ചെർക്കള ∙ ചെർക്കള ടൗണിൽ ദേശീയപാത നിർമാണം ഇഴയുന്നതിനെതിരെ പ്രതിഷേധവുമായി കർമസമിതി. പാതിവഴിയിൽ നിർത്തിയ പണികൾ ഒരാഴ്ചയ്ക്കുള്ളിൽ പുനരാരംഭിച്ചില്ലെങ്കിൽ രാപകൽ സമരവും തുടർന്ന് ദേശീയപാത ഉപരോധം ഉൾപ്പെടെയുള്ള സമരം കടുപ്പിക്കാനും യോഗം തീരുമാനിച്ചു.
ചെർക്കളയിൽ ദേശീയപാതയുടെ പണി ആരംഭിച്ച് 3 വർഷം കഴിഞ്ഞിട്ടും എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കർമസമിതി പ്രക്ഷോഭത്തിലേക്ക് കടക്കുന്നത്. ഓവുചാൽ, നടപ്പാത, സർവീസ് റോഡ്, ചെർക്കള–കല്ലടുക്ക റോഡ് മേൽപാലം എന്നിവയുടെ നിർമാണമാണ് സമയപരിധി കഴിഞ്ഞിട്ടും പൂർത്തിയാകാതെ കിടക്കുന്നത്.
ദേശീയപാതയും 2 സംസ്ഥാന പാതകളും കൂടിച്ചേരുന്ന പ്രധാന ജംക്ഷനായ ചെർക്കളയിൽ ഇതേ തുടർന്ന് ഗതാഗത തടസ്സം പതിവാണ്.
പൊടിശല്യവും രൂക്ഷമാണ്. മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ചെർക്കള ഗവ.ഹയർസെക്കൻഡറി സ്കൂളിൽ കുട്ടികൾക്ക് പഠിക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും യോഗം വിലയിരുത്തി.മഴക്കാലം തുടങ്ങും മുൻപേ ടൗണിലെ പണികൾ പൂർത്തിയാക്കിയില്ലെങ്കിൽ, കഴിഞ്ഞ വർഷം സംഭവിച്ചതു പോലെ ടൗണിൽ വെള്ളം കെട്ടിക്കിടന്ന് കടകളിൽ വെള്ളം കയറുന്ന സാഹചര്യമുണ്ടാകും.
ഓവുചാൽ പണി പൂർത്തിയാകാത്തതു കൊണ്ടാണ് വെള്ളം ടൗണിൽ കെട്ടിക്കിടന്നത്. ടൗണിന്റെ താഴ്വാരത്തുള്ള കുണ്ടടുക്കം പ്രദേശത്തേക്കുള്ള മണ്ണൊലിപ്പ് തടയാനും പണി മഴയ്ക്കു മുൻപ് തീർക്കേണ്ടത് അനിവാര്യമാണ്.
നിർമാണ കമ്പനിയായ മേഘയുടെ പ്രതിനിധികളോട് ഇക്കാര്യം പലതവണ പറഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് യോഗം വിമർശിച്ചു.
ടൗണിലെ പണികൾ വിരലിലെണ്ണാവുന്ന തൊഴിലാളികളെ ഉപയോഗിച്ച് ചെയ്യുകയും അവർക്ക് കൂലി കൊടുക്കാത്തതിനാൽ ദിവസങ്ങൾക്കുള്ളിൽ നിർത്തിപ്പോവുകയും ചെയ്യുന്നതാണ് പണിയുടെ മെല്ലെപ്പോക്കിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ദേശീയ പാത പ്രോജക്ട് ഡയറക്ടർ, കലക്ടർ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട് എന്നിവർക്ക് നിവേദനം നൽകാനും തീരുമാനിച്ചു.
ചെർക്കള വ്യാപാരഭവനിൽ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെർക്കള ഉദ്ഘാടനം ചെയ്തു.
കർമസമിതി ചെയർമാൻ മൂസ ബി.ചെർക്കള അധ്യക്ഷത വഹിച്ചു. വർക്കിങ് ചെയർമാൻ ഷാഫി ഇറാനി, ജനറൽ കൺവീനർ ബി.എം.ഷെരീഫ്, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ഷുക്കൂർ ചെർക്കളം, ഇക്ബാൽ ചേരൂർ, ഹാരിസ് തായൽ, എ.ആർ.ധന്യവാദ്, ബൽരാജ് ബേർക്ക, പി.കെ.വിനോദ് കുമാർ, മുനീർ പി.ചെർക്കള തുടങ്ങിയവർ പ്രസംഗിച്ചു.
യോഗത്തിൽ ഉയർന്ന പ്രധാന ആവശ്യങ്ങൾ
∙ ചെർക്കളയിലെ ഓവുചാൽ, നടപ്പാത, സർവീസ് റോഡ് എന്നിവയുടെ പണി അടുത്ത മാർച്ച് 31 ന് മുൻപ് പൂർത്തിയാക്കുക.
∙ സംസ്ഥാന പാതയിലേക്കുള്ള മേൽപാലത്തിന്റെ നിർമാണം സമയബന്ധിതമായി തീർക്കുക. ∙ മേൽപാലത്തിന്റെ അടിയിൽ കൂട്ടിയിട്ടിരിക്കുന്ന സാമഗ്രികൾ നീക്കി അവിടെ ടാർ ചെയ്യുക.
∙ പൊടിശല്യം തടയാൻ ടൗണിൽ പകൽ സമയങ്ങളിൽ കൃത്യമായി ഇടവേളയിൽ വെള്ളം നനയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തുക. ∙ കൂടുതൽ തൊഴിലാളികളെയും യന്ത്രങ്ങളും ഉപയോഗിച്ച് ടൗണിലെ പണി വേഗത്തിലാക്കുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

