നെല്ലിയാമ്പതിയും പറമ്പിക്കുളവും നൽകുന്ന കുളിരും മുതലമടയുടെ ചൂടും നെന്മാറ വല്ലങ്ങി വേലയുടെ ആവേശവുമെല്ലാം തുടിക്കുന്ന നെന്മാറ മണ്ഡലത്തിൽ ഇത്തവണ ആര് വിജയക്കൊടിയുയർത്തും എന്നതു സ്ഥാനാർഥി നിർണയത്തെ ആശ്രയിച്ചിരിക്കും. എൽഡിഎഫിന് വലിയ ആത്മവിശ്വാസമുള്ള മണ്ഡലമാണ് നെന്മാറയെങ്കിലും, മണ്ഡല പുനർനിർണയത്തിനു മുൻപ് രണ്ടു തവണ കോൺഗ്രസിന് എംഎൽഎയെ നൽകിയ മണ്ഡലമാണിത്. അതുകൊണ്ടുതന്നെ ഇളക്കംതട്ടാത്ത ഇടതുകോട്ടയെന്ന് അവകാശപ്പെടാനുമാകില്ല.
കർഷകരും സാധാരണക്കാരുമടങ്ങുന്ന ഇവിടത്തെ വോട്ടർമാർ വികസന കാഴ്ചപ്പാടിനപ്പുറം ജീവിതപ്രശ്നങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്.
കഥ ഇതുവരെ
കൊല്ലങ്കോട് നിയമസഭാ മണ്ഡലം 2008ലെ മണ്ഡലം പുനർനിർണയത്തിലാണ് നെന്മാറയായത്. അതിനുശേഷം നാലാമത്തെ തിരഞ്ഞെടുപ്പാണു വരുന്നത്.
കഴിഞ്ഞ 3 തവണയും വോട്ടർമാർ എൽഡിഎഫിനെ തുണച്ചു. ഇത്തവണയും തുടരുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.
എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പുനർനിർണയത്തിനുശേഷം നടന്ന 2011ലെ ആദ്യ നിയമസഭാ മത്സരത്തിൽ സിഎംപി സ്ഥാപകനും കേരള രാഷ്ട്രീയത്തിലെ അതികായനുമായിരുന്ന എം.വി.രാഘവനായിരുന്നു യുഡിഎഫ് സ്ഥാനാർഥി. അന്നത്തെ സിറ്റിങ് എംഎൽഎ സിപിഎമ്മിലെ വി.ചെന്താമരാക്ഷനാണു ജയിച്ചത്.
2016ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ.ബാബു ആദ്യമായി നിയമസഭയിലേക്കു ജനവിധി തേടി.
യുഡിഎഫ് സ്ഥാനാർഥിയായി മുൻ ഡിസിസി പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന എ.വി.ഗോപിനാഥ് മത്സരിച്ചെങ്കിലും 7,408 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ചു. 2021ൽ കെ.ബാബു തന്നെ വീണ്ടും അങ്കത്തിനിറങ്ങി.
ഘടക കക്ഷിയായ സിഎംപിക്കാണ് യുഡിഎഫ് സീറ്റ് നൽകിയത്. എംവിആറിന്റെ ശിഷ്യൻ സി.എൻ.വിജയകൃഷ്ണൻ യുഡിഎഫ് സ്ഥാനാർഥിയായി.
എൻഡിഎ ടിക്കറ്റിൽ ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.അനുരാഗാണു മത്സരിച്ചത്. വമ്പൻ മുന്നേറ്റത്തോടെ കെ.ബാബു തന്നെ വീണ്ടും വിജയക്കൊടി ഉയർത്തി.
28,704 ആയിരുന്നു ഭൂരിപക്ഷം.
കണക്കിലെ കാര്യം
തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും യുഡിഎഫിനു കുതിപ്പുണ്ടായിട്ടും നെന്മാറയുടെ ഇടതുചായ്വിൽ വലിയ കോട്ടം തട്ടിയിട്ടില്ലെന്നതാണ് എൽഡിഎഫിന് ആത്മവിശ്വാസം നൽകുന്ന ഘടകം. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ ആറും എൽഡിഎഫാണ് ഭരിക്കുന്നത്.
