പയ്യന്നൂർ∙ സിപിഎം നേതാവ് വി.കുഞ്ഞിക്കൃഷ്ണന്റെ തുറന്നുപറച്ചിലിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ യുദ്ധകളമായി പയ്യന്നൂർ. ടി.ഐ.മധുസൂദനൻ എംഎൽഎ രാജി വയ്ക്കണമെന്നാശ്യപ്പെട്ട് കോൺഗ്രസും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്.
ഇതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു. ബിജെപിയുടെ പ്രകടനം നടക്കുമ്പോൾ എതിർദിശയിൽ നിന്നു സിപിഎം പ്രവർത്തകരും പ്രകടനവുമായി വരികയായിരുന്നു.
ഇന്നലെ വൈകിട്ട് 5 മണി മുതൽ പയ്യന്നൂർ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.
പരുക്കേറ്റ കോൺഗ്രസ് പ്രവർത്തകരെ പ്രിയദർശിനി ആശുപത്രിയിലും ബിജെപി പ്രവർത്തകരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്തസാക്ഷി ധനരാജിന്റെ പേരിൽ പിരിച്ചെടുത്ത ഫണ്ട് തട്ടിപ്പ് നടത്തിയതിന്റെ പേരിൽ ആരോപണ വിധേയനായ പയ്യന്നൂർ എംഎൽഎ ടി.ഐ.
മധുസൂദനനെതിരായ പ്രതിഷേധങ്ങളെ ഗുണ്ടകളെ ഇറക്കി അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.
ഫണ്ടിലെ വെട്ടിപ്പ് തുറന്നുപറഞ്ഞത് സിപിഎം ജില്ലാ കമ്മിറ്റി അംഗമായ വി.കുഞ്ഞിക്കൃഷ്ണനാണ്. നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത ലക്ഷങ്ങൾ എംഎൽഎയുടെ നേതൃത്വത്തിൽ തട്ടിയെടുത്തതായുള്ള സിപിഎം നേതാവിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് പയ്യന്നൂരിൽ സമാധാനപരമായി പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും ടി.ഐ മധുസൂദനൻ എംഎൽഎയുടെ ഗുണ്ടകളാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
പയ്യന്നൂരിലെ എംഎൽഎ ഓഫിസ് കേന്ദ്രീകരിച്ച് ഗുണ്ടാസംഘം പ്രവർത്തിക്കുന്നുണ്ട്.
ഈ ക്രിമിനലുകൾ നിയമസംവിധാനത്തെ തന്നെ വെല്ലുവിളിക്കുകയാണ്. പൊലീസ് നോക്കി നിൽക്കുമ്പോഴാണ് പയ്യന്നൂരിൽ കോൺഗ്രസ് പ്രതിഷേധപ്രകടനത്തെ ആക്രമിച്ചത്.
എംഎൽഎക്കെതിരെ ശബ്ദമുയർന്നാൽ ഏത് രീതിയിലായിരിക്കും അതിനെ നേരിടുക എന്ന മുന്നറിയിപ്പാണ് സിപിഎം നൽകിയത്. ഗുരുതരമായ അഴിമതി ആരോപണം ഉന്നയിച്ച സിപിഎം നേതാവ് കുഞ്ഞിക്കൃഷ്ണനു കൂടിയുള്ള മുന്നറിയിപ്പാണ് ഈ ക്രിമിനൽ സംഘം നൽകിയിരിക്കുന്നത്.
പയ്യന്നൂർ എംഎൽഎയുടെ നേതൃത്വത്തിലുള്ള മാഫിയ സംഘം എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാൻ ആയുധങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.കോൺഗ്രസ് നേതാക്കളെ ആക്രമിച്ച ക്രിമിനലുകളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. പരുക്ക്കേറ്റ് ചികിത്സയിലുള്ള കോൺഗ്രസ് നേതാക്കളായ എ.പി.
