ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ മാരാമൺ കൺവൻഷൻ ഉദ്ഘാടന യോഗത്തിൽ നൽകിയ സന്ദേശം സാധാരണക്കാരും ന്യൂനപക്ഷങ്ങളും നേരിടുന്ന ആശങ്കകളിലേക്കു രാജ്യത്തിന്റെ പ്രാർഥനയും പിന്തുണയ്ക്കുമുള്ള ആഹ്വാനമായി മാറി.
പ്രസംഗത്തിന്റെ പൂർണരൂപം:
ഞാൻ യഹോവയെ എല്ലാ കാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും (സങ്കീ. 34: 1)
21–ാം നൂറ്റാണ്ടിന്റെ ആദ്യപാദം വിടപറഞ്ഞ വേളയിലാണ് 131–ാം മാരാമൺ കൺവൻഷന്റെ ഉദ്ഘാടന യോഗത്തിലേക്ക് നാം എത്തിച്ചേർന്നിരിക്കുന്നത്.
വസന്തവും വേനലും മഴയുമെല്ലാം പെയ്തിറങ്ങിയ ഈ സഹസ്രാബ്ദത്തിന് 25 വയസ്സായിരിക്കുന്നു. ശാസ്ത്ര – സാങ്കേതിക രംഗത്തും ബഹിരാകാശ ഗവേഷണത്തിലും ഡിജിറ്റൽ സാങ്കേതിക വിദ്യയിലും ലോകം ഒരുപാട് മാറി.
ചില മാറ്റങ്ങൾക്ക് ഒരു നാടൻപാട്ടിന്റെ പതിഞ്ഞ താളമായിരുന്നെങ്കിൽ മറ്റു ചിലതിന് കൊടുങ്കാറ്റുകളുടെ ഗതിവേഗമായിരുന്നു. സാധ്യതകളുടെ വലിയ ലോകമാണ് തുറക്കപ്പെടുന്നത്.
സാധ്യതകളുടെ ഈ പുതിയ ലോകം തേടി മനുഷ്യന്റെ പ്രയാണങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു. നിർമിച്ചവരെ തന്നെ വെല്ലുവിളിച്ച നിർമിത ബുദ്ധി നമ്മെ വിജയത്തിലെത്തിക്കുമോ പരാജയപ്പെടുത്തുമോ എന്ന ആശങ്ക അന്തരീക്ഷത്തിൽ കനംവെച്ചു നിൽക്കുന്നു.
കാലാവസ്ഥ നമ്മോട് പിണങ്ങി ഭൂമിയെയും ജീവജാലങ്ങളെയും പൊള്ളിക്കുകയും മറ്റു ചിലപ്പോൾ പ്രളയത്തിൽ മുക്കുകയും ചെയ്യുന്നു. നിർമലമായ മണ്ണിനെ – യുദ്ധങ്ങൾ – ചോരകൊണ്ട് നനച്ച വർഷമാണ് കടന്നുപോയത്.
ഗാസയിലും യുക്രൈനിലും നൈജീരിയയിലും സുഡാനിലും തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിലും മനുഷ്യന്റെ ക്രൂരതകൾക്ക് ലോകം സാക്ഷ്യം വഹിക്കുന്നു. മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിന് വിരാമമിട്ട് പുതിയ സർക്കാർ നിലവിൽ വന്നെങ്കിലും ആളുന്ന സംഘർഷവും വധ-ബഹിഷ്കരണ ഭീഷണികളും ഇപ്പോഴും ആശങ്കയാവുകയാണ്.
സഹജീവികളെ മാത്രമല്ല, പ്രകൃതിയെപ്പോലും മനുഷ്യൻ വെറുതെ വിടുന്നില്ല എന്നതാണ് സത്യം. ഇതിനിടയിലും ദൈവസ്നേഹത്തിന്റെ ഈ വചനകൂടാരത്തിൽ ഒരിക്കൽ കൂടി ചേർന്ന് വരുവാൻ നമുക്ക് അവസരം ഒരുക്കിയ സർവ്വശക്തനായ ദൈവത്തിന് നന്ദി കരേറ്റാം. ഞാനും നീയും അവരും അല്ലാതെ, നമ്മൾ ഒന്നായി പുതിയ കാലഘട്ടത്തിലേക്ക് കടക്കാനുള്ള അവസരമാണ് തുറന്നിരിക്കുന്നത്.
നമുക്ക് ഒന്നിച്ച് മുന്നേറാം. ഏവർക്കും 2026 ലെ മാരാമൺ കൺവൻഷനിലേക്ക് വീണ്ടും സ്വാഗതം.
വിശുദ്ധ യോഹന്നാന്റെ സുവിശേഷം 4-ാം അദ്ധ്യായം 29-ാം വാക്യത്തിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ഞാൻ ക്ഷണിക്കുന്നു. ഞാൻ ചെയ്തതൊക്കെയും എന്നോട് പറഞ്ഞ ഒരു മനുഷ്യനെ വന്ന് കാണ്മീൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്ന് പറഞ്ഞുڈ.
ശമര്യാക്കാരി സ്ത്രീയുടെ സാക്ഷ്യത്തിന്റെ വാക്കുകളാണിത്. സമവീക്ഷണ സുവിശേഷങ്ങളിൽ നിന്നു വ്യത്യസ്തമായി, യോഹന്നാന്റെ സുവിശേഷം പലപ്പോഴും ജീവൻറെ സുവിശേഷം എന്ന പേരിലാണ് അറിയപ്പെടുന്നത്.
യോഹന്നാൻ നാലാം അധ്യായത്തിൽ ശമര്യാക്കാരി സ്ത്രീയുമായുള്ള സംഭാഷണത്തിലൂടെ, യേശുവിന്റെ ആളത്തവും ദൗത്യവും ദൈവരാജ്യ ദർശനവും സുവിശേഷകൻ ആഴത്തിൽ വെളിപ്പെടുത്തുന്നു.
അതിരുകളെ അതിജീവിക്കുന്ന ക്രിസ്തു സ്നേഹം
യേശുക്രിസ്തുവിൻറെ സുവിശേഷ സഞ്ചാര വിവരണത്തോടെയാണ് യോഹന്നാൻ 4-ാം അധ്യായം ആരംഭിക്കുന്നത്. ഗലീലയ്ക്കുള്ള തന്റെ യാത്രയിൽ അവൻ ശമര്യയിൽ കൂടി കടന്നു പോകേണ്ടി വന്നു.
