തിരുവനന്തപുരം ∙ സംസ്ഥാനത്തു പകൽ താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നനിലയിൽ. മുൻ കാലങ്ങളിൽ വേനൽക്കാലത്തു മാത്രം നേരിട്ടിരുന്ന കഠിനമായ ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഈമാസം 2ന് കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയ 37 ഡിഗ്രി സെൽഷ്യസ് ഇതേസമയത്തു രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനിലയിൽ ഒന്നായിരുന്നു.
പല ജില്ലകളിലും ശരാശരിയെക്കാൾ 4 ഡിഗ്രി വരെ അധികം ചൂടാണ് അനുഭവപ്പെട്ടത്.
കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ രാത്രികാല താപനിലയും കൂടുതലായിരുന്നു. കനത്ത ചൂടിൽ തുടർച്ചയായി വെയിൽ ഏൽക്കുന്നതും ജോലി ചെയ്യുന്നതും ശാരീരിക അസ്വസ്ഥതകൾക്ക് ഇടയാക്കും.
വായുവിലെ ഉയർന്ന ഈർപ്പമാണ് ചൂടിനെ അപകടകരമാക്കുന്നത്. ഉയർന്ന ഈർപ്പം കാരണം അനുഭവപ്പെടുന്ന ചൂട് യഥാർഥ താപനിലയെക്കാൾ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരിക്കും.
വിയർപ്പ് ബാഷ്പീകരിക്കാത്തതിനാൽ ശരീരം തണുക്കാൻ വൈകുന്നതാണ് അസ്വസ്ഥതയ്ക്കു കാരണം.
ശക്തിയേറിയ വെയിൽ അൾട്രാവയലറ്റ് സൂചിക ഉയരാൻ ഇടയാക്കും. വരും മാസങ്ങളിലും കഠിനമായ ചൂടിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.സംസ്ഥാനത്ത് ഇന്നും പകൽച്ചൂട് ഏറിയിരിക്കും.
ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യത.
ചില പ്രദേശങ്ങളിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.
ചൂടുയർത്താൻഎൽ നിനോയും
ഭൗമ താപനിലയിലെ വർധനയ്ക്കൊപ്പം പ്രാദേശികമായ പ്രതിഭാസങ്ങളും ചൂടു കൂടുന്നതിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സമുദ്രജലത്തിലെ താപനില ഉയർത്തുന്ന ‘എൽ നിനോ’ പ്രതിഭാസം കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മഴ കുറയാനും വരണ്ട
കാലാവസ്ഥയ്ക്കും ഇടയാക്കിയിട്ടുണ്ട്. അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലുണ്ടാകുന്ന വായുവിന്റെ മർദവ്യതിയാനങ്ങൾ കാറ്റിന്റെ ഗതി തടസ്സപ്പെടുത്തുകയും ഭൂമിയിൽ നിന്നുള്ള ചൂട് പുറത്തേക്കു പോകുന്നത് തടയുകയും ചെയ്യുന്നു.
കടൽക്കാറ്റിന്റെ ശക്തി കുറഞ്ഞതു തീരദേശ മേഖലകളിലും കനത്ത ചൂടിനു കാരണമായിട്ടുണ്ട്.
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
∙ പകൽ 11 മുതൽ 3 വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം. ∙ വിയർപ്പ് ബാഷ്പീകരിക്കാത്തപ്പോൾ ശരീരത്തിന്റെ ആന്തരിക താപനില ഉയരും.
ഇത് ഹീറ്റ് സ്ട്രോക്ക്, കുഴഞ്ഞുവീഴൽ എന്നിവയ്ക്കു കാരണമായേക്കാം. ജാഗ്രത പാലിക്കണം.
∙ സാധാരണ വെള്ളത്തിന് പകരം ഒആർഎസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം എന്നിവ കുടിക്കുന്നത് വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ലവണങ്ങൾ വീണ്ടെടുക്കാൻ സഹായിക്കും.
∙ വീടിനുള്ളിൽ ചൂട് പുറത്തേക്ക് പോകാൻ വഴിയൊരുക്കണം. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം.
∙ എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണം ഒഴിവാക്കി ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

