കൊച്ചി ∙ നഗരത്തിൽ മത്സരയോട്ടം നടത്തുന്ന സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ ഷാഡോ പൊലീസിനെ നിയോഗിക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ നിർദേശം. സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കാനും സ്വകാര്യ ബസുകളിൽ ഷാഡോ പൊലീസിനെ വിന്യസിക്കുന്നതിന്റെ പ്രായോഗികത പരിശോധിച്ചു നടപടിയെടുക്കാനും മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സിറ്റി പൊലീസ് കമ്മിഷണർക്കു നിർദേശം നൽകി.
വഴിയടച്ചു വാഹനം നിർത്തിയും മറ്റു വാഹനങ്ങൾക്കിടയിലൂടെ കുത്തിക്കയറ്റിയും മണിക്കൂറുകൾ നീളുന്ന ഗതാഗതതടസ്സം സൃഷ്ടിക്കുന്ന സ്വകാര്യ ബസുകളെക്കുറിച്ചുള്ള പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണു നടപടി.
സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണം ടൗൺഹാൾ ജംക്ഷനിലും കളമശേരിയിലുമുണ്ടായ അപകടങ്ങളിൽ ആളുകൾ മരിച്ച സംഭവങ്ങളിൽ കമ്മിഷൻ നേരത്തേ സ്വമേധയാ കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു.
പരാതികളെക്കുറിച്ച് പൊലീസ് അസി. കമ്മിഷണർ (ട്രാഫിക്), ജോയിന്റ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ എന്നിവർ അന്വേഷിക്കണം.
റോഡിന്റെ ഇടതുവശം ചേർന്നല്ലാതെ നിർത്തി യാത്രക്കാരെ കയറ്റുക, ലെയ്ൻ ട്രാഫിക് പാലിക്കാതിരിക്കുക, ജംക്ഷനുകളിൽ ഫ്രീ ലെഫ്റ്റ് അനുവദിക്കാതെ വഴിതടഞ്ഞു വാഹനം നിർത്തുക, നിശ്ശബ്ദ സോണിൽ നിരോധിത ഹോൺ ഉപയോഗിക്കുക, ഇടതുവശം ചേർന്ന് ഓവർടേക്ക് ചെയ്യുക, ലഹരി ഉപയോഗിച്ചു വാഹനമോടിക്കുക, മറ്റു വാഹനങ്ങളുടെ ഡ്രൈവർമാരെ ഭയപ്പെടുത്തുക തുടങ്ങി ഒട്ടേറെ പരാതികൾ സ്വകാര്യ ബസ് ജീവനക്കാരെ കുറിച്ചുണ്ടായിട്ടുണ്ട്.
പരാതികളുണ്ടായിട്ടും പൊലീസ് നിർജീവമാണെന്നാണ് ആക്ഷേപം. ഇത്തരം പരാതികൾ ഗൗരവമായി പരിശോധിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണം വൈറ്റില, ഇടപ്പള്ളി, കലൂർ, പാലാരിവട്ടം എന്നിവിടങ്ങളിലുണ്ടാകുന്ന ഗതാഗതക്കുരുക്കും പരിശോധിക്കണം. സ്വകാര്യ ബസുകൾ നടത്തുന്ന നിയമ ലംഘനങ്ങൾ കുറയ്ക്കാൻ ശക്തമായ നടപടികൾ സിറ്റി പൊലീസ് കമ്മിഷണറും ആർടിഒയും സ്വീകരിക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു.
റോഡ് സുരക്ഷാ കമ്മിഷണർ ആവശ്യമായ നിർദേശങ്ങൾ മോട്ടർ വാഹന വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർക്കു നൽകണം.
സിറ്റി പൊലീസ് കമ്മിഷണർ, ആർടിഒ, റോഡ് സുരക്ഷാ കമ്മിഷണർ എന്നിവർ ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. 22ന് 10നു പത്തടിപ്പാലം റെസ്റ്റ്ഹൗസിൽ നടക്കുന്ന കമ്മിഷന്റെ സിറ്റിങ്ങിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