(യോഹ. 4:4) എന്ന വാക്യം, ഒരു സൗകര്യപ്രദമായ യാത്രാപഥം കണ്ടെത്തിയതിനെയല്ല, മറിച്ച് ബോധപൂർവ്വമായ ഒരു തിരഞ്ഞെടുപ്പിനെയാണ് അടയാളപ്പെടുത്തുന്നത്.
നൂറ്റാണ്ടുകളായി ശത്രുതയിൽ ആയിരുന്ന യഹൂദരും ശമര്യരും തമ്മിലുള്ള മത-സാമൂഹിക മതിലുകൾ യേശു മനപൂർവ്വം ഇല്ലാതാക്കുന്നു. യഹൂദർക്കും ശമര്യർക്കും തമ്മിൽ സമ്പർക്കമില്ലാഞ്ഞ കാലത്ത്, സാധാരണയായി യഹൂദർ ഒഴിവാക്കിയിരുന്ന വഴിയാണ് യേശു ഇവിടെ യാത്രയ്ക്കായി തിരഞ്ഞെടുത്തത്.
അതിലൂടെ യേശു രണ്ടു സമുദായങ്ങൾക്കിടയിലെ വിഭാഗീയതയുടെ മതിൽ ഇല്ലാതെയാക്കി, നാളിതുവരെ അകറ്റി നിർത്തിയവരെ തേടിചെല്ലുന്ന സ്നേഹത്തിൻറെ വഴിയാണ് ഇവിടെ കാണുന്നത്. ബന്ധങ്ങളിൽ അകലം വർധിക്കുകയും മനുഷ്യ മനസുകളിൽ വെറുപ്പും വിദ്വേഷവും വളരുകയും സ്നേഹം എന്ന വികാരം മറയുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
ഇവിടെ യേശുവിന്റെ മാർഗവും യാത്രയും സമകാലിക പരിസരങ്ങളിൽ പുത്തൻ വെളിച്ചം പകരുന്നു. ഇന്ന് ലോകമെമ്പാടും ക്രൈസ്തവ പീഡനം വർധിക്കുന്ന സ്ഥിതിയാണുള്ളത്.
വിശ്വാസത്തെ പ്രതി കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത് 4,849 പേരാണ്. മതപരിവർത്തന നിരോധന നിയമത്തിന്റെ പേരിൽ ഇന്ത്യയിൽ കഴിഞ്ഞ വർഷം വിവിധ സംസ്ഥാനങ്ങളിലായി 1600 പേരെ അറസ്റ്റ് ചെയ്തതായും ഓപ്പൺ ഡോർസ് എന്ന സംഘടന പുറത്തുവിട്ട
കണക്കുകളിൽ കാണുന്നു. വർഗീയ മഹാമാരിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ നമുക്ക് പ്രാർഥിക്കാം.
മാനവികത മനുഷ്യനാവുക എന്നതല്ല, മികച്ച മനുഷ്യത്വം ഉണ്ടായിരിക്കുക എന്നതിൽ
മാരാമൺ കൺവൻഷൻ കേവലം വർഷംതോറുമുള്ള ഒരു ആചാരപരമായ കൂടിവരവായി കാണരുത്.
കേരളത്തിനുള്ളിൽ തന്നെ തീണ്ടലും തൊടീലുമായി അകറ്റി നിർത്തിയിരുന്ന വിവിധ സമൂഹങ്ങളെ സഭാ കൂട്ടായ്മയിലേക്ക് സ്വീകരിക്കുകയും പന്തിഭോജനങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത പാരമ്പര്യം മാരാമൺ കൺവൻഷനുണ്ട്. വൈവിധ്യവും ബഹുസ്വരതയുമാണ് നമ്മുടെ ദേശത്തിൻറെ സൗന്ദര്യവും കരുത്തും. എന്നാൽ ഇന്ന് ന്യൂനപക്ഷങ്ങൾ നിരന്തരം പീഡിപ്പിക്കപ്പെടുന്നതു മൂലം ഒരു തരം അരക്ഷിതാവസ്ഥ സമൂഹത്തിൽ വളരുന്നു. ഒഡീഷയിൽ മതപരിവർത്തനം ആരോപിച്ച് ഒരു ക്രിസ്തീയ വിശ്വാസിയെ ചെരുപ്പ് മാല അണിയിച്ച് റോഡിലൂടെ നടത്തുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സമുദായ ഭിന്നതയും വർഗീയ ഭ്രാന്തും മനുഷ്യരെ എത്ര വേഗമാണ് മനുഷ്യത്വമില്ലാത്തവരാക്കുന്നതെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും ക്രിസ്തുമസ് കാലത്ത് ക്രൈസ്തവ സമൂഹത്തിനും ക്രിസ്തുമസ് ആഘോഷങ്ങൾക്കും നേരെ നിരന്തരം അക്രമണങ്ങൾ ഉണ്ടായി. കാഴ്ച പരിമിതിയുള്ള കുട്ടി പോലും അതിക്രമണങ്ങൾക്കിരയായി.
കേരളത്തിൽ പോലും ഇത്തരം അതിക്രമങ്ങളുടെ വാർത്തകൾ കേട്ടു. ശമര്യയിൽ കൂടി കടന്നു പോകുന്ന യേശു വ്യത്യസ്ഥതയുടെ മാർഗ്ഗമാണ് നമുക്ക് മുന്നിൽ കാണിച്ച് തരുന്നത്.
വിശ്വാസത്തിന്റെയും ആചാര അനുഷ്ഠാനങ്ങളുടെയും വസ്ത്രധാരണത്തിന്റെയും ഭക്ഷണത്തിന്റെയും ഭാഷയുടെയും ലിംഗവ്യത്യാസത്തിൻറെയും പേരിൽ മനുഷ്യരെ വേലികെട്ടി അകറ്റി നിർത്തുകയല്ല, മറിച്ച് മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയുക എന്നതാണ് മാനവികതയുടെ അടിസ്ഥാനം. തന്നെപ്പോലെ മറ്റുള്ളവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും വകവെച്ചു കൊടുക്കാനും എല്ലാവരെയും പരിഗണിക്കാനും സാധിക്കുന്നിടത്താണ് മാനവികത രൂപപ്പെടുന്നത്. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഇങ്ങനെ വായിക്കാം – മാനവികതയുടെ മഹത്വം – മനുഷ്യനാവുക എന്നതല്ല, മറിച്ച് മികച്ച മനുഷ്യത്വം ഉണ്ടായിരിക്കുക എന്നതാണ്.
സുനിതാ വില്യംസ് പറഞ്ഞു; ഈ ഭൂമി എത്ര സുന്ദരം
ബഹിരാകാശ സഞ്ചാരിയായ സുനിതാ വില്യംസ് കോഴിക്കോട്ട് വന്നപ്പോൾ കേരള സാഹിത്യോത്സവത്തിൽ പങ്കെടുത്തു കൊണ്ട് നടത്തിയ പ്രസംഗം നമ്മുടെ കണ്ണു തുറപ്പിക്കണം.
