രാജകുമാരി∙ അർഹതയുള്ളവർക്കു പട്ടയം നൽകുമെന്ന ജനപ്രതിനിധികളുടെ വാഗ്ദാനം യാഥാർഥ്യമാകാത്തതിൽ മലയോര മേഖലയിൽ കുടുംബങ്ങൾ ആശങ്കയിൽ. കഴിഞ്ഞദിവസം ചിന്നക്കനാൽ ഷൺമുഖവിലാസത്ത് ലൈഫ് പദ്ധതിയിൽ വീട് നിർമിക്കാൻ തറ കെട്ടിയ 3 സെന്റ് ഭൂമി ഒഴിപ്പിക്കാനെത്തിയ റവന്യു സംഘത്തെ നാട്ടുകാർ തടഞ്ഞിരുന്നു.
സർവേ നമ്പർ 34–1ൽ ഉൾപ്പെടുന്ന ഷൺമുഖവിലാസത്ത് മാത്രം 62 കേസുകളാണ് ഭൂസംരക്ഷണ നിയമപ്രകാരം റവന്യു വകുപ്പ് എടുത്തിട്ടുള്ളത്. ചിന്നക്കനാൽ വില്ലേജിൽ മാത്രം പതിനായിരത്തോളം കുടുംബങ്ങൾ പട്ടയമില്ലാത്ത കൈവശ ഭൂമിയിൽ വീട് വച്ചും കൃഷി ചെയ്തും കഴിയുന്നുണ്ടെന്നാണു വിവരം.
ഇവരെല്ലാം ഒഴിപ്പിക്കൽ ഭീഷണിയിലുമാണ്.
അതേസമയം, ചിന്നക്കനാൽ മുത്തമ്മ കോളനിയിൽ പതിറ്റാണ്ടുകളായി കൈവശ ഭൂമിയിൽ കൃഷി ചെയ്തും വീട് വച്ചും കഴിയുന്ന മുന്നൂറിലധികം പേർക്ക് കെഎൽആർ നിയമപ്രകാരം ഭൂമിക്കു പട്ടയം നൽകാൻ റവന്യു വകുപ്പ് തത്വത്തിൽ തീരുമാനമെടുത്തിരുന്നു. ഇതേ മാതൃകയിൽ പതിറ്റാണ്ടുകളായി ഭൂമി കൈവശം വച്ചിരിക്കുന്ന സാധാരണക്കാർക്ക് അർഹതയനുസരിച്ചു പട്ടയം നൽകിയാൽ ഇൗ പ്രശ്നത്തിന് പരിഹാരമാകും.
ഭൂസംരക്ഷണ നിയമ പ്രകാരം പലരും പതിറ്റാണ്ടുകളായി ഭൂമി കൈവശം വച്ചിരിക്കുന്നവരാണ്.
സർക്കാർ ഭൂമിയിൽ സമീപകാലത്തുണ്ടായ കയ്യേറ്റങ്ങൾ മാത്രമാണ് റവന്യു വകുപ്പിന് ഒഴിപ്പിക്കാൻ കഴിയുന്നത്. എന്നാൽ 3 മുതൽ 5 സെന്റ് വരെയുള്ള കൈവശ ഭൂമിയിൽ വീടു വച്ച് താമസിക്കുന്ന സാധാരണക്കാരെ കൂടാതെ ഏക്കർ കണക്കിന് സർക്കാർ ഭൂമി കയ്യേറിയവരും ഉണ്ടെന്ന് റവന്യു വകുപ്പ് വ്യക്തമാക്കുന്നു. ഇത്തരം വൻകിട
കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കേണ്ടതെന്നാണ് ഉദ്യോഗസ്ഥരുടെയും അഭിപ്രായം.
വകുപ്പുകൾക്ക് വ്യത്യസ്ത നിലപാട്
സർക്കാർ ഭൂമിയിൽ വീട് വച്ചും കൃഷി ചെയ്തും താമസിക്കുന്ന സാധാരണക്കാർക്ക് ഭൂമി പതിച്ചു നൽകുന്ന കാര്യത്തിൽ വിവിധ വകുപ്പുകൾ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. പല സ്ഥലത്തും പഞ്ചായത്ത് കൈവശ ഭൂമിയിലെ കെട്ടിടങ്ങൾക്ക് കെട്ടിട
നമ്പർ അനുവദിച്ചിട്ടുണ്ട്. കെട്ടിടനമ്പർ ലഭിച്ച വീടുകൾക്ക് വൈദ്യുത കണക്ഷനും റേഷൻ കാർഡുമുണ്ട്.
എന്നാൽ, ഇതാെന്നും പരിഗണിക്കാതെയാണു റവന്യു വകുപ്പ് ഭൂസംരക്ഷണ നിയമപ്രകാരം നടപടികൾ സ്വീകരിക്കുന്നത്. കൈവശ ഭൂമിക്ക് പട്ടയം നൽകുന്നതിൽ വിവിധ വകുപ്പുകൾ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ഇവർക്ക് ഭൂമി പതിച്ചു നൽകുന്നതിൽ തടസ്സമാകുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

