പാലക്കാട് ∙ പുതുവർഷം പിറന്നശേഷം 15 ദിവസത്തിനിടെ ജില്ലയിലുണ്ടായത് 49 വാഹനാപകടങ്ങൾ. 12 പേർ മരിച്ചു.
51 പേർക്കു പരുക്കേറ്റു. കഴിഞ്ഞ വർഷം 2,253 അപകടങ്ങളിലായി 321 പേരാണു മരിച്ചത്.
2,506 പേർക്കു പരുക്കേറ്റു. ഇതിൽ 212 പേരുടെ നില ഗുരുതരമാണ്.
അതേസമയം, മുൻ വർഷങ്ങളെ അപേക്ഷിച്ചു ജില്ലയിൽ കഴിഞ്ഞ വർഷം അപകടങ്ങളുടെ എണ്ണം കുറഞ്ഞതായി ആർടിഒ സി.യു.മുജീബ് അറിയിച്ചു.
അപകടത്തിൽ മരിച്ചത് 41 കാൽനടയാത്രക്കാർ
ജില്ലയിൽ കഴിഞ്ഞ വർഷം 41 കാൽനടയാത്രക്കാരാണു വാഹനമിടിച്ചു മരിച്ചത്. കൂടുതലും ദേശീയപാതകളിൽ. വാഹനമോടിക്കുന്നവരുടെ അശ്രദ്ധയും അമിതവേഗവുമാണ് അപകടകാരണമായതെന്നാണു പൊലീസ് റിപ്പോർട്ട്.
സംസ്ഥാനപാതകളിൽ സിഗ്നൽ തെറ്റിച്ച വാഹനങ്ങളിടിച്ചാണു കൂടുതൽ പേർ മരിച്ചത്. ആവശ്യത്തിനു സീബ്രാ ലൈനില്ലാത്തതും പലയിടത്തും മാഞ്ഞുപോയതും പ്രശ്നമായി മോട്ടർ വാഹന വകുപ്പു ചൂണ്ടിക്കാട്ടുന്നു.
അപകടങ്ങൾ കൂടുതലും പുലർച്ചെ
ജില്ലയിൽ 60% വാഹനാപകടങ്ങളും നടക്കുന്നതു പുലർച്ചെ 2 മുതൽ 5 വരെയുള്ള സമയത്താണെന്നു മോട്ടർ വാഹന വകുപ്പു പറയുന്നു. കഴിഞ്ഞ വർഷം നടന്ന 2,253 അപകടങ്ങളിൽ 1,334 അപകടങ്ങളും നടന്നതു പുലർച്ചെയാണ്.
ദേശീയപാതകളിലാണു കൂടുതലും. സംസ്ഥാനപാതകളിൽ രാത്രി 8 മുതൽ 12 വരെയുള്ള സമയത്താണു കൂടുതൽ അപകടങ്ങൾ.
ഇരുചക്ര വാഹനങ്ങളാണ് ഈ സമയങ്ങളിൽ അപകടത്തിൽപെടുന്നതിൽ കൂടുതൽ.
രാത്രിയാത്ര ആവശ്യമായി വന്നാൽ മതിയായ ഉറക്കം ലഭിച്ച ശേഷമേ പുറപ്പെടാവൂ. യാത്രാവേളയിൽ ഉറക്കം വന്നാൽ വാഹനം ഒതുക്കി നിർത്തി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വിശ്രമിച്ച ശേഷം യാത്ര തുടരുന്നതാണു നല്ലതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
സർവീസ് റോഡുകൾ കൃത്യമായി ഉപയോഗിക്കാതെ ദേശീയപാതയിൽ എതിർദിശയിലൂടെ വരുന്ന വാഹനങ്ങളും അപകടമുണ്ടാക്കുന്നുണ്ട്.
സമഗ്ര പദ്ധതികളുമായി റോഡ് സുരക്ഷാ കമ്മിറ്റി
ദേശീയപാത അതോറിറ്റിയുമായി ചേർന്നു വാഹനാപകടം കുറയ്ക്കാനുള്ള സമഗ്ര പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ജില്ലാ റോഡ് സുരക്ഷാ കമ്മിറ്റി. കഴിഞ്ഞ ഒക്ടോബറിൽ റോഡ് സുരക്ഷാ കമ്മിറ്റി മുന്നോട്ടുവച്ച 25 നിർദേശങ്ങളിൽ 12 എണ്ണവും ഈ വർഷം തന്നെ നടപ്പാക്കാനാണു നീക്കം. ദേശീയപാത അതോറിറ്റിയുമായി ചേർന്നാണു കൂടുതൽ പദ്ധതികളും. അപകടസാധ്യതയുള്ള 36 ബ്ലാക്ക് സ്പോട്ടുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും.