ബഹിരാകാശത്തു നിന്നു നോക്കുമ്പോൾ നാം കാണുന്നത് രാജ്യങ്ങളെയല്ല, മറിച്ച് നാം സ്നേഹത്തോടെ വസിക്കുന്ന ഭൂമി എന്ന ഈ കിളിക്കൂടിനെയാണ്. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും സമുദ്രത്തിലെ മത്സ്യങ്ങളും എല്ലാം ഉള്ള ഇടം.
നാം ശ്വസിക്കുന്ന വായുവും കുടിക്കുന്ന ജലവും ഒന്നാണ്. ഒരൊറ്റ ഗ്രഹത്തിൽ ഒന്നിച്ചു കഴിയുമ്പോൾ കലഹിക്കുന്നത് എന്തിനാണെന്നു മാത്രം മനസ്സിലാകുന്നില്ലچچ.
എത്രയോ അർത്ഥവത്തായ വാക്കുകൾ. വിഭാഗീതയുടെയും വിഘടനവാദത്തിൻറെയും പിടിയിൽ നിന്ന് ഈ രാജ്യത്തെ വിമോചിപ്പിക്കുവാനും, അതിരുകളെ അതിജീവിക്കുന്ന ദൈവസ്നേഹത്തിൻറെ കൈവഴികളാകുവാനും നമ്മെത്തന്നെ ഈ മാരാമൺ കൺവൻഷനിലൂടെ നമുക്കു സമർപ്പിക്കാം.
ക്രിസ്ത്യാനിക്കു ശത്രുക്കളില്ല, സഹോദരി സഹോദരൻമാർ മാത്രം എന്ന ലെയോ 14–ാമൻ മാർപാപ്പയുടെ വാക്കുകൾ ഓർക്കാം.
പതിതരിൽ പ്രതീക്ഷ പകരുന്ന ക്രിസ്തു സ്നേഹം
നട്ടുച്ച സമയത്ത്, സൂര്യൻ കത്തി ജ്വലിക്കുന്ന വേളയിൽ, യാക്കോബിന്റെ ഉറവിനരികെ വെള്ളം കോരുവാൻ വന്ന ശമര്യാക്കാരി സ്ത്രീ കേവലം ഒരു വ്യക്തി എന്നതിലുപരി സമൂഹത്തിന്റെ അരികുകളിൽ നിൽക്കുന്ന മുഴുവൻ മനുഷ്യരുടെയും പ്രതിനിധിയാണ്. ലജ്ജയും കുറ്റബോധവും ഒറ്റപ്പെടലും നിസ്സഹായതയും അവളെ മധ്യാഹ്നത്തിലേക്ക് തള്ളിവിട്ടു.
എന്നാൽ അതേ സമയത്താണ് യേശു അവളെ കാത്തിരുന്നത്. നാം ആയിരിക്കുന്ന ഇടങ്ങളിൽ നമ്മെ തേടിയെത്തുന്ന ദൈവകൃപയെയാണ് ഇവിടെ അടയാളപ്പെടുത്തുന്നത്.
യേശു എപ്പോഴും വിളിക്കുന്നത് ഏറെ ആകുലചിത്തരായ മനുഷ്യരെയാണ്.
ജീവിതം വഴിമുട്ടിപ്പോയവരെയും, ഭയംമൂലം ആൾക്കൂട്ടത്തിന്റെ ഏറ്റവും പിറകിൽ നിൽക്കുന്നവരെയും, ആരാലും ശ്രദ്ധിക്കപ്പെടാതെ പോയവരെയുമാണ് അവന്റെ ആദ്യ വിളിയുടെ ലക്ഷ്യം. ചെറിയവരിൽ വലിയ പ്രതീക്ഷ വയ്ക്കുന്ന ദൈവമാണ് നമ്മുടെ ദൈവം.
നമ്മുടെ അനുദിന സാഹചര്യങ്ങളിൽ-സങ്കടങ്ങളിലും, വേദനകളിലും, ഒറ്റപ്പെടലുകളിലും, നിരാശകളിലും- നമ്മെ അറിയുകയും അന്വേഷിക്കുകയും ചെയ്യുന്ന ദൈവത്തെ തിരിച്ചറിയുവാൻ നമുക്ക് കഴിയണം. കാണപ്പെടാത്തവരെ കാണുന്ന, ബലഹീനനെ ശക്തീകരിക്കുന്ന ദൈവമാണ് നമ്മുടെ ദൈവം.
ഇത് നമ്മിൽ ഏറെ പ്രതീക്ഷ പകരുന്നു. അതോടൊപ്പം ഇന്ന് നാം ആരെ തേടുന്നു എന്നതും പ്രാധാന്യം അർഹിക്കുന്നു.
കോർപ്പറേറ്റുകളെയെല്ല വളർത്തേണ്ടത്; നാട്ടിലെ മനുഷ്യർക്ക് നീതി നൽകണം
ചിന്നിയവരും ചിതറിയവരും അപമാനിതരും നിസ്സഹായരുമായവരെ തേടിയെത്തി അവർക്ക് സംഘടിത ശക്തി പകർന്നതാണ് ക്രിസ്തു വരുത്തിയ ഏറ്റവും വലിയ രാഷ്ട്രീയ വിപ്ലവം എന്നാണ് ചിന്തകന്മാർ പറയുന്നത്.
പരുക്കേറ്റവരെ താങ്ങി പരിചരിക്കാൻ ഒരു ജനതയായി നമുക്ക് ഉണർന്ന് എഴുന്നേൽക്കാം. അപരനിലേക്ക് സ്നേഹത്തിൻറെ പാലം പണിയുവാൻ, ഏറ്റവും താഴെയുള്ളവന്റെ സ്വപ്നങ്ങൾക്ക് ചിറകേകുവാൻ, രാജ്യത്തെ കരുതലോടെ കെട്ടുപണി ചെയ്യുവാൻ മാരാമൺ കൺവൻഷനും ഭാരതത്തിലെ ക്രൈസ്തവ വിശ്വാസി സമൂഹവും എന്നും പ്രതിജ്ഞാ ബദ്ധമാണ്. ഓക്സ്ഫാം പുറത്തുവിട്ടിരിക്കുന്ന സാമ്പത്തിക അസമത്വ റിപ്പോർട്ട് പറയുന്നത് ലോകത്ത് രാഷ്ട്രീയ – സാമ്പത്തിക അസമത്വം സമാനതകളില്ലാതെ പെരുകുന്നു എന്നാണ്.
ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും സമ്പന്നർ ഇനിയും സമ്പന്നരാവുകയും ചെയ്യുന്ന ലോക സാഹചര്യമാണ് നിലനിൽക്കുന്നത്. സമ്പന്നർ വെറുതെ പണം സമ്പാദിക്കുക മാത്രമല്ല, വിപണികളെ മൊത്തമായി നിയന്ത്രിക്കുകയും ചെയ്യുന്നു.
കോർപ്പറേറ്റുകൾ രാഷ്ട്രീയവും തിരഞ്ഞെടുപ്പുകളും നിയന്തിക്കുന്ന അവസ്ഥ ജനാധിപത്യത്തെ തകിടം മറിക്കും. ഇന്ത്യ സാമ്പത്തിക ശക്തിയായി മാറുമ്പോൾ, പുറമ്പോക്കുകളിൽ കഴിയുന്ന ദരിദ്രർ അവിടെ തന്നെ കഴിയുന്നു.
ഏതെങ്കിലും കോർപ്പറേറ്റ് ഭീകരർ ഒരു രാജ്യവും വിഴുങ്ങാൻ പാടില്ല. ദാരിദ്യത്തിന്റെയും അസമത്വത്തിന്റെയും അനീതിയുടെയും ദുരിതം പേറുന്ന ജനങ്ങളെ കാണാതെ പോകുന്ന ഭരണകൂടങ്ങളുടെ സ്ഥാനം കാലത്തിന്റെ ചവിറ്റുകൊട്ടയിലായിരിക്കും എന്നതിന് സംശയമില്ല.
ദളിതരും ആദിവാസികളും മൈക്രോ മൈനോറിറ്റിയായ ക്രൈസ്തവ ന്യൂനപക്ഷവും ഉൾപ്പെടുന്ന ഈ നാട്ടിലെ എല്ലാ മനുഷ്യർക്കും തുല്യനീതിയും, വർഗീയ കുറ്റവാളികളിൽ നിന്നു സംരക്ഷണവും നൽകുന്നതിനെ ക്കുറിച്ചു കൂടി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തുറന്ന ചർച്ച തുടങ്ങിവയ്ക്കണം.
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളോട് പ്രതികരിക്കുന്ന ക്രിസ്തു സ്നേഹം
യേശു ശമര്യാക്കാരി സ്ത്രീയോട് എനിക്ക് കുടിക്കുവാൻ തരുമോ (വാക്യം 7) എന്ന ചോദ്യത്തോടെയാണ് അവർ തമ്മിലുള്ള സംഭാഷണം ആരംഭിക്കുന്നത്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായിരുന്നു യേശുവിന്റെ അന്വേഷണങ്ങളിലും സംഭാഷണ വിഷയങ്ങളിലും അധികവും.
തന്റെ മുന്നിൽ വരുന്നവരുടെ ദാഹം, വിശപ്പ്, ആരോഗ്യം, മാന്യത എന്നിവയിൽ കർത്താവ് സദാ ശ്രദ്ധാലുവായിരുന്നു. അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെട്ട
ജനങ്ങളോട് കരുണാദ്രമായി ഇടപെടുന്നതിനും അവരുടെ ആവശ്യങ്ങളിൽ ക്രിയാത്മകമായി പ്രതികരിക്കുന്നതിനും യേശുവിന് സാധിച്ചു. പുരുഷാരത്തെ ചിന്നിയവരും ചിതറിയവരുമായി കണ്ട് അവരോട് യേശു മനസ്സലിയുകയും അവരുടെ വിശപ്പിന് മുന്നിൽ നിങ്ങൾ അവർക്ക് ഭക്ഷിപ്പാൻ കൊടുപ്പിൻ എന്ന് ശിഷ്യരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
സഭയുടെ ശുശ്രൂഷ സംഗതമായിത്തീരുന്നത് നമുക്കു ചുറ്റും മനുഷ്യർ അനുഭവിക്കുന്ന വ്യഥകളോടുള്ള പ്രതികരണത്തിലാണ്. ലോകത്തിന്റെ നീറുന്ന പ്രശ്നങ്ങൾക്ക് ഉത്തരമാകണം സഭ.
മാരാമൺ കൺവൻഷനും വചന ധ്യാനവും നമ്മെ നയിക്കേണ്ടതും അത്തരത്തിലുള്ള അന്വേഷണങ്ങളിലേക്കും പ്രവൃത്തി പഥങ്ങളിലേക്കുമായിരിക്കണം. ഓരോ കാലഘട്ടത്തിലും സമൂഹത്തിൽ നിലനിൽക്കുന്നതും രൂപപ്പെടുന്നതുമായ തിന്മകൾക്കും ചൂഷണങ്ങൾക്കുമെതിരെ ഈ കൺവൻഷനിൽ നിന്ന് അർത്ഥവത്തായ പ്രതികരണങ്ങളും ഉണ്ടായിട്ടുണ്ട്.
സമകാലിക ലോകത്തിലെ ചില തിന്മകളിലേക്ക് ഈ കൺവൻഷന്റെ ശ്രദ്ധക്ഷണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു….
കുട്ടിക്കുറ്റവാളികൾ പെരുകുന്നു; പഠിപ്പിക്കാം കുട്ടികളെയും മാനവികത
ലഹരി വ്യാപനം ക്രമാതീതമായി വർധിക്കുന്ന ഒരു കാലയളവിലാണ് നാം ജീവിക്കുന്നത്.
യുവതലമുറയെപ്പറ്റി നാം കരഞ്ഞു പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു. ലഹരി വിൽക്കുന്നവർ വിദ്യാലയ പരിസരങ്ങളെ വലയംചെയ്തു കഴിഞ്ഞു.
ഇക്കഴിഞ്ഞ ക്രിസ്മസ് കാലയളവിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ 332.62 കോടി രൂപയുടെ റെക്കോർഡ് മദ്യവിൽപ്പന രേഖപ്പെടുത്തി, ഇത് മുൻവർഷത്തേക്കാൾ 18.99% വർദ്ധനവാണ്. ഡിസംബർ 24-നായിരുന്നു ഏറ്റവും ഉയർന്ന പ്രതിദിന വിൽപ്പന – 114.45 കോടി രൂപ.
ബാറുകളുടെ എണ്ണവും ക്രമാതീതമായി പെരുകുന്നു. രാസലഹരി ഉൾപ്പെടെ കേസുകളിൽ നടന്നത് 27,000–ത്തിലേറെ അറസ്റ്റുകൾ.
