ന്യൂഡൽഹി∙ ഇന്ത്യ–ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) 27ന് ഡൽഹിയിൽ ഒപ്പിടും. വെറും 9 മാസത്തെ ചർച്ചയ്ക്കൊടുവിൽ റെക്കോർഡ് വേഗത്തിലാണ് കഴിഞ്ഞ ഡിസംബറിൽ കരാർ അന്തിമമാക്കിയത്.
ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ആണ് ഒപ്പിടുന്ന കാര്യം ആദ്യം പ്രഖ്യാപിച്ചത്.
കരാർ പ്രാബല്യത്തിൽ വരുന്ന ആദ്യ ദിവസം തന്നെ ഇന്ത്യയിൽ നിന്നു കയറ്റിയയയ്ക്കുന്ന എല്ലാ ഉൽപന്നങ്ങളും (8,284 ഇനങ്ങൾ) തീരുവരഹിതമാകും.
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് മേൽ നിലവിൽ ശരാശരി 2.2% തീരുവയാണ് ന്യൂസീലൻഡ് ചുമത്തുന്നത്. തുണിത്തരങ്ങൾ, സെറാമിക്സ്, ഓട്ടമൊബീൽ അടക്കം 450 ഇനങ്ങൾക്ക് ഏകദേശം 10% വരെ തീരുവ ഈടാക്കുന്നുണ്ട്.
പകരം, ന്യൂസീലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന 70.03% ഇനങ്ങൾക്കും (മൊത്തം ഇറക്കുമതി മൂല്യത്തിന്റെ 95%) തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും.
ഇന്ത്യയിലെ കർഷകരുടെയും വ്യവസായങ്ങളുടെയും താൽപര്യം സംരക്ഷിക്കുന്നതിനായി ക്ഷീര ഉൽപന്നങ്ങൾ, സവാള, പഞ്ചസാര, സുനന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ എണ്ണ, റബർ തുടങ്ങിയവയ്ക്ക് ഇന്ത്യ ഇളവു നൽകിയിട്ടില്ല.
കരാർ പ്രാബല്യത്തിലാകുന്ന ആദ്യ ദിവസം തന്നെ ന്യൂസീലൻഡിൽ നിന്നുള്ള 30% ഉൽപന്നങ്ങൾക്കും തീരുവ പൂർണമായും ഒഴിവാകും.
മരത്തടി, കമ്പിളി, ചെമ്മരിയാടിന്റെ മാംസം, ലെതർ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ന്യൂസീലൻഡ് ഉൽപന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ശരാശരി തീരുവ 16.2 ശതമാനമായിരുന്നത് ഘട്ടം ഘട്ടമായി 9.06 ശതമാനമാകും.
ഇന്ത്യയ്ക്കുള്ള നേട്ടങ്ങൾ
∙അടുത്ത 15 വർഷത്തിനിടയിൽ ന്യൂസിലൻഡിൽ നിന്ന് 2,000 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം.
∙പ്രതിവർഷം 1,667 ഇന്ത്യക്കാർക്ക് 3 വർഷത്തെ താൽക്കാലിക തൊഴിൽ വീസുകൾ.
1,446 വീസകൾ ന്യൂസീലൻഡിൽ ജീവനക്കാരെ കൂടുതൽ ആവശ്യമുള്ള 13 സ്കിൽഡ് മേഖലകളിലായിരിക്കും (ഉദാ: മെഡിക്കൽ, എൻജിനീയറിങ്, നിർമാണമേഖല തുടങ്ങിയവ). ബാക്കി 500 എണ്ണം യോഗാ അധ്യാപകർ, സംഗീതജ്ഞർ, ഷെഫുമാർ, ആയുർവേദ പ്രാക്ടീഷനർമാർ തുടങ്ങിയവർക്കായിരിക്കും.
ഏതുസമയത്തും ഇത്തരം വീസകളുടെ പരമാവധി എണ്ണം 5,000 ആയിരിക്കും.
∙ന്യൂസീലൻഡിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രതിവാരം 20 മുതൽ 25 മണിക്കൂർ വരെ ജോലി ചെയ്യാൻ അവസരം.
∙ന്യൂസീലൻഡിൽ ബിരുദം പൂർത്തിയാക്കിയവർക്ക് 2 വർഷവും പിഎച്ച്ഡി ചെയ്തവർക്ക് 4 വർഷവും അവിടെ ജോലി ചെയ്യാം. സയൻസ്, ടെക്നോളജി , എൻജിനീയറിങ് ആൻഡ് മാത്തമാറ്റിക്സ് (STEM) ബിരുദം ചെയ്തവർക്ക് 3 വർഷവും ലഭിക്കും.
∙ന്യൂസീലൻഡിൽ ഹ്രസ്വകാലത്തേക്കു വന്നു ജോലി ചെയ്യാനായി ഇന്ത്യക്കാർക്ക് ഓരോ വർഷവും 1,000 ‘വർക് ആൻഡ് ഹോളിഡേ’ വീസകൾ.
∙കിവി, ആപ്പിൾ, തേൻ ഉൽപാദനത്തിൽ ഇന്ത്യൻ കർഷകർക്ക് വൈദഗ്ധ്യം നൽകുന്നതിനായി ന്യൂസീലൻഡ് അഗ്രി–ടെക്നോളജി ആക്ഷൻ പ്ലാൻ.
∙ഇന്ത്യൻ മരുന്നുകൾക്ക് രാജ്യാന്തര ഏജൻസികൾ നൽകിയ ക്ലിയറൻസ് ന്യൂസീലൻഡ് അംഗീകരിക്കുമെന്നതിനാൽ അധിക പരിശോധനയും നൂലാമാലകളും ആവശ്യമായി വരില്ല.
(Disclaimer : വാർത്തയിലെ ചിത്രം മനോരമയുടേതല്ല.
ചിത്രം X.com / Christopher Luxon എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