നാരായണൻ, എ.രൂപേഷ് ,കെ.ടി. ഹരീഷ്, പി.രാജൻ എന്നിവരെ മാർട്ടിൻ ജോർജ് സന്ദർശിച്ചു
അക്രമം നടത്തിയത് കോൺഗ്രസ്: സിപിഎം
പയ്യന്നൂർ∙ ടി.ഐ.മധുസൂദനൻ എംഎൽഎ ഓഫിസ്, സഹകരണ ആശുപത്രി, പയ്യന്നൂർ സഹകരണ ബാങ്ക് എന്നിവയ്ക്കു നേരെ കോൺഗ്രസ് അക്രമം നടത്തുകയായിരുന്നുവെന്ന് സിപിഎം.
എംഎൽഎക്കെതിരെ ചാനലുകളിലൂടെയുണ്ടായ വ്യാജ വെളിപ്പെടുത്തലിന്റെ മറവിൽ പ്രതിഷേധവുമായി കോൺഗ്രസുകാർ അക്രമം നടത്തുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. മഹാത്മാ മന്ദിരം കേന്ദ്രീകരിച്ച് ആരംഭിച്ച കോൺഗ്രസ് പ്രകടനം പയ്യന്നൂർ സഹകരണ ആശുപത്രിയിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നുവെന്നും രോഗിയുമായി വന്ന ആംബുലൻസ് തടസ്സപ്പെടുത്താൻ ശ്രമിച്ചതോടെ നാട്ടുകാർ ഇടപെട്ടുവെന്നും തുടർന്നാണ് എംഎൽഎ ഓഫിസിനു നേരെയും സഹകരണ ബാങ്ക്, തെക്കേ ബസാർ ശാഖയ്ക്ക് നേരെയും കല്ലേറുണ്ടായതെന്നും സിപിഎം പറയുന്നു.
സിപിഎം പയ്യന്നൂർ ടൗണിൽ പ്രകടനം നടത്തി. പഴയ ബസ് സ്റ്റാൻഡിൽ നടന്ന പൊതുയോഗത്തിൽ കെ.കെ.ഗംഗാധരൻ അധ്യക്ഷനായി.
ഏരിയ സെക്രട്ടറി പി.സന്തോഷ്, ജില്ലാ കമ്മിറ്റിയംഗം സരിൻ ശശി, ടി.വിശ്വനാഥൻ, എ.വി.രഞ്ജിത്ത്, കെ.കെ.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
നേതൃത്വത്തെ ആക്ഷേപിക്കുന്നവർക്കുള്ള സാംപിൾ വെടിക്കെട്ട്: പി.സന്തോഷ് കുമാർ
കണ്ണൂർ∙ പയ്യന്നൂരിൽ ഉണ്ടായത് അവിചാരിത അക്രമമല്ലെന്നും ബോധപൂർവം നൽകിയ മുന്നറിയിപ്പാണെന്നും സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറി പി.സന്തോഷ് കുമാർ. ഏതോ ഒരാൾ ഒരു ചാനലിൽ വിളിച്ചുപറയുന്നതു കേട്ട് സിപിഎം എംഎൽഎക്ക് എതിരായി ഓഫിസിലേക്ക് കൊടിയും പിടിച്ചു വന്നാൽ തടികാക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയ എതിരാളികൾക്കുള്ള ഭീഷണി. നേതൃത്വത്തെ ആക്ഷേപിക്കുന്നതിന് അപകടകരമായ ഇടപെടലുമായി ചില ആളുകൾ മുന്നോട്ടു വരുന്നുണ്ട്.
അവർക്കുള്ള സാംപിൾ വെടിക്കെട്ടാണു നടന്നത്. അപവാദങ്ങൾക്കു മുന്നിൽ ഏതെങ്കിലും നേതാവിനെ ഇട്ടുകൊടുത്ത് തടിരക്ഷപ്പെടുത്തുന്ന ആളുകളല്ല കമ്യൂണിസ്റ്റുകാർ– സിപിഎം പ്രതിഷേധ പ്രകടനത്തിനു ശേഷം പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