തടയേണ്ടവർ നിഷ്ക്രിയരായി ഇരിക്കുന്നു. തന്മൂലം യുവതലമുറ നാശത്തിലേക്ക് നയിക്കപ്പെടുന്നു.
ജെൻ–സി കളുടെ കേരളം നേരിടുന്ന മറ്റൊരു പ്രതിസന്ധി, ലഹരിക്ക് അടിമപ്പെട്ട
പ്രായപൂർത്തിയാകാത്തവർ ഗുണ്ടായിസം ഏറ്റെടുത്തിരിക്കുന്നു എന്നതാണ്. പ്രായപൂർത്തിയായില്ല എന്നതിന്റെ പേരിൽ ഇവരിൽ പലരും നിയമത്തിന്റെ പിടിയിൽ നിന്നുപോലും രക്ഷപ്പെടുന്നു.
കുട്ടിക്കുറ്റവാളികളെ നേരിടാൻ നാട്ടിലുള്ളവർക്കു പോലും ഭയമാണ്. പൊതുനിരത്തിൽ അമിത വേഗത്തിൽ ഇരുചക്ര വാഹനം ഓടിക്കുന്നതിനെ ചോദ്യം ചെയ്താൽ പോലും അക്രമിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചു.
അധ്യാപകർ പല വിദ്യാലയങ്ങളിലും ഇന്ന് ഭീതിയിലാണ്. അധ്യാപകർ അപമാനിക്കപ്പെടുന്നത് ഒരു രാജ്യത്തെ സംബന്ധിച്ച് ശുഭവാർത്തയല്ല.
കുറച്ചുകൂടി മാനവികതയും സ്നേഹവും നമുക്ക് കുട്ടികളെ പഠിപ്പിക്കാം.
ലൈക്കല്ല, ജീവിതമാണ് വലുത്
മാറുന്ന ലോകത്തിൽ അവഗണിക്കാനാവാത്ത ഒന്നായി സമൂഹമാധ്യമങ്ങൾ മാറി. സമൂഹത്തിന്റെ കണ്ണാടിയായി വർത്തിക്കേണ്ട
സമൂഹ മാധ്യമം ഇന്ന് എത്തി നിൽക്കുന്ന അപചയത്തിൻറെ ആഴം വ്യക്തമാക്കുന്നതാണ് പയ്യന്നൂരിൽ പൊലിഞ്ഞ ദീപക് എന്ന ചെറുപ്പക്കാരൻറെ ജീവിതം. ഓൺലൈൻ ഗെയിമുകളുടെ വിനാശകരമായ സ്വാധീനത്തെ വെളിപ്പെടുത്തുന്ന സംഭവമായിരുന്നു ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ തങ്ങളുടെ ഫ്ളാറ്റിൻറെ 9 -ാം നിലയിൽ നിന്ന് ഒന്നിച്ചു ചാടി ജീവനൊടക്കിയത്.
ഗെയിം ഇല്ലാതെ ഞങ്ങൾക്ക് ജീവിക്കാനാകില്ല, ഇതാണ് ഞങ്ങളുടെ ലോകം എന്ന ഡയറിക്കുറിപ്പെഴുതിയാണ് അവർ ജീവിതത്തിൻറെ പടിയിറങ്ങിയത്. വിവേചന ബുദ്ധിയോടെ ഉപയോഗിച്ചാൽ ആശയവിനിമയത്തിനും ആസ്വാദനത്തിനും ഫലപ്രദമായ ഇടമാണ് സമൂഹ മാധ്യമങ്ങൾ.
ലോകത്തെ നിശ്ചലമാക്കിയ കോവിഡ് കാലത്തും കേരളത്തെ തകർത്തെറിഞ്ഞ മഹാപ്രളയത്തിലും വലിയ അനുഗ്രഹമായിരുന്നു ഇത്തരം സംവിധാനങ്ങൾ.
റീച്ചും വരുമാനവും വർധിപ്പിക്കാൻ എല്ലാ അതിർ വരമ്പുകളും ലംഘിക്കുന്നതും സാമൂഹിക ജീവിതത്തെ വിഷലിപ്തമാക്കുന്നതും നിസ്സാരമായി കാണരുത്. പുതിയ കാലത്തിന്റെ കമ്പമാണ് റീൽസും ലൈക്കും റീച്ചും.
ലൈക്കുകൾ വാരിക്കൂട്ടാൻ സഹസികമായ കാര്യങ്ങൾ ചെയ്യുന്നു. ഇതൊരു മാനസിക അടിമത്തമായി മാറുന്നു.
ലൈക്ക് കുറഞ്ഞാൽ നിരാശ ബാധിക്കുന്നു. സാഹസിക റീൽസ് ചിത്രീകരണത്തിന്റെ അമിതാവേശത്തിൽ മരണം സംഭവിച്ച പല സംഭവങ്ങൾ ഉണ്ട്.
ഒരു ലൈക്കിനെക്കാൾ വിലപ്പെട്ടതാണ് സ്വന്തം ജീവനെന്നും മറ്റുള്ളവരുടെ ജീവിതമെന്നും തിരിച്ചറിയണം. ഈ ബോധം കുട്ടികൾക്ക് നൽകാൻ മാതാപിതാകളും അദ്ധ്യാപകരും ശ്രദ്ധിക്കണം.
ചെറിയ വിഭവങ്ങളെ സാധ്യതകളാക്കി മാറ്റുന്ന ക്രിസ്തുസ്നേഹം
ശമര്യാക്കാരിയെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അവൾ കോരിവെച്ച വെള്ളത്തിൽ നിന്നാണ് യേശു കുടിക്കുന്നത്.
നമ്മുടെ പക്കൽ ഉള്ള ചെറിയതിനെ ദൈവസന്നിധിയിൽ അർപ്പിക്കുമ്പോൾ, അതിലൂടെ ദൈവിക വെളിപ്പാടുകളുടെ വലിയ പ്രവാഹം ആരംഭിക്കുന്നു എന്നതാണ് ക്രിസ്തു പഠിപ്പിക്കുന്നത്. വേദപുസ്തകം ഇതിന്റെ അനേകം ഉദാഹരണങ്ങൾ നമുക്ക് നൽകുന്നുڋഅഞ്ചപ്പം രണ്ടുമീൻ (യോഹ.
6), വിധവയുടെ രണ്ട് കാശ് (മർക്കോസ് 12), മോശെയുടെ കയ്യിലെ വടി (പുറപ്പാട് 4) എന്നിവയാണ് ചില ഉദാഹരണങ്ങൾ. ചെറുത് ദൈവഹസ്തങ്ങളിൽ എത്തുമ്പോൾ, അതിൻറെ സാധ്യത അതിരുകളില്ലാത്തതാകുന്നു.
