വീടിന്റെ മുകൾനിലയിൽ ചെത്തിത്തേയ്ക്കാതെ, ജനൽ വയ്ക്കാതെ തുറന്നുകിടക്കുന്ന ഭാഗം കാണിച്ച് കെ.എം.ലിനീഷ് കുമാർ പറഞ്ഞു: ‘അന്നു പണി നിർത്തിവച്ചതാണ്. 5 വർഷം കഴിഞ്ഞു.
ഞാനീ പെരുവഴിയിൽ നിൽക്കുകയാണ്.’ എയിംസ് വരുമെന്നു കേന്ദ്ര സർക്കാരും അതിനു സ്ഥലം ഏറ്റെടുക്കുമെന്നു സംസ്ഥാന സർക്കാരും കഴിഞ്ഞ 5 വർഷമായി പറഞ്ഞു പറ്റിക്കുകയാണ് ഈ പാവം മനുഷ്യരെ. കിനാലൂർ കൊയിലാട്ടുമുക്ക് കെ.എം.ലിനീഷ്കുമാർ കിണറുപണിക്കാരനാണ്.
70 വയസ്സുള്ള അമ്മയും ഭാര്യയും 2 മക്കളും അടങ്ങുന്ന കുടുംബമാണ് ലിനീഷിന്റെ വീട്ടിലുള്ളത്.
നിസ്സഹായരുടെ കൂട്ടം
കിനാലൂർ പദ്ധതിക്കായി സ്ഥലം വിട്ടു നൽകാൻ തയാറായി ദുരിതത്തിലായ ജനങ്ങൾ പാസ്ലോക്ക് എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. പാസ്ലോക്കിന്റെ പ്രവർത്തകസമിതി അംഗമാണ് ലിനീഷ്കുമാർ.
കിനാലൂരിലെ പദ്ധതി സ്ഥലത്തിനു പിറകിൽ കാണുന്ന മലമുകളിലെ കുഞ്ഞുവീട്ടിലാണ് ലിനീഷ് ജനിച്ചു വളർന്നത്. 2007ൽ ഇവിടെ സ്ഥലം വാങ്ങി.
ഒരു ഷെഡ്ഡു കെട്ടി താമസം തുടങ്ങി. 2010ൽ ബാലുശ്ശേരി സഹകരണബാങ്കിൽനിന്നു വായ്പയെടുത്തു.
പഞ്ചായത്ത് പദ്ധതിയിലും സഹായം കിട്ടി. അങ്ങനെയാണ് വീടുണ്ടാക്കിയത്.
മക്കൾ വളർന്നുവരികയാണ്.
വീട്ടിലെ സൗകര്യങ്ങൾ വേണമെന്ന ചിന്തയോടെയാണ് ലിനീഷ് മുകളിൽ ഒരുനില കൂടി പണിയാൻ തീരുമാനിച്ചത്. 2020ൽ മുകളിലെ മുറികളുടെ പണി തുടങ്ങി.
വാർപ്പ് കഴിഞ്ഞ് പിറ്റേ ആഴ്ചയാണ് കിനാലൂരിലെ 100 ഏക്കർ സ്വകാര്യഭൂമി എയിംസിനുവേണ്ടി ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം വന്നത്. ലിനീഷ് പറഞ്ഞു: ‘നാടിന്റെ വികസനത്തിനു വേണ്ടിയായതിനാൽ എതിർപ്പില്ലാതെ സ്ഥലം വിട്ടുനൽകാൻ തയാറായവരാണ് ഈ നാട്ടുകാർ.
എന്നാൽ, സ്ഥലം ഏറ്റെടുക്കുമെന്നു പറഞ്ഞു കഴിഞ്ഞ 5 വർഷമായി മരവിപ്പിച്ചു വച്ചിരിക്കുകയാണ്. സ്ഥലം ഏറ്റെടുത്തില്ല.
പൈസ തരുന്നുമില്ല.’’
പാഴായ പദ്ധതികൾ; നിറവേറാത്ത വാഗ്ദാനങ്ങൾ
കിനാലൂരിൽ പല കാലഘട്ടങ്ങളിൽ പല പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. പണ്ടൊരിക്കൽ മലേഷ്യൻ മന്ത്രി ഇവിടെ സന്ദർശിച്ചിരുന്നു.
