കുണിയ ( കാസർകോട്) ∙ ഈദുൽ ഫിത്ർ, ഈദുൽ അസ്ഹാ ആഘോഷങ്ങൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പ്രമേയം സമ്മേളനം അംഗീകരിച്ചു.
കേരളത്തിലെ സർവകലാശാലകളുടെ പരീക്ഷാ കലണ്ടറുകൾ ഏകീകരിക്കുക, വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമാ നമസ്കാരത്തിന് തടസ്സമാകാത്ത രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾക്കും പരീക്ഷകൾക്കും സമയക്രമം നിശ്ചയിക്കുക, മദ്രസ സമയവിഷയത്തിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുക, ധാർമിക പാഠങ്ങളും സൈബർ എത്തിക്സും പൊതുവിദ്യാഭ്യാസ സിലബസിൽ ഉൾപ്പെടുത്തുക, കേരളത്തിൽ അറബിക് ആൻഡ് ഫോറിൻ ലാംഗ്വിജ് സർവകലാശാല സ്ഥാപിക്കുക, മരുന്നു മാഫിയകളെ നിയന്ത്രിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള പ്രമേയങ്ങളും പാസാക്കി.
ജനസാഗരം സാക്ഷി; സമസ്ത സമ്മേളനത്തിന് പ്രൗഢ സമാപനം
കുണിയ ( കാസർകോട്) ∙ നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ശതാബ്ദി മഹാസമ്മേളനത്തിനു കാസർകോട് കുണിയയിലെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ ഉജ്വല സമാപനം. ദേശീയപാതയോരത്തെ വിശാലമായ പൊതു സമ്മേളന നഗരിയിൽ ഞായർ വൈകിട്ട് ആരംഭിക്കുന്ന സമ്മേളനത്തിനായി രാവിലെ മുതൽ ശുഭ്രവസ്ത്രധാരികളായി പണ്ഡിതരും അനുയായികളും വിദ്യാർഥികളും സാധാരണക്കാരും ഉൾപ്പെടെ വൻ ജനസഞ്ചയം എത്തിയിരുന്നു.
ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാല റെക്ടർ ഡോ. സലാമ ജുമുഅ അലി ദാവൂദ് ഉദ്ഘാടനം ചെയ്തു.
വിട്ടുപോയ സുന്നി സംഘടനകൾ മാതൃസംഘടനയിലേക്കു തിരിച്ചുവരണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആധ്യക്ഷ്യം വഹിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി.
സമസ്ത സെന്റിനറി പുരസ്കാരം എം.എ.യൂസഫലിക്കു സമ്മാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, എം.ടി.അബ്ദുല്ല മുസല്യാർ, പി.പി.ഉമർ മുസല്യാർ കൊയ്യോട്, പി.കെ.കുഞ്ഞാലിക്കുട്ടി, പി.എം. അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, മുക്കം ഉമർ ഫൈസി, എൻ.എ.ഹാരിസ് എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു.
കുഞ്ഞിക്കോയ തങ്ങൾ കുമ്പോൽ, എം.പി.കുഞ്ഞിമുഹമ്മദ് മുസല്യാർ നെല്ലായ എന്നിവർ പ്രാർഥന നിർവഹിച്ചു. സമസ്തയുടെ പ്രവർത്തനം ദേശീയ, രാജ്യാന്തര തലങ്ങളിൽ എത്തിക്കാനുള്ള അഞ്ചു വർഷത്തെ പദ്ധതി സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ സമസ്ത ഘടകങ്ങളുടെ രൂപീകരണം, ദേശീയ വിദ്യാഭ്യാസ പദ്ധതി, ഇ–ലേണിങ്/ഇ–മദ്രസ പദ്ധതികൾക്ക് ആസ്ഥാനം, പ്രധാന നഗരങ്ങളിൽ ഇന്റർനാഷനൽ ഹെറിറ്റേജ് മ്യൂസിയം തുടങ്ങിയ പ്രവർത്തനങ്ങളും പ്രഖ്യാപിച്ചു.
അഞ്ചു ദിവസമായി നടന്നുവന്ന സമ്മേളനത്തിന്റെ ഭാഗമായി 33,313 പേർ പങ്കെടുത്ത റസിഡൻഷ്യൽ പഠനക്യാംപും സമാപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

