ആലപ്പുഴ ∙ സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഓട്ടോകാസ്റ്റിലെ സൗരോർജ നിലയം ഉദ്ഘാടനത്തിനു നാളെ രണ്ടാം വാർഷികമാകുമ്പോഴും ഈ നിലയത്തിൽ നിന്ന് ഒരിക്കൽ പോലും വൈദ്യുതി ഉപയോഗിക്കാനായിട്ടില്ല. 10.33 കോടി രൂപ ചെലവിട്ടു നിർമിച്ച സൗരോർജ നിലയം 2024 ജനുവരി 19നാണു മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തത്.
സൗരോർജ നിലയത്തിലെ സോളർ പാനലുകൾ ഇതിനകം തകരാറിലാകുകയും ചെയ്തു.8000 യൂണിറ്റോളം വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന സൗരോർജ നിലയമാണ് ഇൻകെലിന്റെ നേതൃത്വത്തിൽ ഓട്ടോകാസ്റ്റിൽ സ്ഥാപിച്ചത്.
8.85 ഏക്കറിൽ 5000 സോളർ പാനലുകളാണ് ഇൻകെൽ സ്ഥാപിച്ചത്. ട്രാൻസ്ഫോമർ സംവിധാനവും സജ്ജമാക്കി.
സൗരോർജ നിലയം ഉദ്ഘാടനം ചെയ്തെങ്കിലും ഇൻകെലിനു പണം പൂർണമായി നൽകാത്തതിനാൽ സൗരോർജ നിലയത്തിൽ നിന്നുള്ള വൈദ്യുതി ഉപയോഗിക്കാനുള്ള സജ്ജീകരണം വൈകിയാണു സജ്ജമാക്കിയത്. കെഎസ്ഇബിയുടെ ഗ്രിഡ് കണക്ടിവിറ്റി കിട്ടാത്തതിനാൽ ഒരു വർഷത്തോളം സൗരോർജ നിലയത്തിൽ നിന്നുള്ള വൈദ്യുതി ഉപയോഗിക്കാനായിരുന്നില്ല.
കഴിഞ്ഞവർഷം ഗ്രിഡ് കണക്ടിവിറ്റി ലഭിച്ചപ്പോഴേക്കും സോളർ പാനലുകളും കേബിളുകളും പ്രവർത്തനരഹിതമായി. നിലവിൽ ഇൻകെൽ ഇവയുടെ അറ്റകുറ്റപ്പണി നടത്തുകയാണ്.
സോളർ പാനലുകൾ ഓട്ടോകാസ്റ്റിൽ എത്തിച്ചു രണ്ടു വർഷം കഴിഞ്ഞാണ് അവ സ്ഥാപിച്ചത്.
തുടർന്നു ട്രാൻസ്ഫോമർ സൗകര്യം സജ്ജമാക്കി ഉദ്ഘാടനം നടത്താനും സമയമെടുത്തു. ഫലത്തിൽ ഉൽപാദനമില്ലെങ്കിലും പാനലുകൾക്ക് അഞ്ചു വർഷത്തോളം പഴക്കമായി.
ഇതാണു പാനലുകളും കേബിളുകളും കേടാകാൻ കാരണമെന്നാണ് ഓട്ടോകാസ്റ്റിലെ ജീവനക്കാരുടെ വിലയിരുത്തൽ.സൗരോർജ നിലയം പ്രവർത്തിച്ചു തുടങ്ങുമ്പോൾ ഓരോ മാസവും 10 ലക്ഷം രൂപ വൈദ്യുതി ചാർജ് ഇനത്തിൽ ഓട്ടോകാസ്റ്റിനു ലാഭിക്കാം, മുടക്കുമുതലായ 10.33 കോടി രൂപ 9 വർഷം കൊണ്ടു തിരിച്ചുപിടിക്കാം എന്നായിരുന്നു കണക്കുകൂട്ടൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