വോട്ടവകാശം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണം
നമ്മുടെ വിഭവങ്ങളെയും അവകാശങ്ങളെയും അവയുടെ പരിമിതിയിൽ അല്ല, അവയുടെ സാധ്യതയിൽ കാണാനാണ് ക്രിസ്തുസ്നേഹം നമ്മെ ക്ഷണിക്കുന്നത്.
ക്രൈസ്തവ സമൂഹം ഭാരതത്തിൽ ഒരു ചെറിയ സമൂഹമായിട്ടും – വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാമൂഹ്യസേവനം എന്നീ മേഖലകളിലൂടെ ഗണ്യമായ സംഭാവനകൾ നൽകാൻ നമുക്ക് സാധിച്ചിട്ടുണ്ട്. അതുപോലെ, ജനാധിപത്യം നമുക്ക് നൽകിയ ശക്തമായ ഒരു സാധ്യതയാണ് വോട്ടവകാശം.
ഇന്ന് ജനാധിപത്യം ദുർബലമാകുന്ന സൂചനകൾ നാം കാണുന്നു. ബഹുസ്വരതയുടെ നിഷേധം, പൗരത്വം ചോദ്യംചെയ്യൽ, രാജ്യസ്നേഹത്തിൻറെ തെറ്റായ വ്യാഖ്യാനം, പ്രകൃതിസമ്പത്തിനോടുള്ള അനാദരവ് എന്നിവയാണവ.
വോട്ടവകാശത്തെ നിസാരവത്ക്കരിക്കാതെ ഗൗരവത്തോടെ ഉപയോഗിക്കേണ്ട ഉത്തരവാദിത്വം നമ്മുടേതാണ്.
തിരഞ്ഞെടുക്കപ്പെടണം, വിമർശനങ്ങൾ കേൾക്കാൻ തയാറുള്ള ഭരണാധകാരികൾ
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഒരു പൊതുതിരഞ്ഞെടുപ്പ് കാലത്തിലേക്ക് നമ്മുടെ സംസ്ഥാനം കടക്കുന്ന ഈ ഘട്ടത്തിൽ, എല്ലാവരെയും ഉൾക്കൊള്ളുന്ന, തുല്യാവകാശങ്ങളെ മാനിക്കുന്ന, വിമർശനങ്ങൾ കേൾക്കാൻ തയ്യാറുള്ള ഭരണസംവിധാനങ്ങൾ രാജ്യത്തിന് അനിവാര്യമാണ്.
ജനാധിപത്യം ഏകാധിപത്യത്തിലേക്കു വഴിമാറരുത്; ബദൽ സ്വരങ്ങൾ നിലനിൽക്കണം. മതഭ്രാന്തിനോടും വർഗീയതയോടും സന്ധിചെയ്യാത്ത ധാർമ്മിക രാഷ്ട്രീയമാണ് ക്രൈസ്തവ സമൂഹം ഉയർത്തിപ്പിടിക്കേണ്ടത്.
ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ആദിവാസി സമൂഹങ്ങളുടെയും ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. തിരഞ്ഞെടുപ്പ് കാലത്ത് യുവജന കുടിയേറ്റം, ലഹരി ഉപയോഗം, വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ, വിദ്യാഭ്യാസ ഗുണനിലവാര തകർച്ച എന്നിവ പോലുള്ള യഥാർഥ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടണം.
ക്രിസ്തുസ്നേഹം നമ്മെ പഠിപ്പിക്കുന്നത് ഇതാണ്: ചെറുതെന്നു തോന്നുന്നതിനെ അവഗണിക്കരുത്. നമ്മുടെ വോട്ടും ശബ്ദവും നിലപാടും – ഇവയെല്ലാം ദൈവരാജ്യ മൂല്യങ്ങളാൽ നയിക്കപ്പെടുമ്പോൾ, സമൂഹ ഭാവിയെ തന്നെ രൂപാന്തരപ്പെടുത്തുന്ന ശക്തിയായി നാം മാറും എന്നതിന് രണ്ട് പക്ഷമില്ല.
ജെ.ബി.
കോശി കമ്മിഷൻ റിപ്പോർട്ടും മത അധ്യാപക ക്ഷേമനിധിയും
2020 നവംബർ 5 നാണ് സംസ്ഥാനത്തെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് ജെ.ബി കോശി കമ്മീഷനെ സർക്കാർ നിയമിച്ചത്. 2023 ൽ സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ ഇനിയെങ്കിലും പുറത്തുവിടാനും നടപ്പാക്കാനും ബന്ധപ്പെട്ടവർ ഇച്ഛാശക്തി കാണിക്കണം എന്ന് അഭ്യർഥിക്കുന്നു.
മത അദ്ധ്യാപകർക്കു ക്ഷേമനിധി എന്ന നിർദ്ധേശവുമായി സർക്കാർ വരുമ്പോൾ അതെക്കുറിച്ച് ജെ. ബി.
കോശി കമ്മീഷൻ എന്താണ് പറഞ്ഞിരിക്കുന്നത് എന്നു അറിയാൻ കഴിയണം. നിസ്വാർത്ഥ സേവനം ചെയ്യുന്ന സഭാ സംവിധാനത്തിലേക്കു രാഷ്ട്രീയ ഇടപെടലുകൾക്കുള്ള മറ്റൊരു പിൻവാതിൽ ആകരുത് അത്.
നിത്യ ജീവങ്കലേക്ക് നയിക്കുന്ന ക്രിസ്തുസ്നേഹം
ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന് ഒരു നാളും ദാഹിക്കുകയില്ല, ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവനിലേക്ക് പൊങ്ങിവരുന്ന നീരുറവയായിത്തീരുംچ എന്ന് യേശു പറഞ്ഞു (വാക്യം 14).
ഞാൻ വന്നത് നിങ്ങൾക്ക് ജീവനുണ്ടാകുവാനും സമൃദ്ധിയായി ഉണ്ടാകുവാനുമത്രെ എന്നാണ് സുവിശേഷങ്ങളിലെ മറ്റൊരു ക്രിസ്തുമൊഴി. ജീവന്റെ നിലനിൽപ്പിന് വിഘാതമായ എല്ലാറ്റിനോടും എതിരിടുന്ന ക്രിസ്തുവിനെ സുവിശേഷ ഭാഗങ്ങളിൽ കാണുവാൻ സാധിക്കും.
യേശുവുമായുള്ള അഭിമുഖീകരണം ശമര്യാക്കാരി സ്ത്രീയെ നിത്യജീവന്റെ അനുഭവത്തിലേക്ക് നയിച്ചു.
