ജീവിതം എന്ന വാക്കിനവസാനമുള്ള എന്ന അനുസ്വാരം അൽപം വലുതാക്കി പൂജ്യം എന്നെഴുതുന്നവരോടാണ്; വരയ്ക്കാൻ മോഹിച്ചു ചേർത്തുവച്ച ചായക്കൂട്ടുകളെല്ലാം കല്യാണത്തലേന്നു കണ്ണീരോടെ ഉപേക്ഷിച്ച പതിനേഴുകാരി നാലു പതിറ്റാണ്ടുകൾക്കുശേഷം വരച്ചത് 2000 ചിത്രങ്ങൾ, എഴുത്തിനൊപ്പം സ്വന്തം പേരു ചേർക്കാൻ ഭയന്നിരുന്ന കാലം കടന്നു പ്രസിദ്ധീകരിച്ചതു 15 പുസ്തകങ്ങൾ, എംടിയുടെ ‘മഞ്ഞ്’ വായിച്ചശേഷം സ്വപ്നങ്ങളിലെ നൈനിറ്റാളിനോടു ‘വരും, വരാതിരിക്കില്ല’ എന്നു പറഞ്ഞു കയറിച്ചെന്നതു നൈനിറ്റാളിലേക്കു മാത്രമല്ല, ഇന്ത്യയൊട്ടാകെ.
ജോലിയിൽനിന്നു വിരമിച്ചശേഷം മാത്രം യാത്രചെയ്തതു 15 വിദേശരാജ്യങ്ങളിലേക്ക്, മുടങ്ങിപ്പോയ ബിരുദാനന്തര ബിരുദപഠനം പൂർത്തിയാക്കാനൊരുങ്ങുന്നത് 80ാം വയസ്സിൽ…! വിദ്യാഭ്യാസ വകുപ്പിൽ അക്കൗണ്ട്സ് ഓഫിസറായി വിരമിച്ച, എഴുത്തുകാരിയും ചിത്രകാരിയുമായ ചാത്തന്നൂർ സ്വദേശി പി.
രമണിക്കുട്ടി സ്വന്തം ജീവിതം അടയാളപ്പെടുത്തുന്നതിങ്ങനെ: ‘ജോലിയിൽനിന്നു വിരമിക്കുമ്പോൾ ഞാനൊരു വട്ടപ്പൂജ്യമായിരുന്നു. അതിനുശേഷമാണ് എന്റെ ജീവിതത്തിനു മൂല്യമേറിയത്’.
വിശ്രമജീവിതമെന്നല്ല; അവിശ്രമം സ്വപ്നങ്ങൾക്കുപിന്നാലെയുള്ള യാത്രയെന്ന് ആ ജീവിതത്തെ വിശേഷിപ്പിക്കാം.
തോൽക്കാതെ…
1962 ൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണു രമണിക്കുട്ടിയുടെ വിവാഹം. പെട്ടെന്നൊരുദിവസം പഠനം നിർത്തി; ഒരാഴ്ചയ്ക്കുള്ളിൽ വിവാഹം.
‘ അന്നു പുസ്തകങ്ങളെ നോക്കി ഒരുപാടു കരഞ്ഞു. വരയ്ക്കാനുള്ള ബ്രഷും ചായങ്ങളും കല്യാണവീട് പെയിന്റ് ചെയ്യാൻ വന്നവർക്കു കൊടുത്തു.
ഇനിയെന്തിനാ എന്നോർത്തു’ – രമണിക്കുട്ടിയുടെ വാക്കുകളിൽ നഷ്ടകാലത്തിന്റെ നോവുണ്ട്. പിന്നീടു 2 മക്കളായതിനുശേഷം ജോലിക്കായുള്ള പരീക്ഷകളെഴുതി.
22 ാംവയസ്സിൽ വിദ്യാഭ്യാസ വകുപ്പിൽ എൽഡി ക്ലാർക്കായി. അടുത്ത വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഡിഗ്രി ഫിലോസഫിക്കു സായാഹ്നകോഴ്സിൽ ചേർന്നു.
ഹോസ്റ്റലിൽനിന്നായിരുന്നു പഠനവും ജോലിയും. മക്കളെ അമ്മയ്ക്കൊപ്പം നിർത്തി.
തുടർന്നു കേരള സർവകലാശാലയിൽ എംഎ സോഷ്യോളജിക്കു പ്രൈവറ്റായി ചേർന്നെങ്കിലും പലകാരണങ്ങളാൽ അവസാനപരീക്ഷ എഴുതാനായില്ല. ആ നീറ്റലിൽ പുസ്തകങ്ങളെയെന്ന പോലെ ആഗ്രഹങ്ങളെയും മടക്കിവച്ചു.
പ്രായമേറാതെ കല
ജോലിയിൽനിന്നു വിരമിച്ച ദിവസമാണ് ആദ്യ നോവൽ ഒരു മാസികയിൽ അച്ചടിച്ചു വരുന്നത്.
അക്കാലത്ത് കോഴിക്കോട്ടെത്തി എം.ടി. വാസുദേവൻ നായരുടെ അനുഗ്രഹം നേടിയശേഷമാണ് എഴുത്തു തുടങ്ങിയത്.
