ബത്തേരി ∙ വീടു പൂട്ടി പോകുന്നവരും വീടിനകത്തു കിടന്നുറങ്ങുന്നവരും ജാഗ്രതൈ… ഏതു വഴിയും കള്ളൻമാർ വരാം. മുൻകരുതലുകളും ശ്രദ്ധയും അത്യാവശ്യം.
ഇടക്കാലത്ത് കുറഞ്ഞു നിന്ന കള്ളൻമാരുടെ ശല്യം വയനാട്ടിൽ സമീപകാലത്തു വീണ്ടും വർധിച്ചിരിക്കുകയാണ്. സ്വർണത്തിന്റെ കുത്തനെയുള്ള വിലക്കയറ്റവും വീടു കുത്തിത്തുറന്നുള്ള കവർച്ചയ്ക്കു കള്ളൻമാരെ കൂടുതലായി പ്രേരിപ്പിക്കുന്നു.ഇക്കഴിഞ്ഞ ദിവസം ബത്തേരിക്കടുത്ത് മണിച്ചിറയിൽ അടുത്തടുത്ത വീടുകളിലാണ് കള്ളൻമാർ കയറിയത്.
എല്ലാ വീടിന്റെയും പിൻവശത്തെ വാതിൽ തുറന്നായിരുന്നു മോഷണശ്രമം. ഒരു വീട്ടിൽ പെൺകുട്ടിയുടെ കഴുത്തിൽ കിടന്ന മാലയ്ക്കും പിടുത്തമിട്ടു.
ബഹളം വച്ചതു വീട്ടുകാർ കേട്ടതിനാൽ ജീവനും മാലയും നഷ്ടമായില്ല.
രാത്രിയുടെ അവസാന യാമങ്ങളിലാണ് കള്ളൻമാരുടെ വീടു കയറ്റം കൂടുതലും. ഇരുട്ടിനെ അവഗണിച്ച് നാട്ടുകാരും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച കള്ളൻമാരിലൊരാൾ മറിച്ചിറയ്ക്കടുത്ത് പിടിയിലായി.
ബത്തേരിയിൽ തന്നെ ടൗണിനുള്ളിൽ ഫെയർലാൻഡ് ഹൗസിങ് കോളനി അടക്കമുള്ള വിവിധയിടങ്ങളിൽ ആളില്ലാത്ത വീട്ടിൽ വാതിലിനു തീയിട്ടു കള്ളൻമാർ അകത്തു കടന്ന സംഭവവുമുണ്ടായി. അതിൽ ഒരു കള്ളനെയാണു പൊലീസിനു പിടികൂടാനായത്.
പുൽപള്ളി ടൗണിലെ വീട്ടിൽ കഴിഞ്ഞ ജനുവരി 4ന് നടന്ന കവർച്ചയിൽ 10 പവൻ സ്വർണാഭരണവും 80500 രൂപയുമാണ് നഷ്ടമായത്.
ഇതുവരെ കള്ളൻമാർ വലയിലായിട്ടില്ല. പുൽപള്ളി പത്മജ നിവാസിൽ പ്രതാപന്റെ വീട്ടിലാണ് കവർച്ച നടന്നത്.
സീതാദേവി ലവകുശ ക്ഷേത്രത്തിലെ ഉത്സവ താലപ്പൊലി കാണാൻ രാത്രി എട്ടരയോടെ വീടു പൂട്ടി പോയ കുടുംബം രാത്രി 11.30ന് തിരികെയെത്തുമ്പോൾ സ്വർണവും പണവും നഷ്ടമായിരുന്നു. വീടിന്റെ പിന്നിലൂടെ ഒന്നാം നിലയിൽ കയറിയ കള്ളൻ വാതിൽ കുത്തിപ്പൊളിച്ച് അകത്തുകടന്നാണ് അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും അപഹരിച്ചത്.
പൊലീസ് നായയും വിരലടയാള വിദഗ്ധരുമൊക്കെ എത്തിയെങ്കിലും മോഷ്ടാക്കൾ ഇപ്പോഴും പരിധിക്കു പുറത്താണ്.
മാനന്തവാടി കുമാരമലയിൽ കഴിഞ്ഞ ചൊവ്വാഴ്ച വീടു കുത്തിത്തുറന്ന കള്ളൻമാർ 2 ലക്ഷം രൂപയും 2 പവൻ സ്വർണവുമാണ് അപഹരിച്ചത്. പെലക്കുടിയിൽ ലിന്റോയുടെ വീട്ടിലായിരുന്നു മോഷണം.
ലിന്റോയും കുടുംബവും ആശുപത്രിയിൽ പോയ സമയത്താണ് മോഷണം നടന്നത്. വാതിലും അലമാരയും കുത്തിപ്പൊളിക്കാതെ മറ്റു താക്കോലുകളിട്ട് തുറന്നായിരുന്നു കവർച്ച.ജില്ലയുടെ പല ഭാഗത്തും കുരുമുളക്, കാപ്പി, അടയ്ക്ക എന്നിവയും മോഷണം പോകുന്നുണ്ട്.
