ന്യൂഡൽഹി ∙ ഇന്ത്യയിൽ നിന്നുള്ള തേയില, കാപ്പി അടക്കമുള്ളവയ്ക്ക് യുഎസിൽ പകരംതീരുവ പൂജ്യമാകുമെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പ്രഖ്യാപിച്ചെങ്കിലും, ഇത് യുഎസ് ഇന്ത്യയ്ക്കു മാത്രമായി നൽകിയ പുതിയ ഇളവല്ല. നവംബർ 13നു തന്നെ ഇവയടക്കം ഇരുനൂറിലേറെ ഉൽപന്നങ്ങളെ പകരംതീരുവയുടെ പരിധിയിൽ നിന്ന് യുഎസ് ഒഴിവാക്കിയിരുന്നു.
ഇത് ഇന്ത്യയടക്കം എല്ലാ രാജ്യങ്ങൾക്കും ബാധകമാണ്.
ഫലത്തിൽ ഇന്ത്യ–യുഎസ് വ്യാപാരക്കരാറിന്റെ ഭാഗമായിട്ടല്ല കൊപ്ര, വെളിച്ചെണ്ണ, കശുവണ്ടി, ചില പച്ചക്കറികൾ, അവക്കാഡോ, വാഴപ്പഴം, പേരയ്ക്ക തുടങ്ങിയ ഉൽപന്നങ്ങൾക്ക് പകരം തീരുവ പൂജ്യമായത്. യുഎസിൽ ആഭ്യന്തര ഉൽപാദനം കുറഞ്ഞതും ആവശ്യകത കൂടിയതുമായ ഉൽപന്നങ്ങളെയാണു നവംബറിൽ ഒഴിവാക്കിയത്.
പകരംതീരുവ മൂലം യുഎസിൽ ഭക്ഷ്യവസ്തുക്കൾക്കടക്കം വില കുതിച്ചുകയറിയതും ഈ തീരുമാനമെടുക്കാൻ യുഎസിനെ അന്നു പ്രേരിപ്പിച്ചിരുന്നു.
എന്നാൽ ഇന്ത്യ–യുഎസ് കരാറിന്റെ ഭാഗമായാണ് ഈ ഇളവ് ലഭിച്ചതെന്ന മട്ടിലാണു ശനിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ പീയുഷ് ഗോയൽ അവതരിപ്പിച്ചത്. 4,400 കോടി ഡോളറിന്റെ ഉൽപന്നങ്ങൾക്ക് പകരം തീരുവ പൂർണമായും ഒഴിവാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഉദാഹരണമായി ഒട്ടേറെ ഇനങ്ങളുടെ പേരുകളും വായിച്ചു. ഇതിൽ എറക്കുറെ എല്ലാം തന്നെ നവംബർ 13ന് തന്നെ പകരംതീരുവയുടെ പട്ടികയിൽ നിന്ന് യുഎസ് ഒഴിവാക്കിയതാണ്.
സംയുക്ത പ്രസ്താവനയിൽ ഇതുസംബന്ധിച്ച് പരാമർശമില്ല.
തുണിത്തരങ്ങൾ, ലെതർ ആൻഡ് ഫുട്ട്വെയർ, പ്ലാസ്റ്റിക് ആൻഡ് റബർ, ഓർഗാനിക് കെമിക്കലുകൾ, ഹോം ഡെക്കോർ, കരകൗശലവസ്തുക്കൾ തുടങ്ങിയവയുടെ പകരം തീരുവ 50 ആയിരുന്നത് 18 ശതമാനമായി കുറയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇടക്കാല കരാർ വിജയകരമായി പൂർത്തിയാക്കിയാൽ ഫാർമ ഉൽപന്നങ്ങൾ, ഡയമണ്ട് തുടങ്ങിയ ഉൽപന്നങ്ങൾ പകരം തീരുവ ഒഴിവാക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മസ്കിന് ഗുണമില്ല!
യുഎസിൽ നിന്നുള്ള ഹാർലി ഡേവിഡ്സൺ പോലെയുള്ള പ്രീമിയം ബൈക്കുകൾക്കും തീരുവയിളവ് നേട്ടമായേക്കും.
800 സിസി മുതൽ 1,600 സിസി വരെയുള്ള ബൈക്കുകൾക്ക് 40 ശതമാനമായിരുന്ന തീരുവ പൂജ്യമായേക്കും. എന്നാൽ, ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ത്യയിൽ തീരുവയിളവില്ലെന്നാണ് സൂചന.
ഇലോൺ മസ്കിന്റെ ടെസ്ല കാർ കമ്പനിക്ക് ഇന്ത്യ–യുഎസ് ഡീൽ വഴി കാര്യമായ നേട്ടമുണ്ടായേക്കില്ല. പെട്രോൾ/ഡീസൽ പ്രീമിയം യുഎസ് കാറുകളുടെ തീരുവ 110% വരെയായിരുന്നത് 30% ആയി കുറഞ്ഞേക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