അദ്ദേഹത്തിന്റെ പ്രോൽസാഹനമടങ്ങിയ കത്തുകളിലൊന്ന് ‘വൈദേഹി പറഞ്ഞത്’ എന്ന നോവലിന്റെ ആമുഖത്താളിലുണ്ട്. ഒട്ടേറെ നോവലുകളും കഥകളും ലേഖനങ്ങളുമെഴുതി.
അക്രിലിക്കിലും എണ്ണച്ചായത്തിലും ചിത്രങ്ങൾ വരച്ചു. ചിത്രപ്രദർശനങ്ങൾ നടത്തി.
ലളിതകലാ അക്കാദമിയുടെ ക്യാംപുകളിൽ പങ്കെടുത്തു. പ്രകൃതിയെ കാൻവാസിൽ കാണാനാഗ്രഹിച്ച രമണിക്കുട്ടി അടുത്ത യാത്ര തുടർന്നു; യാത്രകളിലേക്കു തന്നെ!
മഞ്ഞുവഴികൾ
കൂട്ടുകാരെ തേടിയിരുന്നാൽ എങ്ങോട്ടും പോകാനാകില്ലെന്നുറപ്പായതോടെ ഒറ്റയ്ക്കിറങ്ങി.
ടൂർ ഓപ്പറേറ്റർമാരെ ആശ്രയിച്ചുമാത്രമുള്ള യാത്രകൾ. ആദ്യം തിരുപ്പതിയിലേക്കു പോയി.
‘എംടിയുടെ ‘മഞ്ഞ്’ വായിച്ചകാലം മുതലുള്ള ആഗ്രഹമായിരുന്നു നൈനിറ്റാളിൽ പോകണമെന്നത്. നൈനി തടാകത്തിലൂടെ സഞ്ചരിക്കവെ സ്വർഗത്തിലെത്തിയതുപോലെ തോന്നി.
അത്ര വലിയ സ്വപ്നമായിരുന്നു അത്’– രമണിക്കുട്ടിയുടെ ഓർമകളിൽ മഞ്ഞുതിരുന്നു. ഹിമാലയത്തിൽനിന്ന് ആൽപ്സ് പർവതനിരകളിലേക്കുവരെ നീണ്ടു യാത്രകൾ.
യൂറോപ്യൻ രാജ്യങ്ങളിലടക്കം പോയി. ‘ഇന്ത്യയിൽ മിക്കവാറും എല്ലാ സ്ഥലങ്ങളും കണ്ടു.
ചതുർധാമിലേക്കുള്ള യാത്ര 23 ദിവസം നീണ്ടു’– അവർ പറയുന്നു. ആ അനുഭവങ്ങൾ നൈനിറ്റാളിലെ മഞ്ഞിലൂടെ, ചതുർധാമങ്ങളിലൂടെ ഹിമവൽപാദങ്ങളിൽ എന്നീ യാത്രാവിവരണങ്ങളായി.
ദക്ഷിണേന്ത്യൻ സാംസ്കാരിക പുരസ്കാരവും ശിശുവികസനവകുപ്പ്, മലയാളം ഐക്യവേദി എന്നിവയുടേതടക്കമുള്ള അംഗീകാരങ്ങളും നേടിയിട്ടുണ്ട്. 2024 ൽ കൊൽക്കത്തയിലും ബംഗാളിലും നടത്തിയ രാജ്യാന്തര ആർട്ട് എക്സിബിഷനിലും വർക്ഷോപ്പിലും പങ്കെടുത്തു.
പെൻഷന്റെ ഒരു വിഹിതം പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുന്നുമുണ്ട് രമണിക്കുട്ടി. വയോജനങ്ങൾക്കായുള്ള ‘ഹാപ്പി ഹോം’ പദ്ധതിക്കായുള്ള ശ്രമങ്ങളിലുമാണ്.
ഇതിനായി മുഖ്യമന്ത്രിക്കുൾപ്പെടെ നിവേദനം നൽകി. ചാത്തന്നൂർ ആമ്പലഴികം കുടുംബാംഗമാണ്.
ഇപ്പോൾ മേവറത്തു സാഫല്യം അപ്പാർട്മെന്റ്സിലാണു താമസം. ഭർത്താവ്: പരേതനായ എൻ.സി.പിള്ള, മക്കൾ: ലത, അജിത്.
വിദ്യാർഥി
ഇനിയെന്തിനാ പഠിക്കുന്നത് എന്നു ചോദിക്കുന്നവരോട് ‘ഓർമകളെ പിടിച്ചുകെട്ടാൻ’ എന്നാണു രമണിക്കുട്ടി പറയുന്നത്.
ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ എംഎ മലയാളം മൂന്നാം സെമസ്റ്റർ വിദ്യാർഥിയാണിപ്പോൾ. ‘ഞായറാഴ്ച പരീക്ഷയാണ്’ എന്ന ഓർമപ്പെടുത്തലോടെ ഒരേയിരുപ്പിലെ പഠനം തുടർന്നു, രമണിക്കുട്ടി.
മറക്കാത്തത്: പൂജ്യത്തിൽനിന്നു തുടങ്ങിയാലും, കാലമെത്ര കഴിഞ്ഞാലും ആഗ്രഹിച്ചയിടങ്ങളിലെല്ലാം എത്തുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

