കൊല്ലം ∙ ഉദ്ഘാടനം ചെയ്തു 5 വർഷം പിന്നിടുമ്പോഴും ഇനിയും പൂർത്തിയാവാതെ വെസ്റ്റ് കോസ്റ്റ് ജലപാത പദ്ധതി. കോവളം മുതൽ ബേക്കൽ വരെ വെസ്റ്റ് കോസ്റ്റ് ജലപാതയായി രൂപം കൊടുത്ത പദ്ധതിയിലെ തിരുവനന്തപുരത്തെ ആക്കുളം മുതൽ തൃശൂരിലെ ചേറ്റുവ വരെയുള്ള 280 കിലോമീറ്റർ ഭാഗം ജലപാത ഓണസമ്മാനമായി കഴിഞ്ഞ സെപ്റ്റംബറിൽ കമ്മിഷൻ ചെയ്തു തുറന്നു നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. 616 കിലോമീറ്ററിലുള്ള പാതയിൽ അഷ്ടമുടിക്കായൽ മുതൽ കൊടുങ്ങല്ലൂർ കോട്ടപ്പുറം വരെയുള്ള 168 കിലോമീറ്റർ ദേശീയ ജലപാതയുടെ ഭാഗമാണ്.
ജില്ലയിൽ ഇടവ നടയറക്കായൽ മുതൽ ചെറിയ അഴീക്കൽ വരെയാണ് ജലപാത കടന്നുപോകുന്നത്.
ഇതിൽ ഇടവ മുതൽ കൊല്ലം വരെ സംസ്ഥാന ജലപാതയുടെ കീഴിലും കൊല്ലം മുതൽ ചെറിയ അഴീക്കൽ വരെ ദേശീയ ജലപാതയുടെ കീഴിലുമാണ്. ബോട്ടുകൾക്കു സഞ്ചരിക്കാൻ കഴിയുന്ന വിധത്തിൽ ജലപാത യോഗ്യമാണെന്ന് ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് വ്യക്തമാക്കുന്നുണ്ടെങ്കിലും അനുബന്ധ പ്രവൃത്തികൾ ഒന്നും തന്നെ പൂർത്തിയായിട്ടില്ല.
12 MINUTES AGO
13 MINUTES AGO
22 MINUTES AGO
ഇടവ മുതൽ കൊല്ലം വരെ
ദേശീയ ജലപാതയുടെ ജില്ലയിലെ ഭാഗങ്ങളിൽ ഇടവ മുതൽ കൊല്ലം വരെ സംസ്ഥാന ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ കീഴിലാണ്.
ഈ ഭാഗങ്ങളിൽ ഡ്രജിങ്ങും മണ്ണ് സംരക്ഷണ പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്. എന്നാൽ കൊല്ലം കല്ലുപാലം പള്ളിത്തോട്ടത്തും ഇരവിപുരത്തുമായി ഭൂമിത്തർക്കവുമായി ബന്ധപ്പെട്ട
3 കേസുകൾ കിടക്കുന്നുണ്ട്. അതിനാൽ തന്നെ ഈ ഭാഗത്തു പുതിയ പ്രവൃത്തികൾ നടത്താൻ സാധിക്കുന്നില്ല.
പള്ളിത്തോട്ടം ഭാഗത്തു കൊല്ലം തോട്ടിൽ പ്രവൃത്തികൾ നടത്തണമെങ്കിൽ എഴുപതിലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും. അതിന് സർക്കാർ തലത്തിൽ തീരുമാനം വന്നാലേ അടുത്ത നടപടികൾ സ്വീകരിക്കാൻ സാധിക്കൂ.
ജലപാതയുടെ ഇരുവശങ്ങളിൽ പാർശ്വഭിത്തി കെട്ടുന്നതും എവിടെയുമെത്തിയിട്ടില്ല.
അപകടാവസ്ഥയിലായിരുന്ന കല്ലുപാലത്തിന് സമീപത്താണ് ഇപ്പോൾ പാർശ്വഭിത്തി അവസാനമായി നിർമിച്ചത്. കൊല്ലം– ഇരവിപുരം ഭാഗത്ത് ജലപാതയുടെ ഇരുവശങ്ങളിലും മാലിന്യം ഉപേക്ഷിക്കുന്ന പ്രശ്നവും രൂക്ഷമാണ്.
കോർപറേഷനുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നടന്നിട്ടില്ല.
കൊല്ലം തോടിന്റെ ഇരുവശത്തും മാലിന്യങ്ങൾ ദിവസവും കുമിഞ്ഞു കൂടുന്നുണ്ട്. ഇൻലാൻഡ് നാവിഗേഷന്റെയും കോർപറേഷന്റെയും നേതൃത്വത്തിൽ തോടിന്റെ ഇരുവശങ്ങളിലും പാലങ്ങളിലും ഫെൻസിങ് സ്ഥാപിക്കുന്നുണ്ടെങ്കിലും പൂർണമായിട്ടില്ല.
ഫണ്ട് ലഭിക്കുന്നതിന് അനുസരിച്ചു പ്രവൃത്തികൾ നടക്കുന്നുണ്ടെന്നാണ് വകുപ്പിന്റെ വാദം. എന്നു പൂർത്തിയായി കമ്മിഷൻ ചെയ്യുമെന്ന് ചോദിച്ചാൽ ആർക്കും വ്യക്തതയില്ല.
കൊല്ലം മുതൽ ചെറിയഴീക്കൽ വരെ
ദേശീയ ജലപാതയായതിനാൽ ജില്ലയിലെ രണ്ടാം ഭാഗമായ കൊല്ലം മുതൽ ചെറിയഴീക്കൽ വരെ ഇൻലാൻഡ് വാട്ടർ വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണുള്ളത്.