4 പഞ്ചായത്തുകൾ യുഡിഎഫും. ഇതിൽ അയിലൂർ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചതാണ്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ എൽഡിഎഫിന് 11,000 വോട്ടിന്റെ ഭൂരിപക്ഷവുമുണ്ട്. ഇവയെല്ലാം എൽഡിഎഫിന് ആത്മവിശ്വാസം നൽകുന്ന ഘടകങ്ങളാണ്.
എന്നാൽ കഴിഞ്ഞ 2 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ലീഡ് ലഭിച്ച മണ്ഡലങ്ങളിൽ ഒന്നാണ് നെന്മാറയെന്നും അതിനാൽ ഒത്തുപിടിച്ചാൽ വിജയം ഉറപ്പിക്കാം എന്നുമുള്ള ആത്മവിശ്വാസം യുഡിഎഫിനുണ്ട്.
കൊല്ലങ്കോട് മണ്ഡലമായിരുന്നപ്പോൾ കോൺഗ്രസിലെ കെ.എ.ചന്ദ്രൻ 2 തവണ വിജയിച്ചിട്ടുണ്ട്. ഓരോ തിരഞ്ഞെടുപ്പിലും വോട്ട് ഉയർത്തിക്കൊണ്ടുവരുന്ന എൻഡിഎ മികച്ച മത്സരം കാഴ്ചവയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ്.
രണ്ട് ടേം പിന്നിടുന്ന നിലവിലെ എംഎൽഎ കെ.ബാബു തന്നെ മത്സരിക്കുമോയെന്നതിൽ വ്യക്തതയില്ല.
മത്സരിച്ചില്ലെങ്കിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ സി.കെ.രാജേന്ദ്രന്റെ പേരു പരിഗണനയിലുണ്ട്. യുഡിഎഫ് കഴിഞ്ഞ തവണ ഘടക കക്ഷിക്ക് കൊടുത്ത സീറ്റ് ഇത്തവണ കോൺഗ്രസ് ഏറ്റെടുത്തേക്കും.
അങ്ങനെയെങ്കിൽ ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്റെ പേരും പരിഗണിക്കുന്നുണ്ട്. എൻഡിഎയിൽ ബിഡിജെഎസ് തന്നെയായിരിക്കും മത്സരിക്കുക.
നെന്മാറ
തദ്ദേശ സ്ഥാപനങ്ങൾ: നെല്ലിയാമ്പതി, നെന്മാറ, അയിലൂർ, എലവഞ്ചേരി, പല്ലശ്ശന, കൊല്ലങ്കോട്, മുതലമട, വടവന്നൂർ, പുതുനഗരം, കൊടുവായൂർ.
2021 നിയമസഭാ ഫലം
ഭൂരിപക്ഷം: 28,704
(എൽഡിഎഫ്)
കെ.ബാബു (സിപിഎം) 80,145
സി.എൻ.വിജയകൃഷ്ണൻ (സിഎംപി) 51,441
എ.എൻ.അനുരാഗ്
(ബിഡിജെഎസ്)16,666
പ്രകാശ്–(ബിഎസ്പി)1350
ബാബു കുഞ്ചു–(സ്വതന്ത്രൻ)863
നോട്ട–1070
2025 തദ്ദേശ തിരഞ്ഞെടുപ്പ്
ഭൂരിപക്ഷം: എൽഡിഎഫ് (11,428 വോട്ട്)
എൽഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ–നെല്ലിയാമ്പതി, എലവഞ്ചേരി, പല്ലശ്ശന, കൊല്ലങ്കോട്, മുതലമട, കൊടുവായൂർ.
യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ– നെന്മാറ, അയിലൂർ, വടവന്നൂർ, പുതുനഗരം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

