ദില്ലി: പാലസ്തീൻ സ്വതന്ത്രമാക്കണം എന്നാവശ്യപ്പെടുന്ന പോസ്റ്ററുകൾ പതിച്ചതിന് ഇന്ത്യയിലെത്തിയ വിനോദസഞ്ചാരികളായ ദമ്പതികളോട് സ്വന്തം നാട്ടിലേക്ക് തിരികെ പോകാൻ ഉത്തരവിട്ടു. ബ്രിട്ടീഷ് പൗരന്മാരായ ലൂയിസ് ഗബ്രിയേൽ ഡി, കാമുകി അനുഷി എമ്മ ക്രിസ്റ്റിൻ എന്നിവർക്കെതിരെയാണ് നടപടി.
രാജസ്ഥാനിലെ അജ്മീറിൽ പലയിടത്തായി പലസ്തീൻ അനുകൂല സ്റ്റിക്കറുകൾ പതിപ്പിച്ചതാണ് ഉടൻ ഇന്ത്യ വിടാനുള്ള നിർദേശം നൽകാൻ കാരണം. ടൂറിസ്റ്റ് വിസയിലെത്തിയ ഇവർ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് വിസ നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്റലിജൻസ് വിഭാഗം കണ്ടെത്തി.
തുടർന്നാണ് ഇവരുടെ വിസ റദ്ദാക്കി ഉടൻ ഇന്ത്യ വിടാൻ നോട്ടീസ് നൽകിയത്. രാജസ്ഥാനിലെ പുഷ്കറിലാണ് ഇവർ താമസിച്ചിരുന്നത്.
ജനുവരി 21 ന് ഇവർ പോസ്റ്റർ പതിപ്പിക്കുന്ന വിവരം രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
ശേഷം വിവരം ലോക്കൽ പൊലീസിന് കൈമാറി. വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നായിരുന്നു നിർദേശം.
എഎസ്പി രാജേഷ് മീണയുടെ നേതൃത്വത്തിൽ ഇരുവരെയും ചോദ്യം ചെയ്തു. ഇരുവരും പലസ്തീൻ അനുകൂല പോസ്റ്റർ പതിച്ചതിലൂടെ ഇന്ത്യയിൽ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടെന്ന് വ്യക്തമായി.
ഇവർ പതിച്ച പോസ്റ്ററുകൾ പൊലീസ് നീക്കി. തുടർന്നാണ് ഇരുവരോടും ഇന്ത്യ വിടാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിൽ എത്തുന്ന വിദേശികൾ ഒരു തരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിലോ പ്രതിഷേധങ്ങളിലോ ഏർപ്പെടാൻ പാടില്ലെന്ന നിയമം നിലവിലുണ്ട്. നിയമം ലംഘിച്ച ഇവർ ഭാവിയിൽ ഇന്ത്യയിലേക്ക് വരുന്നതടക്കം വിലക്കുന്ന നടപടികളിലേക്ക് അധികൃതർ നീങ്ങുമെന്നാണ് വിവരം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

