കോഴിക്കോട് ∙ പുതുയുഗ യാത്രയ്ക്ക് എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ തോളിലേറ്റി പ്രവർത്തകരുടെ ആവേശ സ്വീകരണം. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ആവേശം കൈവിടാതെ ആയിരക്കണക്കിനു പ്രവർത്തകരാണ് പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാനായി കാത്തു നിന്നത്.
വൈകിട്ട് 5നു തുടങ്ങാനിരുന്ന ബാലുശ്ശേരിയിലെ സമാപന സമ്മേളനത്തിന് രാത്രി പത്തോടെ സതീശനെത്തുമ്പോഴും ആയിരക്കണക്കിനു പേർ കാത്തിരിക്കുകയായിരുന്നു. രാവിലെ 10നു ജില്ലാ അതിർത്തിയായ തൊട്ടിൽപാലത്ത് യുഡിഎഫ് നേതാക്കൾ സ്വീകരിച്ചു.
പ്രവർത്തകരുടെ ആവേശത്തിലും മുദ്രാവാക്യത്തിലും നിറഞ്ഞു നിന്ന പുതുയുഗ യാത്ര ക്യാപ്റ്റനെയും മറ്റു നേതാക്കളെയും ഏറെ പണിപ്പെട്ടാണു വേദിയിലെത്തിച്ചത്.
കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ നേതാക്കൾ തമ്മിലുണ്ടായ കശപിശ പക്ഷേ യാത്ര വടകരയിൽ എത്തിയപ്പോഴേക്കും പരിഹരിക്കപ്പെട്ടു. വടകരയിലെ വേദിയിൽ നേതാക്കളെല്ലാം ഒരുമിച്ച് പാർട്ടിയുടെ മുന്നേറ്റത്തിൽ ഒറ്റക്കെട്ടാണെന്നു പ്രഖ്യാപിച്ചു.
പേരാമ്പ്രയിൽ പതിനായിരത്തോളം പേരാണ് യാത്രയുടെ സ്വീകരണ സമ്മേളനത്തിനെത്തിയത്. മലയോരത്തു നിന്ന് അടക്കം നൂറുകണക്കിനു പേർ യാത്രയുടെ ഭാഗമാകാനെത്തി.
ഷാഫി പറമ്പിലിന്റെ ചോര വീണ പേരാമ്പ്രയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കിട്ടിയതിനെക്കാൾ വലിയ തിരിച്ചടി നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു കിട്ടാൻ പോകുകയാണെന്ന വി.ഡി.സതീശന്റെ പ്രഖ്യാപനത്തെ വൻ കയ്യടികളോടെയാണ് ജനം എതിരേറ്റത്. വടകര കോട്ടപ്പറമ്പിൽ ഉച്ചയ്ക്ക് 2ന് ആയിരുന്നു സ്വീകരണ സമ്മേളനം.
ഇവിടെ ഒന്നരയ്ക്ക് നട്ടുച്ച വെയിലിൽ തന്നെ ആയിരങ്ങളാണ് കാത്തു നിന്നത്.
ബാലുശ്ശേരിയിലെ സമാപന സമ്മേളനം ഷെഡ്യൂൾ പ്രകാരം വൈകിട്ട് അഞ്ചിനായിരുന്നു. പ്രതിപക്ഷ നേതാവ് എത്തിയതാകട്ടെ പത്തു മണിയോടെ.
അപ്പോഴും സ്ത്രീകൾ ഉൾപ്പെടെ വൻ ജനാവലി കാത്തിരിക്കുകയായിരുന്നു.ഇന്ന് രാവിലെ 11നു തിരുവമ്പാടിയിൽ ആരംഭിക്കുന്ന ജാഥ എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്യും. 12നു കുന്നമംഗലത്തു ടി.സിദ്ദീഖ് എംഎൽഎയും 2.30നു കൊടുവള്ളിയിൽ എം.കെ.മുനീർ എംഎൽഎയും 4ന് എലത്തൂരിൽ സിഎംപി നേതാവ് സി.പി.ജോണും സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ പര്യടന പരിപാടിക്ക് സമാപനം കുറിച്ച് ഇന്നു വൈകിട്ട് 5ന് കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.യാത്രയോട് അനുബന്ധിച്ചു ഇന്ന് വിവിധ മേഖലകളിലെ പ്രതിനിധികളുമായി വി.ഡി.സതീശൻ സംവാദം നടത്തും.
