിൽ വെള്ളം പിടിക്കില്ല. ഇതു തലയിലൂടെയിട്ട് ശരീരം മൂടിയാൽ കൊലുമ്പന്റെ കുടയായി!
നിലംപറ്റെ നീണ്ടുകിടന്നിരുന്ന മുടി മരിക്കും മുൻപ് കൊലുമ്പൻ മുറിച്ചു.
അതും മന്ത്രമണിയും മുറുക്കാൻ ചെപ്പും ബന്ധുക്കൾക്കു നൽകി. അരി, കലം, തവി വാക്കത്തി, പിച്ചാത്തി, തൂമ്പ, കുത്തിനടന്ന വടി ഇതെല്ലാം കല്ലറയിൽ ഒപ്പം വച്ചാണ് അടക്കിയത്.
വല്യമുത്തൻ പക്ഷേ, ഇപ്പോഴും ദൈവമായി തങ്ങൾക്കിടയിലുണ്ടെന്നു തേവി കരുതുന്നു. ഇടുക്കിയിലെ പ്രമുഖ രാഷ്ട്രീയക്കാരിൽ പലരും നോമിനേഷൻ കൊടുക്കാനെത്തുമ്പോൾ കൊലുമ്പന്റെ അനുഗ്രഹം തേടും.
ഒരു മുറുക്കാൻ പൊതി നേദിക്കും. വൈരമണി – മുങ്ങിപ്പോയ ഗ്രാമത്തിന്റെ സാക്ഷി
ഇടുക്കി ഡാം വെള്ളത്തിനടിയിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന വൈരമാണ് വൈരമണി ഗ്രാമം.
സ്കൂളും പള്ളിയും വീടുകളുമടക്കം മൂവായിരത്തോളം പേർ താമസിച്ചിരുന്ന വലിയൊരു ഗ്രാമം. ഇവയെല്ലാം മാറ്റിപ്പാർപ്പിച്ചാണു വെള്ളം നിറച്ചത്.
ഇപ്പോഴും വെള്ളം വളരെ കുറയുമ്പോൾ ഇടയ്ക്ക് വൈരമണിഗ്രാമം തെളിഞ്ഞുവരും. വീടുകളുടെയും പള്ളിയുടെയുമൊക്കെ തറകൾ, കൽക്കെട്ടുകൾ.
കണ്ണെത്താദൂരം നെൽക്കൃഷിയുണ്ടായിരുന്നു ഇവിടെ. തെങ്ങുകളും കുരുമുളകുകൃഷിയും.
എല്ലാം വെള്ളത്തിനടിയിൽ ലയിച്ചു. വൈരമണി എന്ന ആ പേര് പക്ഷേ, പൂർണമായി കാലപ്രവാഹത്തിൽ മുങ്ങിപ്പോയിട്ടില്ല.
വൈരമണി ഫോറസ്റ്റ് സ്റ്റേഷൻ – അതുമാത്രമാണ്, ആ പേരു മാത്രമാണ് വെള്ളം വിഴുങ്ങിയ ഗ്രാമത്തിന്റെ ശേഷിപ്പ്.
മൃഗങ്ങൾ–മനുഷ്യർ കാടുകയറിപ്പോയവർ
ഡാം നിർമാണത്തിന് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽനിന്നുള്ള തൊഴിലാളികളും ഇടുക്കിയിലെത്തിയിരുന്നെന്ന് അന്നത്തെ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി. രാജൻ പറയുന്നു.
സിക്കുകാരായ പണിക്കാർ ഗുരുദ്വാര വരെ നിർമിച്ചിരുന്നു. ബംഗാളികൾ ദേവീപൂജ നടത്തുകയും വിഗ്രഹങ്ങൾ പുഴയിൽ ഒഴുക്കുകയും ചെയ്തിരുന്നു.
ഗവർണർമാരായ പി.രാമചന്ദ്രൻ, ബി.രാച്ചയ്യ, ജ്യോതി വെങ്കിടാചലം എന്നിവരൊക്കെ ഡാം സന്ദർശിക്കാനെത്തിയപ്പോൾ സ്വീകരിച്ചത് രാജനാണ്. ആർച്ച്ഡാമിനെ അടിഭാഗത്തുനിന്നു മുകളിലേക്കു നോക്കി പി.രാമചന്ദ്രൻ വിശേഷിപ്പിച്ചത് ‘പത്തിവിടർത്തിനിൽക്കുന്ന സർപ്പ’മെന്നാണെന്നു രാജൻ ഓർമിക്കുന്നു.
ഡാമിൽ വെള്ളം നിറച്ച കാലം രാജന്റെയും പ്രഭാകരന്റെയും മനസ്സിലുണ്ട്.
മരങ്ങൾ മൂടി, മലനിരകൾ മാഞ്ഞു. തുമ്പിക്കൈ വെള്ളത്തിനുമേൽ ഉയർത്തിപ്പിടിച്ച് ഉൾക്കാട്ടിലേക്കു നീന്തിപ്പോയ ആനകൾ, ചെവി ഉയർത്തിപ്പിടിച്ചു തുഴഞ്ഞ കുറുക്കന്മാർ, പാമ്പുകൾ..
അങ്ങനെ എന്തെല്ലാം. വൈരമണി ഒഴികെ മറ്റു ചില ആദിവാസി ഗ്രാമങ്ങളിലെ മനുഷ്യരും ഉൾഗ്രാമങ്ങളിലേക്കു കയറിപ്പോയിരുന്നു.
ഇരുളകറ്റുന്ന വെളിച്ചത്തിനും ഫാനും എസിയും ഇട്ടാൽ കിട്ടുന്ന കുളിരിനും പിന്നിൽ ഇടുക്കിയെന്ന മണ്ണിന്റെയും മനുഷ്യരുടെയും മൃഗങ്ങളുടെയും ത്യാഗങ്ങളുടെ തീയുണ്ട്. ഈ ഡാമിലെ മുഴുവൻ ജലത്തിനും കെടുത്താനാവാത്ത വൈദ്യു‘തീ’.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

