പീരുമേട്∙ ദേശീയപാതയോരത്ത് വൈദ്യുതി വകുപ്പിന്റെ 10 ഏക്കറോളം വരുന്ന ഭൂമി കയ്യേറ്റ ഭീഷണിയിൽ. അഴുത ടണൽ നിർമാണത്തിനായി പൊന്നുംവില നൽകി ബോർഡ് വാങ്ങിയ സ്ഥലമാണ് സംരക്ഷിക്കാതെ കിടക്കുന്നത്.
അഴുത ഡൈവേർഷൻ പദ്ധതി പൂർത്തിയതിനു ശേഷം മിച്ചം വന്ന ഭൂമിക്ക് ഇപ്പോൾ കോടിക്കണക്കിനു രൂപയുടെ മൂല്യമുണ്ട്.
എന്നാൽ അതിരുകൾ തിരിച്ചു സംരക്ഷണം വേലി നിർമിക്കുന്നതിനോ കാടുവെട്ടിത്തെളിക്കുന്നതിനോ കഴിഞ്ഞിട്ടില്ല. ഇതിൽ കാപ്പി കൃഷിയുള്ള ഭാഗം പാട്ടത്തിന് നൽകിയിരിക്കുകയാണ്.
എന്നാൽ ദേശീയ പാതയോരത്തെ കെട്ടിടവും ഇതിനോടു ചേർന്ന 5 ഏക്കർ ഭൂമിയും സംരക്ഷിക്കപ്പെടുന്നില്ല. പീരുമേട്ടിൽ വൻ തോതിൽ സർക്കാർ സ്ഥലങ്ങൾ കയ്യേറ്റം വഴി നഷ്ടപ്പെട്ടിട്ടുണ്ട്.
കുട്ടിക്കാനത്ത് കെഎപി അഞ്ചാം ബറ്റാലിയന്റെ 300 ഏക്കർ സ്ഥലം കയ്യേറ്റം വഴി നഷ്ടപ്പെട്ടു.
ആഭ്യന്തര വകുപ്പ് സ്ഥലം തിരിച്ചു പിടിക്കാൻ വർഷങ്ങളായി ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞിട്ടില്ല. ഇത്തരം സാഹചര്യം നിലനിൽക്കെ ഭൂമി സംരക്ഷിക്കാൻ ചെറുവിരലനക്കാത്ത ബോർഡിന്റെ നിലപാടിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.
വൈദ്യുതി ഭവൻ അട്ടിമറിക്കപ്പെട്ടു
ദേശീയ പാതയോരത്ത്, വൈദ്യുതി ബോർഡിന്റെ സ്ഥലത്ത് മൂന്ന് നിലകളിൽ വൈദ്യുതി ഭവൻ നിർമിക്കാനുള്ള പദ്ധതി ഫയലിൽ പൂഴ്ത്തി. ഉന്നത തലത്തിൽ നിന്നുള്ള നിർദേശത്തെത്തുടർന്ന് ബോർഡിന്റെ സിവിൽ വിഭാഗം 2018ൽ ഇവിടെയെത്തി സ്ഥലം പരിശോധിച്ച് ഉറപ്പാക്കുകയും നിർമാണത്തിനായി പ്ലാൻ സമർപ്പിക്കുകയും ചെയ്തിരുന്നു.
സെക്ഷൻ ഓഫിസ്, സബ് ഡിവിഷൻ ഓഫിസ് എന്നിവ ഒരു സമുച്ചയത്തിന്റെ കീഴിൽ എത്തിക്കുകയുമായിരുന്നു ലക്ഷ്യം.
കൂടാതെ, ടൂറിസം സാധ്യതകൾ കണക്കിലെടുത്ത് ഒരു നില ഡോർമിറ്ററി നിർമാണത്തിനായി മാറ്റി വയ്ക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, പ്രാരംഭഘട്ട
ചർച്ചകൾക്കു ശേഷം പദ്ധതി ഒരിഞ്ചു പോലും മുന്നോട്ടു നീങ്ങിയില്ല.
ബോർഡിലെ തന്നെ ഒരു വിഭാഗം ഉദ്യോഗസ്ഥർ പദ്ധതി അട്ടിമറിക്കുകയായിരുന്നു എന്നാണ് പരാതി. വൈദ്യുതി ഭവനുമില്ല, കൈവശമുള്ള സ്ഥലവും നഷ്ടമാകുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

