കോരുത്തോട്∙ കുടിവെള്ള പദ്ധതിയുടെ ടാങ്കിൽ നിന്നും നാട്ടുകാർ വെള്ളം എടുത്തിരുന്ന ഹോസുകൾ വാട്ടർ അതോറിറ്റി സ്ക്വാഡ് എത്തി മുറിച്ചു നീക്കി. വെള്ളം ലഭിക്കാതായതോടെ നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധിച്ചു.
കോരുത്തോട് പഞ്ചായത്തിലെ 7,10 വാർഡുകളിലെ 116 നഗറിലാണ് സംഭവം. വെള്ളം എടുക്കാൻ മുൻപ് അനുമതി ലഭിച്ചിട്ടുണ്ടെന്ന് നാട്ടുകാരും.
നാട്ടുകാർ വെള്ളം എടുക്കുന്നത് അനധികൃതമായാണെന്നു വാട്ടർ അതോറിറ്റിയും ആരോപിക്കുന്നു.
നാട്ടുകാർ പറയുന്നു
‘ പൈപ്പിലൂടെ വെള്ളം ലഭിച്ചപ്പോൾ ഏറെ ആശ്വാസകരമായിരുന്നു എന്നാൽ ഇന്നലെ മുതൽ അത് ഇല്ലാതായതോടെ വല്ലാത്ത ആധിയിലാണ്, അതുകൊണ്ടാണ് വയ്യാത്ത ഞാൻ വടിയും കുത്തി പിടിച്ച് മല കയറി എത്തിയത്’ എന്ന് 64 വയസ്സുള്ള പുത്തൻപുരയ്ക്കൽ റോസമ്മ പറയുന്നു. റോസമ്മയെ പോലെയുള്ള അൻപതോളം ആളുകളാണ് ഇന്നലെ കോരുത്തോട് – കൊട്ടാരംകട
റോഡിന് സമീപമുള്ള കുടിവെള്ള പദ്ധതിയുടെ ടാങ്കിന് സമീപം സംഭവം അറിഞ്ഞ് എത്തിയത്. ‘ എട്ട് വർഷം മുൻപ് റോഡ് നിർമാണം നടന്നപ്പോൾ വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ എല്ലാം എടുത്തു മാറ്റിയെന്നും ഇതേ തുടർന്ന് തങ്ങളുടെ കുടിവെള്ളം മുടങ്ങിയതാണു ’എന്നും നടുവിലേതിൽ പ്രഭാകരൻ പറയുന്നു.
ഇതോടെ നാട്ടുകാർ ടാങ്കിന്റെ മൂടി തുറന്ന് തൊട്ടിയും കയറും ഉപയോഗിച്ച് വെള്ളം എടുക്കാൻ തുടങ്ങി. ഇത്തരത്തിൽ വെള്ളം എടുക്കുന്നത് വാട്ടർ അതോറിറ്റി തടയുകയും പൊലീസ് സ്റ്റേഷനിൽ കേസ് നൽകുകയും ചെയ്തു.
അന്ന് പൊലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടായ സമവായത്തെ തുടർന്നാണ് കുടിവെള്ള പൈപ്പുകൾ പദ്ധതിയുടെ ഭാഗമായി ഇടുന്നത് വരെ ഹോസ് ഇട്ട് വെള്ളം എടുക്കാൻ അനുമതി ലഭിച്ചതെന്ന് ചെറ്റയിൽ ജോസ് പറഞ്ഞു. ഈ പൈപ്പുകളാണ് കഴിഞ്ഞ രാത്രി വാട്ടർ അതോറിറ്റി അധികൃതർ എത്തി വെട്ടി നീക്കിയത്.
ഇനി ഞങ്ങൾ വെള്ളം എടുക്കണമെങ്കിൽ നാല് കിലോമീറ്റർ കുന്നിറങ്ങി അഴുതയാറ്റിൽ എത്തേണ്ട ഗതികേടിലാണ് എന്ന് പ്രദേശവാസിയായ ലീലാമ്മ വെട്ടികൊമ്പിലും പറഞ്ഞു.
ജനപ്രതിനിധികൾക്കു പറയാനുള്ളത്
വാട്ടർ അതോറിറ്റി ജനങ്ങളോട് ചെയ്തത് കിരാതമായ നടപടിയാണ്.
റോഡ് നിർമാണത്തിൽ തകർന്ന പൈപ്പുകൾ സ്ഥാപിക്കാനും ലൈൻ വ്യാപിപ്പിക്കാനും പദ്ധതിയിൽ തുക നൽകിയിട്ടും നടപടികൾ സ്വീകരിച്ചില്ല. വേനലിൽ വെള്ളം ഇല്ലാത്ത അവസ്ഥയിൽ മാനുഷികമായി ചിന്തിച്ച് നിയമ നടപടികൾ എടുക്കാൻ വാട്ടർ അതോറിറ്റി ശ്രമിക്കണമായിരുന്നു എന്നും പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ വിനോദ്, ജോജോ പാമ്പാടത്ത്, മിനി തങ്കച്ചൻ എന്നിവർ പറഞ്ഞു.
നടപടി ജലമോഷണം തടയാൻ
ടാങ്കിൽ നിന്നും ജലം മോഷ്ടിക്കുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു.
പൊലീസ് സമവായത്തിൽ വെള്ളം എടുക്കാനുള്ള അനുമതി നൽകിയിട്ടുള്ള കാര്യം സംബന്ധിച്ച് അറിയില്ല. നിലവിൽ പദ്ധതിയിൽ എട്ട് കണക്ഷനുകളും 58 പൊതു ടാപ്പുകളുമുണ്ട്.
ചകിരി മേട് ട്രൈബൽ കോളനി, പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലേക്ക് പലപ്പോഴും കുടിവെള്ള വിതരണം മുടങ്ങുന്നുണ്ട്. ഈ സാഹചര്യത്തിൽ പരാതികൾ ഏറെ ഉണ്ടായപ്പോൾ ജല മോഷണം തടയാൻ രൂപീകരിച്ച സ്ക്വാഡിന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.
ടാങ്കിൽ നിന്നും ഹോസ് ഉപയോഗിച്ച് 24 മണിക്കൂറും വെള്ളം എടുക്കുന്നുതായി കണ്ടെത്തിയിരുന്നു. സ്ഥലത്ത് നിന്നും നീക്കം ചെയ്ത ഹോസുകൾ കസ്റ്റഡിയിലുണ്ട്.
വെള്ളം എടുത്ത ആളുകൾ എത്തി പിഴ അടച്ചാൽ അത് തിരികെ നൽകും. പൊതു ജല വിതരണ പദ്ധതിയുടെ ടാങ്കിൽ നിന്നും ഹോസ് വഴി സ്വകാര്യമായി വെള്ളം എടുക്കാൻ നിയമം ഇല്ലെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