അക്കാലത്തു കിനാലൂരിൽ മലേഷ്യൻ സാറ്റലൈറ്റ് സിറ്റി വരുമെന്ന സൂചനകൾ പുറത്തുവന്നു. അന്നത്തെ വ്യവസായ മന്ത്രിയുടെ നേതൃത്വത്തിൽ കിനാലൂരിലേക്കു കക്കോടി മാളിക്കടവിൽനിന്ന് നാലുവരി പാത നിർമിക്കാൻ ശ്രമം തുടങ്ങി.
സംഗതി തട്ടിപ്പാണെന്നു സംശയിച്ച ജനം സമരം ചെയ്ത് റോഡ് നിർമാണക്കാരെ ഓടിച്ചു.
പിൽക്കാലത്ത് സ്വകാര്യ ആരോഗ്യസ്ഥാപനം വരുമെന്നു പ്രചരിച്ചു. അതും നടപ്പായില്ല.
ഇതിനു ശേഷമാണ് 6 വർഷമായി എയിംസ് വരുമെന്ന പ്രചാരണം. 5 വർഷം മുൻപ് റവന്യു അധികൃതർ സ്ഥലം അളന്ന് അതിർത്തി തിരിച്ച് മഞ്ഞക്കല്ലുകൾ നാട്ടി.
കുറച്ചുദിവസം മുൻപ് കൃഷിവകുപ്പിൽനിന്ന് ഉദ്യോഗസ്ഥരെത്തി നഷ്ടപരിഹാരം നൽകാൻ മരങ്ങളുടെയും കൃഷിയുടെയും കണക്കെടുത്തു. ഇതു രണ്ടാംതവണയാണ് കൃഷിവകുപ്പ് കണക്കെടുപ്പു നടത്തിയതെന്നും ജനം പറഞ്ഞു.
പണിതിട്ടും പണിതിട്ടും പണിതീരാതെ…
‘ എത്രകാലമെന്നുവച്ചാണ് കാത്തിരിക്കുക.
ഞങ്ങൾക്കു വീടുവേണ്ടേ? ഞങ്ങൾക്കു താമസിക്കണ്ടേ?’ കിനാലൂർ മഠത്തിൽപ്പറമ്പിൽ വാസുവും മകൻ സജീവനും ചോദിക്കുന്നു. എയിംസ് പദ്ധതി വരുമെന്നറിഞ്ഞപ്പോൾ ഒരിക്കൽ സജീവൻ വീടുപണി നിർത്തിവച്ചു.
വീണ്ടും വീടു പണി തുടങ്ങി. കിനാലൂരെന്ന ഗ്രാമത്തിന്റെ എല്ലാ മാറ്റവും കണ്ടുവളർന്നയാളാണ് 80 പിന്നിട്ട
വയോധികനായ മഠത്തിൽപ്പറമ്പിൽ വാസു. വാസുവിന്റെ മുത്തച്ഛന്റെ കാലത്താണ് ഇവിടെ താമസം തുടങ്ങിയത്.
വാസുവിന്റെ 3 മക്കളിൽ മൂത്തയാളാണ് സജീവൻ. വാസുവും ഭാര്യ പത്മിനിയും സജീവനും ഭാര്യ സജിതയും ഒരു മകളുമാണ് ഇപ്പോൾ കുഞ്ഞുവീട്ടിൽ താമസിക്കുന്നത്.
ഡ്രൈവറായ സജീവൻ 2016–17 കാലത്താണ് വീടുണ്ടാക്കാൻ തുടങ്ങിയത്. എയിംസ് വിജ്ഞാപനം വന്നതോടെ പണി നിർത്തിവച്ചു.
വായ്പകൾ അടച്ചുതീർത്തു. വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥലം ഏറ്റെടുക്കാതായതോടെ വീണ്ടും പണി തുടങ്ങി.
ഇതിനിടെ കൃഷിഭവനിൽനിന്ന് ആളുകൾ വന്ന് മരങ്ങളുടെ കണക്കെടുത്തു പോയതോടെ സജീവൻ ആശങ്കയിലായി. വീണ്ടും പണി നിലച്ചു.
സജീവനും വാസുവിനും പറയാനുള്ളത് ഒരേയൊരു കാര്യമാണ്: ‘ഒന്നുകിൽ വിജ്ഞാപനം പോലെ സ്ഥലം ഏറ്റെടുക്കുക. അല്ലെങ്കിൽ വിജ്ഞാപനം പിൻവലിച്ച് ജീവിക്കാൻ അനുവദിക്കുക.’ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