കേരളത്തിലെ ആത്മഹത്യാ നിരക്ക് അമ്പരപ്പിക്കുന്ന കണക്ക്
ഇന്ന് ജീവനെ മടുപ്പിക്കുന്ന സാഹചര്യങ്ങൾ ദിനംപ്രതി വർദ്ധിക്കുന്നു. കേരളത്തിൽ ആത്മഹത്യ പെരുകുന്ന കാലമാണിത്.
കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിൽ നിന്നു 607 കുട്ടികളെ കാണാതായ സംഭവവും നമുക്കു മനോവേദന ഉണ്ടാക്കുന്നു. ഇന്ത്യയിൽ ഒരു ലക്ഷം ജനങ്ങളിൽ 12.4 ആണ് ആത്മഹത്യാ നിരക്ക് എങ്കിൽ കേരളത്തിൽ അത് 28.5 ആണ്.
വാളയാറിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ ഛത്തിസ്ഗഡ് സ്വദേശി റാം നാരായണൻറെ മുഖം എങ്ങനെ മറക്കാനാവും. അട്ടപ്പാടിയിലെ മധു നമുക്ക് പാഠമായില്ല എന്നതാണ് ദുഃഖകരമായ സത്യം.
അടുത്ത ദിവസങ്ങളിലാണ് കൽപ്പറ്റയിൽ 16 വയസുകാരനെ വളഞ്ഞിട്ട് ക്രൂരമായി മർദിക്കുന്ന ഭയാനക ദൃശ്യങ്ങൾ നാം കണ്ടത്. സംഘത്തിൽ ഒരാൾ ഒഴികെ ആരും പ്രായപൂർത്തിയായിട്ടില്ല. കല്പറ്റയിൽ മാത്രമല്ല കേരളത്തിൽ പല സ്ഥലങ്ങളിലും ഇത്തരം കുട്ടികുറ്റവാളികൾ വളരുന്നു. ജീവിക്കുവാൻ അനുകൂല പരിസരങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതും ദൗത്യ നിർവ്വഹണത്തിന്റെ ഭാഗം തന്നെയാണ്.
വികസനത്തെയും പരിസ്ഥിതിയെയും ഒരേപോലെ പരിഗണിക്കുന്ന ഒരു മധ്യമാർഗം നാം വീണ്ടെടുക്കണം. മനുഷ്യരും ദൈവവും പ്രകൃതിയും ചേർന്നുള്ള താളാത്മക ജീവിതമാണ് വിശ്വാസയാത്ര.
നമ്മുടെ ഓരോ ചുവടുവെയ്പുകളിലും ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന വരികൾ നമ്മുടെ മനസ്സുകളിലും മുഴങ്ങണം.
പരിസ്ഥിതിയെ കൊള്ളയടിക്കുന്ന പ്രവണതയെ പാപങ്ങളുടെ പട്ടികയിലാക്കി ആഗോള സഭ
മാരാമൺ കൺവൻഷൻ ജീവന്റെ സംരക്ഷണത്തിനും പരിസ്ഥിതിയുടെ വീണ്ടെടുപ്പിനുമായി ആഹ്വാനം മുഴക്കുന്ന വേദികൂടിയാണ്. പരിസ്ഥിതിയെ കൊള്ളയടിക്കുന്ന പ്രവണതയെ ആഗോള സഭ പാപങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതും എല്ലാവരെയും ഓർമിപ്പിക്കുന്നു.
വഴിയിലേക്കും മറ്റും ബോധപൂർവമായും അല്ലാതെയും വലിച്ചറിയുന്ന മാലിന്യത്തിലെ ഭക്ഷണാവശിഷ്ടമാണ് തെരുവുനായകൾ പെറ്റുപെരുകാൻ കാരണമാകുന്നതെന്ന് ഈയിടെ വായിച്ചു. മാലിന്യസംസ്കരണത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
നമ്മുടെ കോഴഞ്ചേരി പാലത്തിന്റെ വശത്തു നിന്ന് നഗരമാലിന്യം നദിയിലേക്ക് വലിച്ചെറിയുന്ന കാഴ്ച ഒരു പരിഷ്കൃത സമൂഹം എന്ന നിലയിലുള്ള നമ്മുടെ പരാജയമാണ് കാണിക്കുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട
തദ്ദേശ ജനപ്രതിനിധികൾ പലരും ഇവിടെ ഇരിപ്പുണ്ടല്ലോ. തിരുത്തൽ നടപടികൾ വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ.
നാടിന്റെ ജലസുരക്ഷയും പാരിസ്ഥിതിക സുരക്ഷയും കാർഷിക– മണ്ണുമര്യാദകളും പാലിക്കപ്പടണം. അങ്ങനെ ജീവനെ പരിരക്ഷിക്കുന്ന, ആളോഹരി ആനന്ദമുള്ള സമൂഹമായി നാം രൂപാന്തരപ്പെടുകയും വേണം.
വിശ്വാസം വാക്കുകളിൽ ഒതുങ്ങരുത്; ജീവിത നിലപാടുകളിൽ പ്രതിഫലിക്കണം
നമ്മുടെ ജീവിതത്തെ ഉള്ളതുപോലെ അറിയുന്നവനാണ് ക്രിസ്തു.
ഉപരിപ്ലവമായ കാഴ്ചയിൽ അവസാനിക്കുന്നില്ല അവന്റെ അഭിമുഖീകരണം. ലോകം കാണാതെ പോകുന്ന നമ്മുടെ ജീവിതസങ്കീർണ്ണതകളെയും ഭീതികളെയും പരാജയങ്ങളെയും അവൻ വ്യക്തമായി കാണുന്നു.
ആ ദൈവിക കാഴ്ചയാണ്, സമൂഹത്തെ നേരിടാൻ ഭയപ്പെട്ടിരുന്ന ശമര്യസ്ത്രീയെ ഒരു പട്ടണത്തെ മുഴുവൻ അഭിമുഖീകരിക്കാൻ ധൈര്യമുള്ള സാക്ഷിയാക്കി മാറ്റിയത്. വന്ന് കാണ്മീൻ എന്ന അവളുടെ വിളി, ആന്തരിക രൂപാന്തരത്തിന്റെ പൊതുഘോഷണമാണ്.
ഈ കാലഘട്ടത്തിലും ക്രൈസ്തവ വിശ്വാസം സ്വകാര്യ ഭക്തിയിൽ ഒതുങ്ങിക്കിടക്കാൻ പാടില്ല; അത് പൊതുഇടങ്ങളിൽ ശക്തമായ സാക്ഷ്യമായി മാറണം. ഈ കൺവൻഷൻ നമ്മെ ഓർമിപ്പിക്കുന്നത് ഇതാണ്: വിശ്വാസം വാക്കുകളിൽ മാത്രമല്ല, ജീവിത നിലപാടുകളിലൂടെയും സാമൂഹിക ഉത്തരവാദിത്തങ്ങളിലൂടെയും പകരപ്പെടണം.
