കോന്നി ∙ വീട്ടമ്മയെയും മക്കളെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. വടശേരിക്കര അരീക്കക്കാവ് തെങ്ങുംപള്ളിയിൽ ടി.കെ.സിജു പ്രസാദ് (43) ആണ് അറസ്റ്റിലായത്.
ഇന്നലെ പുലർച്ചെ ഒരു മണിയോടെ കൊല്ലൻപടിയിൽ ഇവർ താമസിച്ചിരുന്ന വാടക വീട്ടിലാണ് സംഭവം. വീട്ടമ്മയും മക്കളും കിടന്നുറങ്ങിയ മുറിയിലേക്ക് പെട്രോൾ ഒഴിച്ച ശേഷം കതകിനു മുകളിലുള്ള വെന്റിലേഷനിലൂടെ തീപ്പന്തം എറിയുകയായിരുന്നു.
വീടിന്റെ കതക് പുറത്ത് നിന്ന് പൂട്ടിയ ശേഷമാണ് പ്രതി വീടിന് തീയിട്ടത്.
വീടിന്റെ ഇരുമ്പ് കഴുക്കോലിൽ തൂങ്ങി മുകളിൽ കയറി ഓടിളക്കി മാറ്റി മക്കൾ രണ്ടുപേരും പുറത്തിറങ്ങി. തുടർന്ന് നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരുമായി ചേർന്ന് വാതിൽ വെട്ടിപ്പൊളിച്ച് വീട്ടമ്മയെയും പുറത്തെത്തിക്കുകയായിരുന്നു.
സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചു. ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലെ സാധനങ്ങളും കത്തിനശിച്ചു.
കൈകാലുകൾക്കും മറ്റും പൊള്ളലേറ്റ വീട്ടമ്മയും മകനും കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഒപ്പം താമസിച്ചിരുന്ന വീട്ടമ്മയിൽ പ്രതിക്കുണ്ടായ സംശയമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഒളിവിൽപോയ പ്രതിയെ പൊലീസ് ഇൻസ്പെക്ടർ ബി.രാജഗോപാലിന്റെ നേതൃത്വത്തിൽ എഎസ്ഐ മുജീബ് റഹ്മാൻ, എസ്സിപിഒ സുബിൻ, സിപിഒമാരായ അഭിലാഷ്, രാഗേഷ്, രതീഷ് എന്നിവരടങ്ങിയ സംഘം പൂങ്കാവ് എന്ന സ്ഥലത്ത് നിന്നു പിടികൂടുകയായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