ഇതിന്റെ ഭാഗമായി നാളെ റോഡ് സുരക്ഷാ കമ്മിറ്റി യോഗം ചേരും.
ജില്ലയിലെ ഹോട്ട് സ്പോട്ടുകൾ
∙ വാളയാർ വട്ടപ്പാറ ∙ വൈസ് പാർക്ക് ∙ പഞ്ചായത്ത് ഓഫിസ് ജംക്ഷൻ ∙ ആശുപത്രി ജംക്ഷൻ ∙ പുതുശ്ശേരി കുരുടിക്കാട് ∙ മരുതറോഡ് ജംക്ഷൻ ∙ ചന്ദ്രനഗർ ജംക്ഷൻ ∙ മണപ്പുള്ളി ജംക്ഷൻ ∙ യാക്കര കടുന്തുരുത്തി ∙ കാഴ്ചപ്പറമ്പ് ജംക്ഷൻ ∙ ചിതലി പാലം ∙ കണ്ണനൂർ ∙ ആലത്തൂർ സ്വാതി ജംക്ഷൻ ∙ മംഗലംപാലം ∙ അഞ്ചുമൂർത്തി മംഗലം ∙ മണലി പലാൽ ജംക്ഷൻ ∙ ഒലവക്കോട് താണാവ് വളവ് ∙ മുട്ടിക്കുളങ്ങര വളവ് ∙ മുണ്ടൂർ ജംക്ഷൻ ∙ കല്ലടിക്കോട് അയ്യപ്പൻകാവിനു സമീപം ∙ തുപ്പനാട് പാലം ∙ പനയംപാടം വളവ് ∙ മുട്ടിക്കൽകണ്ടം ∙ എടായ്ക്കൽ ∙ മണ്ണാർക്കാട് നൊട്ടമല വളവ് ∙ കൊടയ്ക്കാട് മാരാട്ടുകുണ്ട് ∙ നാട്ടുകൽ പാറപ്പുറം ∙ പാലപ്പുറം ചിനക്കത്തൂർക്കാവ് പരിസരം ∙ പത്തൊൻപതാം മൈൽ ∙ മേലേ പട്ടാമ്പി ∙ എഴക്കാട് ∙ ചിറ്റിലഞ്ചേരി ജംക്ഷൻ ∙ നെന്മാറ കരിങ്കുളം ∙ കൊഴിഞ്ഞാമ്പാറയ്ക്കും അത്തിക്കോടിനും ഇടയിൽ ∙ ചിറ്റൂർ പുഴപ്പാലം വളവ് ∙ കൊടുവായൂർ തണ്ണിശ്ശേരി.
ഈ വർഷം 12 പുതിയ മേൽപാലങ്ങൾ
വാളയാർ – വടക്കഞ്ചേരി ദേശീയപാതയിൽ അപകടസാധ്യതയുള്ള ബ്ലാക്ക് സ്പോട്ടുകളായി റോഡ് സുരക്ഷാ അതോറിറ്റി കണ്ടെത്തിയ 12 ഇടങ്ങളിൽ ഈ വർഷം മേൽപാലങ്ങൾ പൂർത്തിയാക്കുമെന്നു ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. കാഴ്ചപ്പറമ്പ്, കുഴൽമന്ദം, ആലത്തൂർ സ്വാതി ജംക്ഷൻ എന്നിവിടങ്ങളിൽ മൂന്നു മേൽപാലങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്.
ഏപ്രിലിൽ പൂർത്തിയാക്കും.
കഞ്ചിക്കോട് വൈസ് പാർക്ക്, മലബാർ ഹോട്ടൽ ജംക്ഷൻ, കഞ്ചിക്കോട്, കുരുടിക്കാട്, പുതുശ്ശേരി, ചന്ദ്രനഗർ, കണ്ണനൂർ, ചിതലി പാലം, ഇരട്ടക്കുളം എന്നിവിടങ്ങളിലും മേൽപാലം നിർമിക്കും. ഏപ്രിലിൽ പ്രവൃത്തികൾ തുടങ്ങാനാണു നീക്കം. ചന്ദ്രനഗറിലെ മേൽപാലത്തിന്റെ നിർമാണം മാർച്ചിൽ ആരംഭിക്കും.
നിലവിൽ വടക്കഞ്ചേരിയിൽ നിന്നു വാളയാർ ഭാഗത്തേക്കു പോകാനാണു മേൽപാലമുള്ളത്. വാളയാറിൽ നിന്നു വടക്കഞ്ചേരി ഭാഗത്തേക്കു പോകാനും മേൽപാലം നിർമിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

