ഏറ്റുമാനൂർ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ പാതാളക്കുഴി യാത്രക്കാരുടെ നടുവൊടിക്കുന്നു. സ്റ്റാൻഡിനുള്ളിലും പ്രവേശന കവാടത്തിലും വൻ കുഴികൾ രൂപപ്പെട്ടിട്ടും നടപടിയില്ല.ഒട്ടേറെ തവണ പരാതികൾ നൽകിയിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തം. പ്രധാന റോഡിൽ നിന്നും ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടത്തിലും സമീപത്തെ ലിങ്ക് റോഡിലുമാണ് അപകടക്കുഴികൾ. പ്രധാന കവാടത്തിലെ കുഴി ഒരടിയോളം താഴ്ചയിലും 6 അടിയോളം വീതിയിലുമാണ്.
സ്ഥിരം യാത്രക്കാർ ബസ്, സ്റ്റാൻഡിലേക്കു അടുക്കുമ്പോൾ ‘നടുവിന്റെ സുരക്ഷയ്ക്ക്’ എഴുന്നേറ്റ് നിൽക്കുന്നത് പതിവ് കാഴ്ചയാണ്.
ബസുകൾ സ്റ്റാൻഡിലേക്ക് കയറണമെങ്കിൽ ഈ കുഴി ചാടണം. കുഴി വാഹനത്തിനു കേടുപാടുകൾ ഉണ്ടാക്കുന്നുണ്ടെന്നു ബസ് ജീവനക്കാരും പറയുന്നു.
പ്രധാന റോഡിൽ തിരക്കുള്ളപ്പോൾ സ്വകാര്യ വാഹനങ്ങളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കുഴി മൂലം ഓട്ടോഡ്രൈവർമാരും ദുരിതത്തിലാണ്.
കുഴി നഗരത്തിൽ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. 2 ബസ് സ്റ്റാൻഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് ആണ് ലിങ്ക് റോഡ്.
ഇവിടെ റോഡിനു കുറുകെയാണ് കുഴികൾ. കുഴിയിൽ ചാടുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും നിത്യ സംഭവമാണ്.
മഴക്കാലത്ത് ചെറിയ കുഴിയായി രൂപപ്പെട്ടതാണ്. അന്നു കുഴി അടയ്ക്കണമെന്ന് ആവശ്യവുമായി നാട്ടുകാരും യാത്രക്കാരും രംഗത്ത് വന്നിരുന്നു.
എന്നാൽ അധികൃതർ ഈ ആവശ്യം അവഗണിച്ചു. ഇത് വൻ കുഴികൾ രൂപപ്പെടാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. ഇതേ സമയം കുഴി ആര് അടയ്ക്കണമെന്നതിൽ വ്യക്തത ഇല്ലാത്തതാണ് പരിഹാരം വൈകാൻ കാരണമെന്നാണ് സൂചന.
കുഴി അടയ്ക്കേണ്ടത് തങ്ങളല്ലെന്നും കെഎസ്ആർടിസിയോ, പൊതുമരാമത്തോ ആണെന്നുമാണ് നഗരസഭയുടെ വാദം.
കെഎസ്ആർടിസിയുടെ കയ്യിൽ പണമില്ലെന്നാണ് ജീവനക്കാർ പറയുന്നത്. മുൻ വർഷങ്ങളിൽ പരാതി പറഞ്ഞ് മടുത്ത നാട്ടുകാർ തന്നെയാണ് കുഴി അടച്ചിരുന്നത്.
യാത്രക്കാർക്കും വാഹനങ്ങൾക്കും കെണിയാകുന്ന കുഴികൾ ഉടൻ അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തറയോടുകൾ പാകണം: ടൗൺ പൗരസമിതി
∙ മഴയെത്തിയാൽ ഈ ഭാഗത്ത് കുഴി രൂപപ്പെടുന്നത് പതിവാണെന്നും സ്ഥിരമായി കുഴികൾ രൂപപ്പെടുന്ന ഭാഗത്ത് തറ യോടുകൾ പാകണമെന്നും ഏറ്റുമാനൂർ ടൗൺ പൗരസമിതി ആവശ്യപ്പെട്ടു. 4 മാസം മുൻപ് മുഖ്യമന്ത്രി കടന്നു പോകുന്നതിന്റെ ഭാഗമായി യുദ്ധകാല അടിസ്ഥാനത്തിൽ എംസി റോഡിലെ കുഴികൾ അടച്ചിരുന്നു. അന്നു ബസ് സ്റ്റാൻഡിലെ കുഴികളും അടയ്ക്കുമെന്ന് കരുതിയെങ്കിലും നടപടി ഉണ്ടായില്ല.
വിഷയത്തിൽ കെഎസ്ആർടിസി അധികൃതർക്ക് പരാതി നൽകുമെന്നും എത്രയും വേഗം കുഴികൾ അടച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും പൗരസമിതി പ്രസിഡന്റ് യു.എൻ. തമ്പി, സെക്രട്ടറി ജയിംസ് കുര്യൻ എന്നിവർ ആവശ്യപ്പെട്ടു.
കുഴികൾ ഉടൻ നികത്തണം: ജനകീയ വികസന സമിതി
∙കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ കുഴികൾ വലിയ അപകട
ഭീഷണി ആണ് ഉയർത്തുന്നതെന്നും അധികൃതർ ഇടപെട്ട് ഉടൻ കുഴികൾ അടയ്ക്കണമെന്നും ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. മുൻപ് സമാനമായ രീതിയിൽ കുഴികൾ രൂപപ്പെട്ടപ്പോൾ സമിതി അധികൃതർക്ക് നിവേദനം നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ കുഴികൾ അടയ്ക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതി നൽകുമെന്ന് വികസന സമിതി പ്രസിഡന്റ് ബി.രാജീവ് പറഞ്ഞു.
അവഗണന അവസാനിപ്പിക്കണം: സേവാ സമിതി
∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്നും കുഴികൾ അടച്ച് റീ ടാറിങ് നടത്തി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ഏറ്റുമാനൂർ സേവാ സമിതി ആവശ്യപ്പെട്ടു.
ഇരുട്ടു വീണാൽ ബസ് സ്റ്റാൻഡിൽ വെളിച്ചമില്ല. വാഹനങ്ങൾ കയറുന്നില്ല.
കാത്തിരിപ്പ് കേന്ദ്രത്തിൽ പോലും അടിസ്ഥാന സൗകര്യങ്ങളില്ലെന്നും സമിതി ആരോപിച്ചു. പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ, സിറിൽ ജി.നരിക്കുഴി, ജി.ജഗദീഷ് സ്വാമിയാശാൻ തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

