ആലപ്പുഴ ∙ ഓഹരി നിക്ഷേപത്തിന്റെ മറവിൽ ഹരിപ്പാട് സ്വദേശിയായ പ്രവാസിയിൽ നിന്ന് ഓൺലൈനായി 8.08 കോടി രൂപ തട്ടിയ കേസിനു പിന്നിൽ രാജ്യാന്തര കുറ്റവാളി സംഘമെന്നു സൂചന. തമിഴ്നാട്ടിലെ സേലത്തു നിന്നു പിടികൂടിയ ഭാരതിക്കണ്ണൻ അംഗമുത്തുവിനെക്കുറിച്ച് (23) അന്വേഷിക്കാൻ തെലങ്കാനയിൽ നിന്നുള്ള സൈബർ പൊലീസും ആലപ്പുഴ സൈബർ ക്രൈം പൊലീസിനെ ബന്ധപ്പെട്ടു.
നേരത്തെ തന്നെ നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ പ്രകാരം ഭാരതിക്കണ്ണനെതിരെ കർണാടക, മഹാരാഷ്ട്ര, ജമ്മു കശ്മീർ, തമിഴ്നാട് സംസ്ഥാനങ്ങളിലായി 10 പരാതികൾ നിലവിലുണ്ട്.
പിടിയിലായ ഭാരതിക്കണ്ണനൊപ്പം സ്ഥാപനം നടത്തിയിരുന്ന ശബരീഷ് ശേഖർ സമാനമായ മറ്റൊരു തട്ടിപ്പിൽ പിടിക്കപ്പെട്ട് ജയിലിലായിരുന്നെങ്കിലും നിലവിൽ ജാമ്യത്തിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇയാൾക്കാണു തട്ടിപ്പുസംഘവുമായി കൂടുതൽ ബന്ധമുള്ളത്. തട്ടിപ്പുസംഘങ്ങൾക്കായി ബാങ്ക് അക്കൗണ്ട് (മ്യൂൾ അക്കൗണ്ട്) നൽകുകയാണ് ഇരുവരും ചെയ്തത്.
തട്ടിയെടുക്കുന്ന പണം കൈകാര്യം ചെയ്യുന്നതിനു കമ്മിഷൻ വ്യവസ്ഥയിൽ ബാങ്ക് അക്കൗണ്ടുകൾ നൽകുന്നതായിരുന്നു രീതി. 6 MINUTES AGO 1 HOUR 13 MINUTES AGO 1 HOUR 27 MINUTES AGO വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുപരിധി ഒഴിവാക്കാൻ കുറ്റവാളികൾക്കു കറന്റ് അക്കൗണ്ടുകൾ ലഭ്യമാക്കാനായി ഇരുവരും ചേർന്നു സേലം ഓൾഡ് ബസ് സ്റ്റാൻഡിനു സമീപം ‘കടലാസ് കമ്പനി’ ആരംഭിക്കുകയായിരുന്നു. ഇരുവരും തട്ടിപ്പു ശൃംഖലയിലെ താഴേത്തട്ടിലുള്ളവരാണെന്നാണു പ്രാഥമിക നിഗമനം.
ഭാരതിക്കണ്ണന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ നിന്നു കൂടുതൽ വിവരം ലഭിച്ചേക്കും.
ആപ്പിൽ വീണത് ഒട്ടേറെപ്പേർ
ഹരിപ്പാട് സ്വദേശിയിൽ നിന്നു പണം തട്ടാൻ സംഘം ഉപയോഗിച്ച അതേ മൊബൈൽ ആപ്പിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പു നടന്നതായി സൂചന.
പുണെയിലും അഹമ്മദാബാദിലും സമാന തട്ടിപ്പു നടന്നതായി റിപ്പോർട്ടുണ്ട്. പുണെ തേർഗാവ് സ്വദേശിക്ക് 97.70 ലക്ഷവും അഹമ്മദാബാദിൽ നരൻപുര സ്വദേശിക്ക് 75 ലക്ഷവുമാണു നഷ്ടമായതെന്നാണു നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലെ വിവരം. ഹരിപ്പാട് സ്വദേശിക്കു സമാനമായി ഇരുവരെയും സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടാണ് ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്.
രണ്ടു സംഭവങ്ങളിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന ഡിജിറ്റൽ അറസ്റ്റിലൂടെ 25.25 ലക്ഷം തട്ടി
ആലപ്പുഴ ∙ സിബിഐ ഉദ്യോഗസ്ഥരാണെന്ന വ്യാജേന ബന്ധപ്പെട്ട് ഡിജിറ്റൽ അറസ്റ്റിലൂടെ 25.25 ലക്ഷം രൂപ തട്ടിയെടുത്തു. വെൺമണി സ്വദേശിയായ 72 വയസ്സുകാരനാണു തട്ടിപ്പിന് ഇരയായത്.
തട്ടിപ്പാണെന്നു മനസ്സിലായതോടെ വെൺമണി സ്വദേശി ആലപ്പുഴ സൈബർ ക്രൈം പൊലീസിൽ പരാതി നൽകി. പൊതുമേഖലാ സ്ഥാപനത്തിൽ നിന്നു വിരമിച്ചയാളാണു തട്ടിപ്പിന് ഇരയായത്.
ജനുവരി 13നു തട്ടിപ്പുകാർ വാട്സാപ്പിലൂടെ ബന്ധപ്പെട്ട് വയോധികന്റെ മുംബൈയിലെ കനറാ ബാങ്ക് അക്കൗണ്ടിൽ 24 പേർ പലതവണകളായി രണ്ടു കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും പണം പരാതിക്കാരൻ പിൻവലിച്ചിട്ടുണ്ടെന്നും പറഞ്ഞു.
സംഭവത്തിൽ സിബിഐ റജിസ്റ്റർ ചെയ്ത കേസിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയാണെന്നു പറഞ്ഞ് ഭയപ്പെടുത്തി.
തുടർന്നു പരാതിക്കാരന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും അതിലെ പണവും പരിശോധിക്കണമെന്നും പണം പരിശോധനയ്ക്കു ശേഷം തിരികെ നൽകാമെന്നും പറഞ്ഞു. 15നും 22നുമായി മൂന്നു തവണകളായി 25.25 ലക്ഷം തട്ടിയെടുക്കുകയായിരുന്നു.
പണം തിരികെ ലഭിക്കുമെന്നു പ്രതീക്ഷിച്ചിട്ടും കിട്ടാതെ വന്നതോടെയാണു പൊലീസിനെ സമീപിച്ചത്.
നാഷനൽ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ റജിസ്റ്റർ ചെയ്തതോടെ വിവിധ അക്കൗണ്ടുകളിലായി 11 ലക്ഷത്തോളം രൂപ മരവിപ്പിച്ചിട്ടുണ്ട്. ഈ തുക തിരികെ വെൺമണി സ്വദേശിക്കു ലഭ്യമാക്കാനുള്ള കോടതി നടപടികൾ ആരംഭിച്ചെന്നു സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഏലിയാസ് പി.ജോർജ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

