ഗുരുവായൂർ ∙ ഗുരുവായൂരിൽ ഒരു അക്വിസിഷൻ കാലം കൂടി വരുന്നു. ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ സ്ഥലം ഏറ്റെടുക്കുന്നതിന് ദേവസ്വത്തിന്റെ ശ്രീവത്സം അനക്സിൽ അടുത്തയാഴ്ച ഓഫിസ് തുറക്കും.
ഇതിനായി 15 അംഗ ലാൻഡ് അക്വിസിഷൻ വിഭാഗത്തെ അനുവദിച്ചു സർക്കാർ ഉത്തരവായി. തഹസിൽദാർ, ഡപ്യൂട്ടി തഹസിൽദാർ എന്നിവരെ നിയമിച്ചു കഴിഞ്ഞു.
മറ്റുള്ള ഉദ്യോഗസ്ഥരുടെ നിയമനം ഉടൻ ഉണ്ടാകും.
ഓരോ അക്വിസിഷൻ കാലവും ഗുരുവായൂർ ക്ഷേത്രത്തിനു പരിസരത്ത് നൂറ്റാണ്ടുകളായി താമസിച്ചിരുന്നവർക്ക് കണ്ണീർക്കാലമായിരുന്നു. വേണ്ടത്ര നഷ്ടപരിഹാരം പോലുമില്ലാതെയാണ് ആദ്യകാലത്ത് ഒഴിപ്പിച്ചത്.
പിന്നീട് നിരന്തര സമരത്തിന്റെ ഫലമായി സ്ഥലം നഷ്ടപ്പെട്ട ക്ഷേത്ര പാരമ്പര്യ കുടുംബക്കാർക്ക് നഷ്ടപരിഹാരത്തിനൊപ്പം സ്ഥലം നൽകി.
അനുയോജ്യ സ്ഥലത്ത് അല്ലെങ്കിലും കച്ചവടക്കാർക്ക് ബദൽ സംവിധാനം ഒരുക്കി. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകൾ നൂറ്റാണ്ടുകളായി കൃത്യതയോടെ നടന്നു വരുന്നുണ്ട്.
ഇതിന് പ്രധാന കാരണം തന്ത്രി, ഓതിക്കൻ, കീഴ്ശാന്തി, കഴകം, പത്തുകാർ, അടിയന്തിര മാരാർ, പാത്രം തേപ്പ് അടക്കമുള്ള പാരമ്പര്യ ജീവനക്കാരാണ്. ഇവർക്ക് ഓടിയെത്താൻ പാകത്തിന് ക്ഷേത്രപരിസരത്തു തന്നെ വീടും സ്ഥലവും നൽകിയത് സാമൂതിരിയുടെ ഭരണകാലത്താണ്.
കാലം മാറി, തിരക്കു വർധിച്ചു.
ക്ഷേത്ര വികസനത്തിന് കൂടുതൽ സ്ഥലം ആവശ്യമായി വന്നു. സ്ഥലം ഏറ്റെടുക്കുമ്പോൾ ക്ഷേത്ര ബന്ധുക്കളായ പാരമ്പര്യക്കാർക്ക് ദൂരെയല്ലാതെ പകരം സ്ഥലം നൽകണം.
കച്ചവടക്കാർക്ക് ബദൽ സംവിധാനം കൊടുക്കണം. ഇതിന് ദേവസ്വം അധികൃതർ ചർച്ച ചെയ്ത് ഉറപ്പു കൊടുക്കണം.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സ്ഥലം ഉടമകളെ അറിയിക്കാതെ അക്വിസിഷന് സ്ഥലം അളക്കാൻ ചെന്നത് സംഘർഷത്തിനിടയാക്കി. ഇനിയും ഇത് ആവർത്തിക്കാതിരിക്കാനുള്ള ശ്രമം ദേവസ്വം ഭരണാധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതാണ്.
ദേവസ്വം തീരുമാനം എടുക്കാൻ മടിച്ചാൽ രാഷ്ട്രീയ തീരുമാനത്തിന് സർക്കാർ തയാറാകണം.
അക്വിസിഷൻ വിശദാംശങ്ങൾ
∙ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ ചുറ്റളവിൽ 6 സർവേ നമ്പറുകളിൽ 36 സബ് ഡിവിഷനിൽ 2.81 ഹെക്ടർ (6.95 ഏക്കർ) സ്ഥലം. 30 വീടുകൾ, നൂറിലേറെ കടകൾ ഏറ്റെടുക്കും.
∙കഴിഞ്ഞ വർഷം സാമൂഹികാഘാത പഠന റിപ്പോർട്ടും പൊതു അഭിപ്രായ രൂപീകരണവും നടന്നു. ∙11(1) നോട്ടിഫിക്കേഷൻ പ്രഖ്യാപിക്കും. സ്ഥലം, കെട്ടിടം, മരങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിവയെല്ലാം കണക്കുകൂട്ടി വില നിശ്ചയിക്കും.
3 വർഷത്തിനിടെ നടന്ന ആധാരം റജിസ്ട്രേഷന്റെ വിലയുടെ ശരാശരി കണക്കാക്കും. അതിന്റെ ഇരട്ടിത്തുക അടിസ്ഥാന വില. പ്രഖ്യാപിച്ച ദിവസം മുതൽ 12 ശതമാനം പലിശ നൽകും.
തുക മുഴുവൻ നൽകിയ ശേഷം സ്ഥലം ഏറ്റെടുക്കും. ∙ നടപടികൾക്ക് ദേവസ്വം 50 ലക്ഷം രൂപ റവന്യു വകുപ്പിനു നൽകി.
11 കോടി രൂപ നീക്കി വച്ചു. 200 കോടി രൂപയ്ക്ക് കഴിഞ്ഞ ദേവസ്വം ബജറ്റിൽ അംഗീകാരം നൽകി. ∙സർക്കാർ 15 അംഗ ലാൻഡ് അക്വിസിഷൻ സംഘത്തെ നിയമിച്ചു.
ഗുരുവായൂരിൽ ഉടൻ ഓഫിസ് തുറക്കും. ഒരു വർഷം കാെണ്ട് അക്വിസിഷൻ പൂർത്തിയാക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

