ആലപ്പുഴ∙ കവിയും സാഹിത്യകാരനുമായ സച്ചിദാനന്ദൻ രാഷ്ട്രീയ പാർട്ടികളുടെ അതേ നയത്തിൽ നിന്നു ചിന്തിക്കണമെന്ന് ഇടതുപക്ഷം ശാഠ്യം പിടിച്ചിട്ടില്ലെന്നു മന്ത്രി പി.പ്രസാദ്. ചട്ടക്കൂടങ്ങളിൽ നിൽക്കുന്നവരെയും മുദ്രാവാക്യം വിളിക്കുന്ന സാഹിത്യകാരെയും നോക്കിയല്ല ഓരോ പദവിയിലും എൽഡിഎഫ് ഇരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മനോരമ ഞായറാഴ്ചയ്ക്കു സച്ചിദാനന്ദൻ നൽകിയ അഭിമുഖത്തിൽ അധികാരം കുത്തകയാകുന്തോറും അതു ദുരധികാരമായി മാറാൻ സാധ്യതയേറുമെന്നു തുടർഭരണത്തെക്കുറിച്ചുള്ള പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ 2011-2016 വരെ അധികാരത്തിലിരുന്ന യുഡിഎഫ് സർക്കാരിന്റെ ഭരണം എന്താണെന്നു പരിശോധിച്ചിട്ടു വേണം ഇങ്ങനെ അഭിപ്രായം പറയാൻ. വികസനത്തിന്റെയും ക്ഷേമ പ്രവർത്തനത്തിന്റെയും കാര്യത്തിൽ വളരെ പിന്നിലായിരുന്നു അന്നത്തെ സർക്കാരെന്ന് അദ്ദേഹം മറന്നിട്ടുണ്ടാകാം.
ആ കാലം വീണ്ടും വരണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. അങ്ങനെ ആഗ്രഹിക്കാൻ അദ്ദേഹത്തിനു സ്വാതന്ത്ര്യമുണ്ട്.
അദ്ദേഹം കമ്യൂണിസ്റ്റ് വിരുദ്ധനാണെന്ന് അതിന് അർഥമില്ലെന്നും പി.പ്രസാദ് പറഞ്ഞു.
കേന്ദ്രം ആസൂത്രിതമായി കേരളത്തിന്റെ കാർഷിക മേഖലയെ ഞെരുക്കുന്നു: മന്ത്രി
ആലപ്പുഴ ∙ ഇന്ത്യ – യുഎസ് വ്യാപാരക്കരാറിന്റെ ഭാഗമായ ഇറക്കുമതിക്കായി കേന്ദ്ര സർക്കാർ നേരത്തെ തന്നെ ആസൂത്രിതമായി കേരളത്തിന്റെ കാർഷിക മേഖലയെ ഞെരുക്കുകയാണെന്നും നെൽക്കൃഷിക്കു സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന വിഹിതം തുടരുമെന്നു കേന്ദ്ര കൃഷി, ധന മന്ത്രിമാരെ കത്ത് നൽകിയെന്നും മന്ത്രി പി.പ്രസാദ്. ഉൽപാദനച്ചെലവ് പരിഗണിച്ചു നെല്ലിന്റെ താങ്ങുവില 40 രൂപയാക്കി ഉയർത്തണമെന്നു കത്തിൽ ആവശ്യപ്പെട്ടെന്നും പി.പ്രസാദ് പറഞ്ഞു.
നെല്ല് സംഭരിച്ച ഇനത്തിൽ 2017-18 വർഷം മുതൽ സംസ്ഥാന സർക്കാർ ചെലവാക്കിയ 1343.83 കോടി രൂപ കേന്ദ്ര സർക്കാർ നൽകിയിട്ടില്ല.
പല കാരണങ്ങൾ പറഞ്ഞു പണം വൈകിക്കുകയാണ്. കർഷകരെ കൃഷിയിൽ നിന്നകറ്റാൻ ബാങ്കുകളെ ഉപയോഗിച്ചു ബോധപൂർവമായ ശ്രമമാണു കേന്ദ്ര സർക്കാർ നടത്തുന്നത്.
റിപ്പോ നിരക്ക് കുറഞ്ഞു നിൽക്കുമ്പോഴും പിആർഎസ് വായ്പയ്ക്ക് ഉയർന്ന പലിശ നിരക്ക് വേണമെന്നു ബാങ്കുകൾ ശാഠ്യം പിടിക്കുന്നു. ഇതൊക്കെ സംസ്ഥാനത്തെ നെൽക്കൃഷി ഇല്ലാതാക്കാനുള്ള ഇടപെടലുകളാണ്.
യുഎസ് ഏർപ്പെടുത്തിയ ഇറക്കുമതിത്തീരുവ 25 ശതമാനത്തിൽ നിന്ന് 18% ആക്കി കുറയ്ക്കുന്നതു കർഷകർക്കു നേട്ടമാണെന്നു കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ തെറ്റിദ്ധാരണ പരത്തുകയാണ്.
2.5–3.3% ആയിരുന്ന തീരുവയാണു 18% ആയത്. കരാറിനു മുന്നോടിയായാണു നെൽക്കൃഷിക്കു നൽകുന്ന പ്രോത്സാഹന വിഹിതം ഒഴിവാക്കണമെന്നു നിർദേശം നൽകിയത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 2405 കോടി രൂപയാണു നെൽക്കർഷകർക്കു പ്രോത്സാഹന വിഹിതമായി സംസ്ഥാന സർക്കാർ നൽകിയത്. നെല്ലിന്റെ കാര്യത്തിൽ ആരെയും വിലപേശാൻ അനുവദിക്കില്ല.
ബിജെപി നേതാക്കൾ നെൽക്കൃഷിയെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും പഠിച്ചിരുന്നു. വ്യാപാരക്കരാറിനെക്കുറിച്ച് അവർ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