വേണ്ട
വീണ്ടുവിചാരമില്ലാത്ത കുടിയേറ്റം; ഇവിടെ തന്നെ തൊഴിൽ ദാതാക്കളാകണം
വീണ്ടുവിചാരമില്ലാത്ത കുടിയേറ്റം എല്ലാറ്റിനും പരിഹാരമാകില്ല; ഇവിടെ തന്നെ തൊഴിൽ ചെയ്യാനും തൊഴിൽദാതാക്കളായി മാറാനും നാം തയ്യാറാകണം. പൊതു ഭരണരംഗത്ത് സേവനസന്നദ്ധതയും നീതിബോധവും ഉള്ള ക്രൈസ്തവ സാന്നിധ്യം ശക്തമാക്കണം; തിരഞ്ഞെടുപ്പ് രംഗത്തേക്കും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിലേക്കും സാക്ഷ്യമുള്ള കൂടുതൽ പേർ കടന്നുവരണം.
ക്രൈസ്തവരുടെ ജനസംഖ്യാ ശോഷണവും സർക്കാർ മേഖലയിൽ 1.5 ശതമാനം മാത്രമായി ചുരുങ്ങിയിരിക്കുന്ന നമ്മുടെ സാന്നിധ്യവും വെറും കണക്കുകളല്ലڋഅവ പ്രവാചക മുന്നറിയിപ്പുകളാണ്. ഈ മനോഹര ദേശത്തിൽ നമ്മുടെ തലമുറകളെ നിലനിർത്തുവാൻ, ജോലി സാധ്യതകൾ സൃഷ്ടിക്കാത്ത രാഷ്ട്രീയ-സാമൂഹിക ഘടനകളെ ചോദ്യം ചെയ്യാൻ, വിശ്വാസത്തോടൊപ്പം ഉത്തരവാദിത്തവും ഏറ്റെടുക്കാൻ ഈ കൺവൻഷൻ നമ്മെ വിളിക്കുന്നു.
ക്രിസ്തുവുമായുള്ള യഥാർത്ഥ അഭിമുഖീകരണം, വ്യക്തിജീവിതത്തെ മാത്രം അല്ല, ഒരു സമൂഹഭാവിയെ തന്നെ മാറ്റുന്ന പ്രവാചക ശക്തിയായി മാറട്ടെ.
മാരാമൺ വെറും കേൾവിസുഖമല്ല; ദൈവം ജനത്തെ സന്ദർശിക്കുന്ന ഇടം
2026 ലെ മാരാമൺ കൺവൻഷൻ സമാരംഭിച്ചു. പമ്പയുടെ ഈ തീരം, ശമര്യയിലെ കിണറിനരികു പോലെ, നമ്മളൊരൊരുത്തർക്കും ജീവജലത്തിന്റെ ഉറവയായി മാറേണ്ടതാണ്.
ഇത് ഒരു വാർഷിക ആചാരസംഗമം മാത്രമല്ല; ദൈവം തന്റെ ജനത്തെ വീണ്ടും വീണ്ടും കണ്ടുമുട്ടാൻ തിരഞ്ഞെടുക്കുന്ന ഒരു വിശുദ്ധ സംഗമ ഇടമാണ്. ഈ ദിനങ്ങൾ, കേവലം ശ്രവണസുഖത്തിൽ നിന്നു മാറി, ദൈവസാന്നിധ്യത്തിന്റെ ആഴമുള്ള അനുഭവത്തിലേക്കും സാക്ഷ്യജീവിതത്തിന്റെ മേഖലകളിലേക്കും നമ്മെ നയിക്കേണ്ട
ദിവസങ്ങളാണ്. അത് വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും, സഭയുടെ ചുവരുകൾക്കുള്ളിലും പുറത്തും, സമൂഹത്തിലും ലോകമെമ്പാടും മുഴങ്ങുന്ന ജീവനുള്ള പ്രഖ്യാപനങ്ങളാകണം.
ഇവിടെ നാം കേൾക്കുന്ന ഓരോ സന്ദേശവും ദൈവാന്വേഷണത്തെ ഉണർത്തുകയും, മറഞ്ഞുകിടക്കുന്ന ആത്മീയ തകർച്ചകളെ വെളിച്ചത്തിലാക്കുകയും നിത്യജീവന്റെ യാഥാർഥ്യത്തിലേക്ക് നമ്മെ ആകർഷിക്കുകയും ചെയ്യണം.
ദൈവവചനം നമ്മുടെ ചിന്തകളെയും മുൻഗണനകളെയും തീരുമാനങ്ങളെയും ദിശകളെയും ആകമാനം പുനഃക്രമീകരിക്കാനാണ് നമ്മോട് ആവശ്യപ്പെടുന്നത്. ദൈവകരുണയുടെ കണ്ണിലൂടെ അപരനെ കാണുവാനും സങ്കുചിത മത–സാമൂഹിക അതിരുകൾ തകർക്കുവാനും ആരെയും ഒഴിവാക്കാത്ത ദൈവരാജ്യ ദർശനത്തിലേക്ക് നമ്മുടെ ഹൃദയങ്ങളെ വിപുലീകരിക്കുവാനും ഈ കൺവൻഷൻ നമ്മെ വെല്ലുവിളിക്കുന്നു.
2026 ലെ മാരാമൺ കൺവൻഷൻ അവസാനിക്കുമ്പോൾ, നാം വെറും ശ്രോതാക്കളായി അല്ല, അയക്കപ്പെട്ട സാക്ഷികളായി, നമ്മുടെ ഭവനങ്ങളിലേക്കും പ്രവർത്തന മണ്ഡലങ്ങളിലേക്കും മടങ്ങിപ്പോകുമ്പോഴാണ്, ഈ നദീതീര സംഗമം വ്യക്തിജീവിതങ്ങളെയും സമൂഹത്തെയും സഭയെയും തന്നെ രൂപാന്തരപ്പെടുത്തുന്നത്.
കർത്താവ് നമ്മെ അതിനായി ഒരുക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്, 131-ാമത് മാരാമൺ കൺവൻഷൻ, ഏറെ വിനയപൂർവ്വം, ത്രിയേക ദൈവത്തിന്റെ നാമത്തിൽ ഉദ്ഘാടനം നിർവഹിച്ചതായി അറിയിക്കുന്നു.
ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