ഈ ഭാഗങ്ങളിൽ ബോട്ട് ജെട്ടികൾ അടക്കമുള്ള കാര്യങ്ങൾ മാത്രമാണ് സംസ്ഥാന ഇൻലാൻഡ് നാവിഗേഷൻ ചെയ്യുന്നത്. ഈ ഭാഗത്ത് അഷ്ടമുടിക്കായലിൽ ഡ്രജിങ് നടത്തി മണ്ണു നീക്കൽ പൂർണമായിട്ടില്ല.
ചവറ പാലത്തിന്റെ ഭാഗത്തും കോവിൽതോട്ടം പാലത്തിന്റെ ഭാഗങ്ങളിലും ഡ്രജിങ് പ്രവൃത്തികളും അനുബന്ധ പ്രവൃത്തികളും നിലച്ചിരിക്കുകയാണ്.
കോവിൽത്തോട്ടം ഭാഗത്തെ നടപ്പാലത്തിന്റെ നിർമാണം പൂർത്തിയായാൽ മാത്രമേ ഈ ഭാഗത്തു ഇനി ആഴം കൂട്ടൽ, പാർശ്വഭിത്തി പ്രവർത്തനങ്ങളിലേക്കു കടക്കാൻ സാധിക്കൂ. ഇവിടെ ഉയരം കുറഞ്ഞ നടപ്പാതയാണ് ഉണ്ടായിരുന്നത് എന്നതിനാൽ ബോട്ടുകൾക്കു കടന്നുപോകാൻ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു.
ദേശീയപാത നിർമാണത്തിന്റെ ഭാഗമായ ചവറ പാലത്തിന്റെ പ്രവൃത്തികൾ പൂർത്തിയായാൽ മാത്രമേ അവിടെയും ഇനി എന്തെങ്കിലും ചെയ്യാനാവൂ.
അതേസമയം പാലത്തിനടിയിലൂടെ ബോട്ടുകൾക്കു പോകാൻ സാധിക്കും. ഇരു ഭാഗങ്ങളിലുമായി നാലോളം കിലോമീറ്റർ ദൂരത്തിൽ വട്ടക്കായൽ വരെ കുളവാഴ നിറഞ്ഞു നിൽക്കുകയാണ്.
കരുനാഗപ്പള്ളി, ഓച്ചിറ ഭാഗങ്ങളിൽ നിലവിൽ വലിയ പ്രശ്നങ്ങളില്ല. എങ്കിലും ജലപാത കമ്മിഷനിങ് വൈകുന്തോറും ജലപാതയിൽ ബുദ്ധിമുട്ടുകളുണ്ടാകും.
കോവളം– ബേക്കൽ വെസ്റ്റ് കോസ്റ്റ് ജലപാത
ദേശീയ ജലപാതയിലൂടെയും നിലവിലുള്ള പുഴകളും കനാലുകളും നവീകരിച്ചും ആവശ്യമായിടത്തു പുതിയ കനാൽ നിർമിച്ചും ഒൻപതു ജില്ലകളിലൂടെ കടന്നുപോകുന്ന പദ്ധതിയാണ് ജലപാത പദ്ധതി.
കിഫ്ബി, ദേശീയ ജലപാത അതോറിറ്റി എന്നിവയുടെ ധനസഹായത്തോടെ കേരള വാട്ടർ വേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (ക്വിൽ) ആണ് ജലപാതയുടെ നിർമാണം നിർവഹിക്കുന്നത്. കേരളത്തിന്റെ തെക്ക്– വടക്ക് പൂർണമായും ജലമാർഗം സഞ്ചരിക്കാനാകുന്ന പദ്ധതിയിലൂടെ ചെലവു കുറഞ്ഞതും പ്രകൃതി സൗഹൃദവുമായ ചരക്കു ഗതാഗതവും യാത്രാമാർഗവും സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം.
6,000 കോടി രൂപ ചെലവിൽ 616 കിലോമീറ്ററിലാണ് ജലപാത വികസിപ്പിക്കാൻ ഒരുങ്ങിയത്.
രാഷ്ട്രപതിയായിരിക്കെ, ഡോ. എ.പി.െജ.അബ്ദുൽ കലാം കേരളത്തിന്റെ സമഗ്ര വികസനത്തിനുവേണ്ടി മുന്നോട്ടുവച്ച ദർശനരേഖയിൽ എടുത്തുപറഞ്ഞ പദ്ധതികളിലൊന്നാണ് ജലപാത.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനാണ് ജലപാത പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാൽ പദ്ധതിയുടെ സമയക്രമം തെറ്റിപ്പോവുകയും വർഷങ്ങളോളം വൈകുകയും ചെയ്തു.
തുടക്കത്തിൽ സർക്കാർ നിശ്ചയിച്ച സമയക്രമം അനുസരിച്ചാണെങ്കിൽ 3 വർഷം മുൻപാണ് ആദ്യഘട്ടത്തിന്റെ കമ്മിഷനിങ് നടക്കേണ്ടിയിരുന്നത്
ഈ വർഷത്തെ ബജറ്റിലും
കഴിഞ്ഞ ദിവസം കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലും ജലപാത ഇടം പിടിച്ചു. പദ്ധതി പൂർത്തീകരിക്കുന്നതിനായി 138.14 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ എന്ന് പൂർത്തിയാക്കുമെന്നോ കമ്മിഷനിങ് ചെയ്യുമെന്നോ പറഞ്ഞിട്ടില്ല. ആദ്യഘട്ടം പൂർത്തിയാകാത്ത പദ്ധതി 2026 ൽ പൂർത്തിയാക്കുമെന്നായിരുന്നു കഴിഞ്ഞ വർഷത്തെ ബജറ്റിലെ പ്രഖ്യാപനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

