മാനന്തവാടി ∙ ഒരു നാടിനെ ആകെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ കുട്ടിയെ തട്ടിക്കൊണ്ടുപോകൽ സംഭവത്തിന്റെ ചുരുളഴിക്കാൻ പൊലീസ്. ശനിയാഴ്ച രാത്രിയാണ് എടവക പഞ്ചായത്തിലെ ദ്വാരക പുലിക്കാട് വട്ടപ്പാറ ബിജുവിന്റെ മകൾ ജിയയെ (4) കാണാതായത്.
കുട്ടിയെ സ്കൂട്ടറിൽ തട്ടിക്കൊണ്ടു പോയതാണെന്ന വിവരം കാട്ടുതീ പോലെ പടർന്നതോടെ തിരച്ചിലിനായി പൊലീസും ജനപ്രതിനിധികളും നാട്ടുകാരും ഒറ്റക്കെട്ടായി രംഗത്തിറങ്ങി.
നാടാകെ തിരച്ചിൽ നടക്കുന്നതിനിടെയാണ് കിലോമീറ്ററുകൾക്കപ്പുറം വെള്ളമുണ്ട പാലിയാണയിൽ കുട്ടിയെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയെ കണ്ടെത്തിയെങ്കിലും തട്ടികൊണ്ടുപോയ വരെ കണ്ടെത്താനാണ് പൊലീസ് ശ്രമം. മാനന്തവാടി ഡിവൈഎസ്പി വി.കെ.വിശ്വംഭരന്റെ നേതൃത്വത്തിൽ, മാനന്തവാടി, വെള്ളമുണ്ട
സിഐമാരും 2 എസ്ഐമാരും അടക്കമുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.
ശനിയാഴ്ച രാത്രി 7.50ന് പുലിക്കാട് ഭാഗത്തുനിന്ന് ഒരാൾ ഇരുചക്ര വാഹനം ഓടിച്ച് പോകുന്നതിന്റെയും ബിജുവിന്റെ വീടിനു സമീപം നിർത്തുന്നതിന്റെയും അൽപസമയം കഴിഞ്ഞു കുട്ടിയുമായി പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ദൃശ്യങ്ങളിൽ നിന്നു വാഹന നമ്പറോ ഒാടിക്കുന്ന ആളെയോ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ വീട്ടുകാരും നാട്ടുകാരും വ്യാപക തിരച്ചിൽ നടത്തി.
പൊലീസ് മറ്റ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി വാഹന പരിശോധന തുടങ്ങി. 2 മണിക്കൂറിന് ശേഷം രാത്രി പത്തോടെയാണു കിലോമീറ്ററുകൾക്ക് അപ്പുറം തരുവണ പാലയാണ കക്കടവ് റോഡരികിൽ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടത്.
പൊതുപ്രവർത്തകനായ ജോസ് പാലയാണ വഴിയരികിൽ നിൽക്കുന്ന കുട്ടിയെ കണ്ട് സ്വന്തം വീട്ടിലെത്തിച്ച ശേഷം നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. ഉടൻ പൊലീസും നാട്ടുകാരും ചേർന്ന് കുട്ടിയെ സ്വന്തം വീട്ടിൽ എത്തിച്ചു.
എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ സുധാകരനൻ അടക്കം ജനപ്രതിനിധികളും മാനന്തവാടി ഡിവൈഎസ്പി വി.കെ.വിശ്വംഭരന്റെ നേതൃത്വത്തിൽ പൊലീസും ഒട്ടേറെ നാട്ടുകാരും പുലിക്കാട് എത്തി. പൊലീസ് പരിസരത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.
നീല സ്കൂട്ടറിലാണ് കുട്ടിയെ കൊണ്ടുപോയതെന്ന സൂചന പൊലീസിന് ലഭിച്ചു. മാമന്റെ കൂടെയാണ് പോയതെന്നു കുട്ടി ജോസ് പാലയാണയോട് പറഞ്ഞിരുന്നു. ബിജുവിന്റെ പരാതിയിൽ പൊലീസ് തട്ടിക്കൊണ്ട് പോയതിനു കേസേടുത്തു.
മകളെ തിരിച്ച് കിട്ടിയെങ്കിലും സംഭവത്തിന് പിന്നിലുള്ളവരെ പിടികൂടണമെന്നു കുടുംബവും നാട്ടുകാരും ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