മലഞ്ചരക്കു വ്യാപാരികളുടെ വാട്സപ് ഗ്രൂപ്പുകളിൽ ജാഗ്രതാ നിർദേശം വന്നതും അടുത്ത ദിവസങ്ങളിലാണ്.
വീടുകളിൽ നടക്കുന്ന കൂടുതൽ മോഷണവും പിൻവശത്തെ വാതിൽ തുറന്നാണെന്ന് പൊലീസ് ഇൻസ്പെക്ടർ ശ്രീകാന്ത് എസ്. നായർ പറഞ്ഞു.
അതിനാൽ പിൻവശത്തെ വാതിലിൽ കൊളുത്തുകൾക്കു പുറമേ ഇരുമ്പു പട്ട വച്ച് ബലപ്പെടുത്തണം.
മോഷണക്കുറ്റത്തിൽ ജയിലിലാകുന്ന കള്ളൻമാർ പുറത്തിങ്ങുമ്പോൾ വീണ്ടും മോഷണത്തിനിറങ്ങുക പതിവാണ്. അങ്ങനെയുള്ളവരാണ് വീടുകൾ തേടി എത്തുന്നവരിൽ കൂടുതലുമെന്നും ഇൻസ്പെക്ടർ പറഞ്ഞു.
4 ദിവസത്തിനിടെ പനമരം, കമ്പളക്കാട് മേഖലയിൽ 6 മോഷണം
കമ്പളക്കാട്, പനമരം സ്റ്റേഷൻ പരിധിയിൽ വല്ലതും ചെറുതുമായ മോഷണങ്ങൾ തുടരുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു.
നിലവിലുള്ള കച്ചവടം കൊണ്ട് പിടിച്ചു നിൽക്കാൻ പോലും ചെറുകിട വ്യാപാരികൾ പാടുപെടുന്നതിനിടെയാണ് അടുത്ത ദിവസങ്ങളിലായി ചെറുകിട
വ്യാപാര സ്ഥാപനങ്ങളിലും മറ്റും മോഷണങ്ങൾ വർധിച്ചിരിക്കുന്നത്. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം പനമരം, കമ്പളക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം പനമരത്തെ ബവ്റിജസ് അടക്കം 6 ഇടങ്ങളിലാണ് മോഷണം നടന്നത്.
മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ഒരാളെ പോലും പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.
ബവ്റിജസിന്റെ ഗ്രില്ല് തകർത്ത് അകത്തു കയറിയ മോഷ്ടാവ് മദ്യം അടക്കമുള്ളവ മോഷണം നടത്തിയതിന് പിന്നാലെ കഴിഞ്ഞദിവസം കൈതക്കലിൽ എത്തിയ മോഷ്ടാവ് കൈതക്കൽ ഡിപ്പോ മസ്ജിദിന്റെ പൂട്ട് തകർത്ത് അകത്തു കയറി മസ്ജിദിനുള്ളിലുണ്ടായിരുന്ന ഫർണിച്ചറും മറ്റും കേടുവരുത്തി. ഇത് മൂന്നാം തവണയാണ് ഈ മസ്ജിദിൽ സമാന രീതിയിലുള്ള മോഷണശ്രമം നടന്നത്.
6 മാസം മുൻപ് ഇവിടെയും ഇതിനടുത്തുള്ള വീടുകളിലും നടന്ന മോഷണത്തിൽ പണം അടക്കം നഷ്ടപ്പെട്ടതോടെ മസ്ജിദിനുള്ളിൽ പണവും മറ്റും സൂക്ഷിക്കാറില്ല. എന്നാൽ ഇത്തവണ പൂട്ടു തകർത്ത് അകത്തുകയറിയ മോഷ്ടാവ് മേശ കുത്തിപ്പൊളിക്കുകയും സാധനങ്ങൾ വാരി വലിച്ചുവാരിയിടുകയും ചെയ്തു.
കമ്പളക്കാട് സ്റ്റേഷൻ പരിധിയിലെ കമ്പളക്കാട് ടൗണിലും പരിസരത്തും തുടർച്ചയായ ദിവസങ്ങളിൽ മോഷണം തുടരുന്ന അവസ്ഥയാണ്.
കഴിഞ്ഞദിവസം ടൗണിലെ 3 വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടന്നതിന്റെ തൊട്ടു പിറ്റേന്നു തന്നെ കണിയാമ്പറ്റ കെഎസ്ഇബിക്ക് സമീപത്തെ മുസ്ലിം പള്ളിയിലും മോഷണം നടന്നു. ഇതിനും മുൻപും ഈ സ്റ്റേഷൻ പരിധികളിൽ മോഷണവും മോഷണശ്രമങ്ങളും നടന്നെങ്കിലും ചുരുക്കം ചില മോഷ്ണങ്ങളിൽ മാത്രമേ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടുള്ളൂ.
മോഷണങ്ങൾ പെരുകിയിട്ടും മോഷ്ടാക്കളെ പിടികൂടാൻ കഴിയാത്തത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്.
മോഷ്ടാക്കളെ ഉടൻ തന്നെ പിടികൂടാനുള്ള നടപടി സ്വീകരിക്കണമെന്നും മോഷണശ്രമം തടയുന്നതിന് രാത്രികാലങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

