ആലപ്പുഴ∙ അമ്പലപ്പുഴ– ആലപ്പുഴ റീച്ചിൽ നിലവിലെ റെയിൽപാതയ്ക്കു പടിഞ്ഞാറു വശത്താകും പുതിയ പാത വരിക. 12.66 കിലോമീറ്ററിൽ ഇരട്ടപ്പാതയാക്കാൻ 324.16 കോടി രൂപ അനുവദിച്ചത്.
ഉടൻ വിശദ പദ്ധതിരേഖയ്ക്കു റെയിൽവേ ബോർഡ് അനുമതി നൽകും. തുടർന്നാകും വിജ്ഞാപനമിറക്കി സ്ഥലമേറ്റെടുക്കൽ നടപടി ആരംഭിക്കുക.എറണാകുളം മുതൽ പടിഞ്ഞാറു ഭാഗത്തായാണു രണ്ടാം പാത നിർമിക്കുന്നത്.
തുറവൂരിനു സമീപം തഴുപ്പ് ഗേറ്റ് മുതൽ തുറവൂർ സ്റ്റേഷനു തെക്കു വശം വരെ മാത്രമാണു നിലവിലെ പാതയുടെ കിഴക്കു വശത്തായി പുതിയ പാത നിർമിക്കുന്നത്.
തുടർന്നു തെക്കോട്ടുള്ള ഭാഗത്തു പടിഞ്ഞാറ് വശത്ത് പുതിയ പാത നിർമിക്കാനാണു തീരുമാനം. വിശദ പദ്ധതിരേഖ തയാറാക്കി സാമൂഹികാഘാത പഠനം നടത്തിയാലേ അന്തിമ തീരുമാനം വരൂ.ഘട്ടംഘട്ടമായി പൂർണമായി ഇരട്ടപ്പാതയാകുന്നതോടെ തീരദേശ പാതയിലെ ഗതാഗത ക്ലേശത്തിന് അറുതി വരും.
മറ്റു ട്രെയിനുകൾക്കു കടന്നുപോകാനായി ട്രെയിനുകൾ പിടിച്ചിടേണ്ടി വരുന്നതു വലിയ ബുദ്ധിമുട്ടായിരുന്നു.
പാസഞ്ചർ ട്രെയിനുകളിൽ തിരക്കേറിയിട്ടും പുതിയ ട്രെയിനുകൾ ആരംഭിക്കാനും കഴിഞ്ഞിരുന്നില്ല. ദീർഘദൂര ട്രെയിനുകൾ അനുവദിക്കുമ്പോഴും ആലപ്പുഴ പാതയോട് അവഗണനയായിരുന്നു.
രണ്ടാം പാത വരുന്നതോടെ ഈ സ്ഥിതി മാറും. കൂടുതൽ ട്രെയിനുകൾ എത്തുന്നത് ആലപ്പുഴയുടെ വിനോദ സഞ്ചാരരംഗത്തിനും കുതിപ്പാകും.
എറണാകുളം– തുറവൂർ ഭാഗം: നിർമാണം പുരോഗമിക്കുന്നു
തീരദേശ പാതയിൽ ഇരട്ടിപ്പിക്കലിനു നേരത്തെ അനുമതി ലഭിച്ച എറണാകുളം– കുമ്പളം, കുമ്പളം– തുറവൂർ ഭാഗത്തു പണികൾ വേഗത്തിൽ പുരോഗമിക്കുന്നു.
ഇവിടങ്ങളിൽ നേരത്തെ സ്ഥലമേറ്റെടുത്തു റെയിൽവേക്കു കൈമാറിയിരുന്നു. ആലപ്പുഴ ജില്ലയിൽ അരൂർ പാലം ഉൾപ്പെടെയുള്ള നിർമാണം നടക്കുകയാണ്.
കുമ്പളം– തുറവൂർ ഭാഗത്ത് ചെറിയവ ഉൾപ്പെടെ 82 പാലങ്ങളാണു നിർമിക്കുന്നത്. ഇവയിൽ അരൂർ– കുമ്പളം പാലം അടക്കം 10 എണ്ണം വലിയ പാലങ്ങളാണ്.
അരൂർ– കുമ്പളം പാലത്തിൽ അരൂർ ഭാഗത്തു നിന്നു ദേശീയ ജലപാതയുടെ ഭാഗം വരെയുള്ള പൈലിങ് പൂർത്തിയായി.
ഇവിടെ തൂണുകളുടെ പണിയും പകുതിയോളം കഴിഞ്ഞിട്ടുണ്ട്. കുമ്പളം ഭാഗത്തു നിന്നുള്ള പൈലിങ്ങാണ് ഇപ്പോൾ നടക്കുന്നത്.
കോംപസിറ്റ് ഗർഡറുകളാണു തൂണുകൾക്കു മുകളിൽ ഘടിപ്പിക്കുന്നത്. ദേശീയ ജലപാതയ്ക്കു മുകളിലെ ഭാഗത്ത് 61 മീറ്റർ നീളമുള്ള ഗർഡറുകളാണു സ്ഥാപിക്കുന്നത്.
പാതയിൽ മറ്റിടങ്ങളിൽ മണ്ണിട്ട് ഉയർത്തുന്നതും ബലപ്പെടുത്തുന്നതുമായ പണികളും നടക്കുകയാണ്.
കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നാണു മണ്ണ് എത്തിക്കുന്നത്. കുമ്പളം– എറണാകുളം ഭാഗത്തും നിർമാണം പുരോഗമിക്കുകയാണ്.
കോണ്ടുരുത്തി പാലത്തിനായി മണ്ണിന്റെ ഭാരപരിശോധന കഴിഞ്ഞതോടെ പൈലിങ് ഉടൻ ആരംഭിക്കും. പത്ത് വലിയ പാലങ്ങളാണ് ഈ റീച്ചിലും നിർമിക്കുന്നത്.
മണ്ണിട്ട് നിരപ്പാക്കുന്ന പണികളും ആരംഭിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

