ഗ്രീൻലൻഡ് വിഷയത്തിൽ അധിക തീരുവ ചുമത്തുമെന്ന ഭീഷണിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നിൽ വിട്ടുവീഴ്ച്ചയ്ക്ക് ഒരുങ്ങാതെ യൂറോപ്യൻ യൂണിയൻ. കഴിഞ്ഞ ജൂലൈയിൽ യുഎസുമായി ആരംഭിച്ച വ്യാപാര കരാറിലെ ചർച്ചകൾ മരവിപ്പിക്കുമെന്ന് യൂറോപ്യൻ യൂണിയൻ നേതൃത്വം പ്രതികരിച്ചു.
യൂറോപ്യൻ പീപ്പിൾസ് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സീഗ്ഫ്രൈഡ് മുറേസൻ സമൂഹ മാധ്യമത്തിലെ പോസ്റ്റിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
യുഎസുമായുള്ള വ്യാപാര കരാറിന് അതിവേഗത്തിൽ അംഗീകാരം നൽകാൻ യൂറോപ്യൻ യൂണിയൻ തയാറായതാണെന്ന് അദ്ദേഹം കുറിച്ചു. യുഎസിൽ നിന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള ഇറക്കുമതി തീരുവ രഹിതമാക്കാനായിരുന്നു നീക്കം.
എന്നാൽ പുതിയ സംഭവവികാസങ്ങളുടെ സാഹചര്യത്തിൽ യുഎസുമായുള്ള ചർച്ചകൾ തൽക്കാലം മരവിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലൈയിലാണ് യുഎസും യൂറോപ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര കരാർ ചർച്ചകൾ ആരംഭിച്ചത്. ട്രംപിന്റെ പുതിയ നീക്കത്തോടെ കരാറിന്റെ ഭാവിയെ സംബന്ധിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്.
ഗ്രീൻലൻഡ് യുഎസിന് വിൽക്കാൻ തയാറായില്ലെങ്കിൽ ഡെൻമാർക്ക് അടക്കമുള്ള യൂറോപ്യൻ യൂണിയനിലെ 8 അംഗരാജ്യങ്ങൾക്ക് മേൽ ഫെബ്രുവരി ഒന്ന് മുതൽ 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂൺ മുതൽ തീരുവ 25 ശതമാനമാക്കി ഉയർത്തും.
ചൈനയും റഷ്യയും മേഖലയിൽ ആധിപത്യം സ്ഥാപിക്കുകയാണെന്നും രാജ്യസുരക്ഷയ്ക്ക് ഗ്രീൻലൻഡ് യുഎസ് ഉടമസ്ഥതയിലാവേണ്ടത് അത്യാവശ്യമാണെന്നുമാണ് ട്രംപിന്റെ വാദം.
നാറ്റോയ്ക്ക് ഭീഷണി
ഡെൻമാർക്കിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡ് സ്വന്തമാക്കാൻ ഏറെക്കാലമായി ട്രംപ് ശ്രമിക്കുകയാണ്. ഗ്രീൻലൻഡിന്റെ തന്ത്രപരമായ സ്ഥാനവും ധാതുസമ്പത്തും യുഎസിന്റെ സുരക്ഷയ്ക്ക് അത്യാവശ്യമാണെന്നാണ് ട്രംപിന്റെ വാദം.
ഡെൻമാർക്കും യൂറോപ്യൻ യൂണിയനും ട്രംപിന്റെ നിർദേശം തള്ളിയിരുന്നു. വെനസ്വേലൻ മാതൃകയിൽ ട്രംപിന്റെ സൈനിക നടപടിയുണ്ടാകുമെന്ന ആശങ്കയെ തുടർന്ന് ജർമനി, സ്വീഡൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഗ്രീൻലൻഡിൽ ചെറിയ തോതിൽ സേനാ വിന്യാസവും നടത്തിയിട്ടുണ്ട്.
ഡെൻമാർക്കും ഗ്രീൻലൻഡിലെ സൈനിക സാനിധ്യം വർധിപ്പിച്ചു.
ട്രംപ് സൈനിക നടപടിയ്ക്ക് മുതിർന്നാൽ നോർത്ത് അറ്റ്ലാന്റിക്ക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) സഖ്യം തകരുമെന്നും ചില യൂറോപ്യൻ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ യുഎസിന് മേൽ കൂടുതൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനും യൂറോപ്യൻ യൂണിയൻ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ചില യുഎസ് ഉൽപന്നങ്ങൾക്ക് നൽകിയിരിക്കുന്ന തീരുവ ഇളവ് പിൻവലിക്കാനാണ് ഇയു നീക്കം.യൂറോപ്യൻ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികൾക്ക് പിഴ ചുമത്താനും നിരോധനം ഏർപ്പെടുത്താനുമുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
അങ്ങനെ വന്നാൽ ഗൂഗിൾ, മെറ്റ, എക്സ് തുടങ്ങിയ കമ്പനികൾക്ക് വലിയ തിരിച്ചടിയാകും.
ട്രംപിനെ വിശ്വസിക്കാൻ കൊള്ളില്ല
അതേസമയം, ട്രംപിന്റെ നീക്കം യുഎസിൽ യൂറോപ്യൻ ഉൽപന്നങ്ങളുടെ വില ഉയർത്താൻ മാത്രമേ ഉപകരിക്കൂ എന്ന് നിക്ഷേപക സ്ഥാപനമായ ക്യാപിറ്റൽ മൈൻഡ് സ്ഥാപകനും സിഇഒയുമായ ദീപക് ഷേണായ് പറഞ്ഞു. ലീഗോ, ഫെരാറി പോലുള്ള ഉൽപന്നങ്ങൾ 10–25 ശതമാനം വരെ വില വർധിക്കും.
നാറ്റോയുടെ തകർച്ചയിലേക്കും തര്ക്കങ്ങൾ നയിക്കും. രാജ്യാന്തര പങ്കാളിയെന്ന നിലയില് ട്രംപിനെ വിശ്വസിക്കാൻ കൊള്ളില്ല.
അദ്ദേഹവുമായി കരാറിലെത്താതിരിക്കലാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