ക്രിസ്ത്യൻ കോളജിനു സമീപത്തെ സിറ്റി ഹൗസിലാണ് സംവാദ പരിപാടി സംഘടിപ്പിക്കുന്നത്.
ശബരിമല സ്വർണക്കവർച്ച കേസിൽസർക്കാർ പരാജയം: വി.ഡി.സതീശൻ
അയ്യപ്പന്റെ സ്വർണക്കവർച്ചക്കേസ് അന്വേഷണത്തിൽ എൽഡിഎഫ് സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നും സിപിഎമ്മുകാർ തന്നെ പാർട്ടിക്കെതിരെ തിരിയുന്ന സ്ഥിതിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പുതുയുഗ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും ഇടതു ദുർഭരണത്തിന്റെ അന്ത്യം കുറിക്കുമെന്നു സതീശൻ പറഞ്ഞു.
പുതുയുഗ യാത്രയുടെ കോഴിക്കോട്ടെ ആദ്യ സ്വീകരണ കേന്ദ്രമായ കുറ്റ്യാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
10 വർഷത്തെ എൽഡിഎഫ് ഭരണം കൊണ്ടു തകർന്നു തരിപ്പണമായ കേരളത്തെ കൈ പിടിച്ചുയർത്തുക എന്ന ദൗത്യമാണു യുഡിഎഫ് ഏറ്റെടുത്തിരിക്കുന്നത്. കേരള ജനതയെ 6 ലക്ഷം കോടി കടത്തിലേക്കു തള്ളിവിട്ടതാണ് എൽഡിഎഫ് സർക്കാരിന്റെ നേട്ടം.
ക്ഷേമനിധി പെൻഷനുകൾ ഒന്നും നൽകുന്നില്ല. ഇപ്പോൾ വെന്റിലേറ്ററിലായ ആരോഗ്യമേഖലയെ യുഡിഎഫ് അധികാരത്തിലെത്തുന്നതോടെ ആരോഗ്യവതിയായി നടത്തും.
തൊഴിലില്ലാതെ നമ്മുടെ യുവതലമുറ കേരളം വിടുന്നതിനു പരിഹാരം വേണം. അതിനുള്ള കർമപദ്ധതികൾ യുഡിഎഫ് ആവിഷ്കരിച്ചു നടപ്പാക്കുമെന്നും സതീശൻ പറഞ്ഞു.
പുതുയുഗ യാത്ര സ്വീകരണ സമ്മേളനം കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പിണറായി വിജയൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നിടത്തോളം കാലം ശബരിമല സ്വർണക്കവർച്ച കേസ് അന്വേഷണം നല്ല നിലയിൽ നടക്കില്ലെന്നു മുല്ലപ്പള്ളി പറഞ്ഞു.സ്വാഗതസംഘം ചെയർമാൻ പ്രമോദ് കക്കട്ടിൽ അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ്, ഷാനിമോൾ ഉസ്മാൻ, മോൻസ് ജോസഫ്, പി.ജി.പ്രസന്നകുമാർ, ഷാഫി പറമ്പിൽ എംപി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ്, സംസ്ഥാന വൈസ് പ്രസിഡന്റ് പാറക്കൽ അബ്ദുല്ല, എം.കെ.രാഘവൻ എംപി, വി.പി.അബ്ദുൽ റഷീദ്, ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല എന്നിവർ പ്രസംഗിച്ചു.
ഷാഫി പറമ്പിൽ എംപി വർഗീയവാദിയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത്.
പാർട്ടി സെക്രട്ടറിയോട് ഒരു കാര്യം പറയട്ടെ– നിങ്ങൾ ചാപ്പ കുത്താൻ 2 വർഷമായി ശ്രമിക്കുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പ് ദിവസം നിങ്ങൾ സൃഷ്ടിച്ച വ്യാജ സ്ക്രീൻ ഷോട്ടിന്റെ പേരിൽ വർഗീയമായി ചാപ്പ കുത്താൻ ശ്രമിച്ചു.
സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയ ആളെ പുറത്ത് കൊണ്ടു വരാൻ കഴിയാത്തത് എന്താണ്? ആ കുഞ്ഞ് ഞങ്ങളുടെത് അല്ല. അത് നിങ്ങൾ ഉണ്ടാക്കിയതാണെന്നാണ് അതിന് അർഥം’
ഷാഫി പറമ്പിൽ എംപി (വടകരയിലെ സ്വീകരണത്തിൽ പ്രസംഗിച്ചത്)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

